പത്തനംതിട്ട : പതിനാലുകാരനെ കാണാതായി. മല്ലപ്പള്ളി മഞ്ഞത്താനം സ്വദേശി അഭിലാഷിന്റെ മകൻ ആദിത്യനെയാണ് കാണാതായത്. ഇന്നലെ രാവിലെ ട്യൂഷന് പോകുന്നു എന്ന് പറഞ്ഞ് പോയ കുട്ടി പിന്നീട് മടങ്ങിയെത്തിയില്ല. കുട്ടിയുടെ സൈക്കിൾ മല്ലപ്പള്ളി ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നും കണ്ടെത്തി.
വീട്ടിൽ ഒരു കത്തെഴുതി വച്ചതിന് ശേഷമാണ് കുട്ടി പോയത്. ‘ഞാൻ സിനിമയിൽ അഭിനയിക്കാൻ പോവുകയാണ് അഞ്ച് വർഷം കഴിഞ്ഞ് മടങ്ങിയെത്തും. ജോലി ചെയ്ത് പണമുണ്ടാക്കണം. അഭിനയവും എഴുത്തുമാണ് എനിക്ക് ഇഷ്ടം. അഞ്ച് വർഷം കഴിഞ്ഞ് ടിവിയിൽ കാണാം. മാതാപിതാക്കൾക്കായി എന്തെങ്കിലും ചെയ്യണമെന്നും കത്തിൽ പറയുന്നു.’
കുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ ട്യൂഷൻ സെന്ററിലും പോകാൻ സാധ്യതയുള്ള മറ്റ് സ്ഥലങ്ങളിലും അന്വേഷിച്ചു. ഒടുവിൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കീഴ്വായ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.