India

മാറ്റൊരു ബാങ്കിംഗ് തട്ടിപ്പ്; 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെ കബളിപ്പിച്ച് 34000 കോടി രൂപ തട്ടിച്ച ധീരജ് വാധവാന്‍ അറസ്റ്റില്‍

രാജ്യം കണ്ട മറ്റൊരു വലിയ ബാങ്കിംഗ് വായ്പ തട്ടിപ്പെന്ന് വിശേഷിപ്പിക്കുന്ന ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഡിഎച്ച്എഫ്എല്‍) തട്ടിപ്പില്‍ ധീരജ് വാധവാനെ അറസ്റ്റു ചെയ്തു സിബിഐ. 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് 34,000 കോടി രൂപയുടെ തട്ടിപ്പാണ് മുന്‍ ഡിഎച്ച്എഫ്എല്‍ പ്രൊമോട്ടര്‍മാരും സഹോദരങ്ങളുമായ ധീരജ് വാധവാനും കപില്‍ വാധവാനും നടത്തിയതെന്ന് കണ്ടെത്തിയത്. സിബിഐ സംഘം ഇന്നലെയാണ് ധീരജ് വധാവനെ അറസ്റ്റ് ചെയ്തത്.

22 ലക്ഷം രൂപയുടെ കുടിശ്ശിക വീണ്ടെടുക്കാനുള്ള ശ്രമത്തില്‍, മുന്‍ ഡിഎച്ച്എഫ്എല്‍ പ്രൊമോട്ടര്‍മാരായ ധീരജിന്റെയും കപില്‍ വാധവന്റെയും ബാങ്ക് അക്കൗണ്ടുകള്‍, ഓഹരികള്‍, മ്യൂച്വല്‍ ഫണ്ട് ഹോള്‍ഡിംഗുകള്‍ എന്നിവ അറ്റാച്ച്മെന്റ് ചെയ്യാന്‍ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) 2021 ഫെബ്രുവരിയില്‍ ഉത്തരവിട്ടിരുന്നു.

മുമ്പ് 2022ല്‍, ഈ കേസില്‍ ഉള്‍പ്പെട്ടതിന് കേന്ദ്ര ഏജന്‍സി വധവാനെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. നേരത്തെ, യെസ് ബാങ്ക് അഴിമതി അന്വേഷണത്തില്‍ വാധവാനെ സിബിഐ കസ്റ്റഡിയിലെടുത്ത് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ വാധവാന്‍ സഹോദരന്മാര്‍ ചുമത്തിയ പിഴ തീര്‍പ്പാക്കാന്‍ അവസരം നല്‍കിയിരുന്നു. തുക അടയ്ക്കാന്‍ കഴിയാതെ വന്നതോടെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ബാങ്കിംഗ് തട്ടിപ്പ് കേസില്‍ കപില്‍ വധവാന്‍ നിലവില്‍ മുബൈയിലെ ജയിലിലാണ്.

തട്ടിപ്പ് എങ്ങനെ

2010-നും 2018-നും ഇടയില്‍ ഡിഎച്ച്എഫ്എല്ലിന് 42,871 കോടി രൂപയുടെ വായ്പാ സൗകര്യം അനുവദിച്ച 17 അംഗ വായ്പാ കണ്‍സോര്‍ഷ്യത്തിലെ പ്രധാന ധനകാര്യ സ്ഥാപനമായ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതിയിലാണ് വാധവാന്‍മാര്‍ക്കും മറ്റുള്ളവര്‍ക്കുമെതിരെ സിബിഐ കേസെടുത്തത്. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെ വഞ്ചിക്കാന്‍ ക്രിമിനല്‍ ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടു. പ്രസ്തുത ഗൂഢാലോചനയുടെ അടിസ്ഥാനത്തില്‍, കപില്‍ വധവാനും മറ്റുള്ളവരും ചേര്‍ന്ന് 42,871.42 കോടി രൂപയുടെ വന്‍ വായ്പകള്‍ അനുവദിക്കാന്‍ കണ്‍സോര്‍ഷ്യം ബാങ്കുകളെ പ്രേരിപ്പിച്ചുവെന്നതടക്കം കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ഉള്ളതെന്ന് സി.ബി.ഐ അറിയിച്ചു. പ്രാരംഭ പിഴയും പലിശയും റിക്കവറി ചെലവും ഉള്‍പ്പെടുന്ന 10.6 ലക്ഷം രൂപ വീതം വാധവാന്‍മാരുടെ കുടിശികയില്‍ ഉള്‍പ്പെടും. 2023 ജൂലൈയില്‍, അന്നത്തെ ഡിഎച്ച്എഫ്എല്‍ പ്രമോട്ടര്‍മാരായ (ഇപ്പോള്‍ പിരമല്‍ ഫിനാന്‍സ്) വാധവാന്‍ സഹോദരന്മാര്‍ക്കെതിരെ സെബി 10 ലക്ഷം രൂപ വീതം പിഴ ചുമത്തി. ബാങ്കുമായി ബന്ധപ്പെട്ട പലകാര്യങ്ങളും വെളിപ്പെടുത്താതിരുന്ന വധാവാന്‍ സഹോദരന്മാര്‍ക്ക് പിഴ ചുമത്തുകയായിരുന്നു.

ഫണ്ട് വക മാറ്റിയത് വ്യാജ രേഖകള്‍ ചമച്ച്

പൊതുപണം ഉപയോഗിച്ച് കപിലിനും ധീരജ് വാധവാനും ആസ്തി ഉണ്ടാക്കാന്‍ സാമ്പത്തിക ക്രമക്കേടുകളും ഫണ്ട് വകമാറ്റിയും വ്യാജ രസീതുകളും, റൗണ്ട് ട്രിപ്പ് ഫണ്ടുകളും നടത്തിയെന്ന് സിബിഐ. ലോണ്‍ അക്കൗണ്ടുകള്‍ വിവിധ സമയങ്ങളില്‍ വായ്പ നല്‍കുന്ന ബാങ്കുകള്‍ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിച്ചിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2019 ജനുവരിയില്‍ ഡിഎച്ച്എഫ്എല്‍ അന്വേഷണത്തിന് വിധേയമായപ്പോള്‍, ഫണ്ട് തട്ടിയെടുത്തു എന്ന ആരോപണത്തെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

വായ്പ നല്‍കുന്ന ബാങ്കുകള്‍ ഫെബ്രുവരി 1, 2019 ന് ഒരു മീറ്റിംഗ് നടത്തി, 2015 ഏപ്രില്‍ 1 മുതല്‍ ഡിഎച്ച്എഫ്എല്ലിന്റെ ‘പ്രത്യേക അവലോകന ഓഡിറ്റ്’ നടത്താന്‍ കെപിഎംജിയെ നിയമിച്ചു. ഡിസംബര്‍ 31, 2018 വരെ. ഡിഎച്ച്എഫ്എല്ലിന്റെയും അതിന്റെ ഡയറക്ടര്‍മാരുടെയും ബന്ധപ്പെട്ടതും പരസ്പരബന്ധിതവുമായ സ്ഥാപനങ്ങളിലേക്കും വ്യക്തികളിലേക്കും ലോണുകളുടെയും അഡ്വാന്‍സുകളുടെയും പേരില്‍ ഫണ്ട് വഴിതിരിച്ചുവിടുന്നത് ഓഡിറ്റ് ചൂണ്ടിക്കാട്ടി.

 

ഡിഎച്ച്എഫ്എല്‍ പ്രൊമോട്ടര്‍മാരുമായി സാമ്യമുള്ള 66 സ്ഥാപനങ്ങള്‍ക്ക് 29,100 കോടി രൂപ വിതരണം ചെയ്തതായും ഇതില്‍ 29,849 കോടി രൂപ കുടിശ്ശികയായി തുടരുന്നതായും അക്കൗണ്ട് ബുക്കുകളുടെ സൂക്ഷ്മപരിശോധനയില്‍ തെളിഞ്ഞതായി സിബിഐ ആരോപിച്ചു. ഇത്തരം സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ഇടപാടുകളില്‍ ഭൂരിഭാഗവും റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്തിയതായിരുന്നുവെന്ന് സിബിഐ അറിയിച്ചു.

വധാന്മാരും ഡിഎച്ച്എഫ്എല്ലും തമ്മിലുള്ള ബന്ധം

ഡിഎച്ച്എഫ്എല്ലില്‍ കപില്‍ വാധവാന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി സേവനമനുഷ്ഠിച്ചു, ധീരജ് വാധവാന്‍ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. രണ്ട് സഹോദരന്മാരും ഡിഎച്ച്എഫ്എല്‍ അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡില്‍ അംഗങ്ങളായിരുന്നു. അതിനിടെ, ആരോഗ്യ കാരണങ്ങളാല്‍ ധീരജ് വാധവാന്റെ ജാമ്യാപേക്ഷയില്‍ കഴിഞ്ഞ ശനിയാഴ്ച ഡല്‍ഹി ഹൈക്കോടതി സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ)ക്ക് നോട്ടീസ് അയച്ചു.

മെഡിക്കല്‍ കാരണങ്ങളാല്‍ വിചാരണക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് വാധവാന്‍ ഹൈക്കോടതിയെ സമീപിച്ചത്. നിലവില്‍, നട്ടെല്ലിലെ ശസ്ത്രക്രിയയെ തുടര്‍ന്ന് വാധവാന്‍ മുംബൈയിലെ വസതിയില്‍ സുഖം പ്രാപിച്ചുവരികയാണ്. മെയ് 17 വെള്ളിയാഴ്ച്ച വാദം കേള്‍ക്കുമ്പോള്‍ വിശദാംശങ്ങള്‍ അറിയിക്കാന്‍ ജസ്റ്റിസ് ജ്യോതി സിംഗ് സിബിഐയോട് ഉത്തരവിട്ടു.