എറണാകുളം: തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച മകന് അറസ്റ്റില്‍. ഷൺമുഖന്റെ മകന് അജിത്തിനെയാണ് ഹില്‍ പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വണ്ടിക്ക് ഓട്ടമുണ്ടായത് കൊണ്ടാണ് വീട്ടിലേക്ക് വരാൻ പറ്റാത്തതെന്നാണ് ചോദ്യം ചെയ്യലിൽ അജിത്ത് നൽകിയ മറുപടി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അച്ഛനെ ഉപേക്ഷിച്ചതിന് ജാമ്യം ലഭിക്കാവുന്ന വകുപ്പ് പ്രകാരമാണ് പൊലീസ് ആദ്യം കേസെടുത്തിരുന്നത്. എന്നാൽ ജാമ്യമില്ലാ വകുപ്പുകൾ കൂടി പിന്നീട് ഉൾപ്പെടുത്തി. മകൻ ഉപേക്ഷിച്ച അച്ഛന്റെ വാർത്ത പുറത്ത് വന്നതോടെ സഹോദരനെത്തി ഏറ്റെടുക്കുകയായിരുന്നു. അച്ഛനെ ഏറ്റെടുക്കാൻ രണ്ട് പെൺമക്കളും വിസമ്മതിച്ചിരുന്നു.
കിടപ്പുരോഗിയായ എഴുപത് വയസുകാരൻ ഷൺമുഖനെയാണ് മകനും കുടുംബവും വാടകവീട്ടിൽ ഉപേക്ഷിച്ചത്. പൊലീസും പാലിയേറ്റീവ് പ്രവർത്തകരും ചേർന്നാണ് ഷൺമുഖനെ ആശുപത്രിയിലേക്ക് മാറ്റിയത്.
കിടപ്പുരോഗിയായ അച്ഛൻ ഷൻമുഖനെ ഉപേക്ഷിച്ച് വീട് പൂട്ടിയാണ് അജിത്തും കുടുംബവും കടന്നുകളഞ്ഞത്. അയൽവാസികൾ വിവരമറിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഷൺമുഖനെ അവശനിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തുകയും തൃപ്പൂണിത്തറ പൊലീസിന്റെ സഹായത്തോടെ വീട് തുറന്ന് ഷൺമുഖന് വെള്ളവും ഭക്ഷണവും നൽകികയുമായിരുന്നു.