കാഞ്ഞങ്ങാട്: വീടിനകത്ത് ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണാഭരണം കവര്‍ന്ന കേസിൽ ലൈംഗികാതിക്രമം നടന്നതായി മെഡിക്കൽ റിപ്പോർട്ട്. മോഷണത്തിനൊപ്പം പ്രതി കുട്ടിയെ ശരീരികമായി ഉപദ്രവിച്ചു. പുലര്‍ച്ചെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോയ കുട്ടിയെ കണ്ണിനും കഴുത്തിനും പരുക്കേറ്റ നിലയില്‍ സമീപത്തെ വയലില്‍ നിന്നാണ് കണ്ടെത്തിയത്.
പെണ്‍കുട്ടി നിലവില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേർ കസ്റ്റഡിയിലാണെന്നും പ്രദേശത്തെ ലഹരി മാഫിയാ സംഘത്തിലുള്ളവരാണ് ഇവരെന്നുമാണ് റിപ്പോർട്ട്.
പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ വീട്ടില്‍ നിന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. എന്നത്തേയും പോലെ മുത്തച്ഛനൊപ്പം ആണ് കുട്ടി ഉറങ്ങിയത്. പുലര്‍ച്ചെ മുത്തച്ഛന് പശുവിനെ കറക്കാന്‍ തൊഴുത്തിലേക്ക് പോയ സമയത്താണ് പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് വീടിന് ഒരു കിലോമീറ്റര്‍ അകലെ ഞാണിക്കടവ് വയല്‍ പ്രദേശത്ത് കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. പത്തുവയസുകാരിയുടെ സ്വര്‍ണക്കമ്മല്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കുട്ടിയുടെ മുഖത്തും കഴുത്തിലും പരുക്കേറ്റിട്ടുണ്ട്. മുഖം മറച്ചെത്തിയ മലയാളം സംസാരിക്കുന്നയാളാണ് തട്ടിക്കൊണ്ടുപോയതെന്ന് കുട്ടി പറഞ്ഞിരുന്നുവെന്ന് രക്ഷപ്പെടുത്തിയ യുവതി പറഞ്ഞു.
കുട്ടിയെ കാണാതായതറിഞ്ഞ് നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടെ അല്പം അകലെയുള്ള മറ്റൊരു വീട്ടിലെത്തിയ കുട്ടി വീട്ടുകാരെ വിളിച്ചുണർത്തി കാര്യം പറയുകയായിരുന്നു. അവരാണ് തിരച്ചിൽ നടത്തിയിരുന്ന നാട്ടുകാരെ വിവരം അറിയിച്ചത്.
പശുവിനെ കറക്കാനായി അതിരാവിലെ പതിവായി അടുക്കളവാതിൽ തുറക്കാറുണ്ടെന്നും കറവ കഴിഞ്ഞശേഷമേ അത് അടയ്ക്കാറുള്ളൂ എന്നും വ്യക്തമായി അറിയാവുന്ന ആരോ ആണ് സംഭവത്തിന് പിന്നിലെന്ന് തുടക്കത്തിലേ സംശയമുണ്ടായിരുന്നു. ആ നിലയ്ക്കാണ് അന്വേഷണം മുന്നോട്ടുപോയതും. കസ്റ്റഡിയിലുള്ളവരെ പൊലീസ് വിശദമായി ചോദ്യംചെയ്യുകയാണ്.