India

ബിജെപിയുടെ ശ്രമം പ്രതിപക്ഷ പാര്‍ട്ടികളുടെ വായ്മൂടിക്കെട്ടി സ്വേച്ഛാധിപത്യ ഭരണം നടത്താന്‍

പ്രതിപക്ഷത്തിന്റെ വായ് മൂടിക്കെട്ടാന്‍ തന്ത്രങ്ങള്‍ പയറ്റിക്കൊണ്ടിരിക്കുന്ന ബി.ജെ.പിയുടെ ശ്രമങ്ങള്‍ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ നടത്താന്‍ പോകുന്ന സ്വേച്ഛാധിപത്യത്തിന്റെ സൂചനയാണെന്ന് കനയ്യകുമാര്‍. പ്രതിപക്ഷ പാര്‍ട്ടികളെ തുടച്ചു നീക്കാന്‍ ബിജെപി ഉപയോഗിക്കുന്നത് തനഷാഹി (സ്വേച്ഛാധിപത്യം) യാണെന്നു ദി വയറിനു നല്‍കിയ അഭിമുഖത്തില്‍ കനയ്യകുമാര്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ നോര്‍ത്ത് ഈസ്റ്റ് സ്ഥാനാര്‍ഥിയാണ് കനയ്യകുമാര്‍.

ബിജെപിയുടെ സ്വേച്ഛാധിപത്യത്തിനെതിരെ ഉയരാന്‍ പ്രതിപക്ഷം ഇന്ത്യന്‍ സഖ്യത്തിന്റെ രൂപത്തില്‍ കൈകോര്‍ത്തിരിക്കുകയാണ്. തനാഷാഹി ഉയരുന്ന രീതിയാണ് ഏറ്റവും വലിയ പ്രശ്‌നം. ജനാധിപത്യത്തിന്റെ ശബ്ദം, സമാധാനപ്രിയര്‍, നീതിയെ സ്‌നേഹിക്കുന്നവര്‍, പുരോഗതി ആഗ്രഹിക്കുന്നവരെ സംബന്ധിച്ചെടുത്തോളം പ്രതിപക്ഷവും നല്ല ഭരണകര്‍ത്താക്കളും അവര്‍ക്കു വേണം. എന്നാല്‍ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളെ തുടച്ചുനീക്കാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി നടത്തി വരുന്നത്. അതിനാലാണ് എല്ലാ ഇന്ത്യന്‍ സഖ്യകക്ഷികളും ഇവരുടെ ഈ തനാഷാഹിക്കെതിരെ ഒന്നിച്ചത്.

കഴിഞ്ഞ തവണ ഞങ്ങള്‍ ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും ഇത്തവണ ഞങ്ങള്‍ ഇന്ത്യന്‍ സഖ്യത്തിന്റെ ഭാഗമാണ്. ഞാന്‍ ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഞാന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ബി.ജെ.പിയെ തോല്‍പ്പിക്കേണ്ടി വന്നാല്‍ അവരെ ആരു തോല്‍പ്പിക്കുമെന്ന സംശയമായിരുന്നു ജനങ്ങള്‍ക്ക്. മുന്നണിയില്‍ ചേര്‍ന്നു മത്സരിക്കാത്തതുകൊണ്ട് ജനങ്ങള്‍ക്ക് സ്വാഭാവികമായി അത്തരം സംശയങ്ങള്‍ ഉയരാം. ഇത്തവണ അങ്ങനെയൊരു ആശയക്കുഴപ്പമില്ല. ബി.ജെ.പിയെ പിന്തുണയ്ക്കുന്നവരും ഇപ്പോഴും ബി.ജെ.പി അധികാരം ആഗ്രഹിക്കുന്നവരും വേറിട്ടവരാണ്, എന്നാല്‍ 2014ലും 2019ലും ബി.ജെ.പിക്ക് വോട്ട് ചെയ്തവരും ബി.ജെ.പിയുടെ പ്രവര്‍ത്തനത്തില്‍ തൃപ്തരല്ലാത്തവരും വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് മനസിലാക്കിയവരും ഇപ്പോള്‍ ഉണ്ട്. ഞാന്‍ ഉള്‍പ്പടെ നല്ലൊരു ടീം ഇന്ത്യന്‍ മുന്നണിയില്‍ ഉണ്ടെന്ന സവിശേഷമായ സാഹചര്യമാണ് ഇപ്പോഴുള്ളത്.

എനിക്കെതിരെ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥി ഉയര്‍ത്തുന്ന വരുത്തന്‍ ആരോപണങ്ങള്‍ക്കും കനയ്യകുമാര്‍ മറുപടി നല്‍കി. ഞാന്‍ ബിഹാറില്‍ നിന്നും ഡല്‍ഹിയിലേക്കു വന്നു മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയാണെന്നാണ് ബി.ജെ.പിയുടെ പ്രധാന ആരോപണം. മനോജ് തിവാരി ജനിച്ചത് വാരണാസിയിലാണ്. അവിടെ ഇത്തവണ മത്സരിക്കുന്നത് നരേന്ദ്രമോദിയാണ്, അദ്ദേഹം വന്നത് ഗുജറാത്തില്‍ നിന്നുമാണ്. ആരെ സ്ഥാനാര്‍ത്ഥിയാക്കണമെന്നത് ബിജെപിയുടെ ആഭ്യന്തര കാര്യമാണ്. അതില്‍ അഭിപ്രായം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ മണ്ഡലത്തില്‍ പോയാല്‍ തിരഞ്ഞെടുപ്പ് പ്രചാരണം അനുദിനം മാറിക്കൊണ്ടിരിക്കുന്നത് കാണാം. അധികാരത്തിലുണ്ടെന്ന അഹങ്കാരത്തിലോ അമിത ആത്മവിശ്വാസത്തിലോ അദ്ദേഹത്തെ വീണ്ടും ഇവിടെ സ്ഥാനാര്‍ത്ഥിയാക്കിയെങ്കിലും ആറ് (എംപിമാരെ) മാറ്റിയപ്പോള്‍ അദ്ദേഹത്തെയും മാറ്റണമായിരുന്നുവെന്ന് അവര്‍ മനസ്സിലാക്കിയേക്കാം.

ഡല്‍ഹി സ്വദേശികളല്ലാത്ത കനയ്യകുമാറിനും ഉദിത് രാജിനും കോണ്‍ഗ്രസ് സീറ്റ് നല്‍കിയതിത്തുടര്‍ന്ന് പാര്‍ട്ടി മുന്‍ പ്രസിഡന്റ് അരവിന്ദര്‍ സിംഗ് ലവ്ലി രാജിവച്ചതിനെ ബിജെപിയില്‍ ചേര്‍ന്നത് പാര്‍ട്ടിയില്‍ പൊട്ടിത്തെറികള്‍ ഉണ്ടായിരുന്നു. എഎപിയുമായുള്ള സഖ്യത്തെ വിമര്‍ശിച്ച് പാര്‍ട്ടി വിട്ട മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാരായ രാജ് കുമാര്‍ ചൗഹാന്‍, നീരജ് ബസോയ, നസീബ് സിംഗ് എന്നിവരും ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഇതിനിടയിലാണ് കനയ്യകുമാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക സീറ്റ് നല്‍കിയതോടെ കോണ്‍ഗ്രസ് ക്യാമ്പില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു.

മുന്‍ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റായിരുന്നു കനയ്യകുമാര്‍. 2016ലെ രാജ്യദ്രോഹക്കുറ്റത്തിന് ശേഷം തീപ്പൊരി വിദ്യാര്‍ത്ഥി നേതാവായി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 2018-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ ചേരുകയും 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറിലെ ബെഗുസാരായിയില്‍ നിന്ന് മത്സരിക്കുകയും അവിടെ ബി.ജെ.പി എം.പി ഗിരിരാജ് സിങ്ങിനോട് പരാജയപ്പെട്ടു. 2021-ല്‍ അദ്ദേഹം കോണ്‍ഗ്രസിലേക്ക് മാറി , ഇപ്പോള്‍ പാര്‍ട്ടി നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ ഇന്ത്യന്‍ സഖ്യ സ്ഥാനാര്‍ത്ഥിയാണ്. ആം ആദ്മി പാര്‍ട്ടിയും (എഎപി) കോണ്‍ഗ്രസും ദേശീയ തലസ്ഥാനത്ത് നാലും മൂന്നും സീറ്റുകളില്‍ വീതം മത്സരിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.