മസ്‌കത്ത്: ഒമാനി-എമിറാത്തി റെയിൽവേ ശൃംഖലയുടെ മുന്നൊരുക്ക പ്രവർത്തനങ്ങൾക്ക് ഹഫീത് റെയിൽ കമ്പനി തുടക്കമിട്ടു. ഹഫീത് റെയിൽ കമ്പനി പ്രവർത്തനം തുടങ്ങിയതായി ഒമാൻ ന്യൂസ് ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്. ‘ഒമാനി-എമിറാത്തി റെയിൽവേ ശൃംഖലയുടെ മുന്നൊരുക്ക പ്രവർത്തനങ്ങൾ ഹഫീത് റെയിൽ കമ്പനി ആരംഭിച്ചു, 60 പാലങ്ങളുടെ നിർമാണം ഉൾപ്പെടുന്നതാണ് പദ്ധതി. രണ്ട് രാജ്യങ്ങളിലുമായി അഞ്ച് പ്രധാന തുറമുഖങ്ങളെയും സ്വതന്ത്ര വ്യാവസായ കേന്ദ്രങ്ങളെയും ബന്ധിപ്പിക്കാനും പദ്ധതി സഹായിക്കും.’ ഒമാൻ ന്യൂസ് ഏജൻസി (ഒ.എൻ.എ) റിപ്പോർട്ട് ചെയ്തു.
ഭൂപ്രദേശത്തിന്റെ ഘടനയും കാലാവസ്ഥയും പരിഗണിച്ച് നൂതന എഞ്ചിനീയറിംഗ് സൊല്യൂഷനുകൾ ഉപയോഗിച്ചാണ് റെയിൽവേ ശൃംഖല രൂപകൽപന ചെയ്തത്. 2.5 കിലോമീറ്റർ നീളമുള്ള രണ്ട് തുരങ്കങ്ങളും 36 പാലങ്ങളും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. കൂടാതെ 34 മീറ്റർ വരെ ഉയരം വരുന്ന ചില പാലങ്ങളും ഇതിൽപ്പെടുന്നുണ്ട്.
സുഹാറിലും അൽ ഐനിലും പാസഞ്ചർ സ്റ്റേഷനുകളും ബുറൈമി, സുഹാർ, അൽ ഐൻ എന്നിവിടങ്ങളിൽ ചരക്ക് സ്റ്റേഷനുകളുമുണ്ടാകും. സുഹാറിനും അബൂദബിക്കുമിടയിലുള്ള ദൂരം 100 മിനിറ്റിനുള്ളിൽ ട്രെയിൻ മറികടക്കും. അതേസമയം, സുഹാറിനും അൽ ഐനിനും ഇടയിലുള്ള 238 കിലോമീറ്റർ ദുരം 47 മിനുട്ട് കൊണ്ട് മറികടക്കാനാകുമെന്നും എഞ്ചിനീയർ അബ്ദുൽ റഹ്‌മാൻ പറഞ്ഞു.