Explainers

പൂച്ചകൾക്ക് മീനിനോട് കൊതിയുണ്ടാകാൻ കാരണമെന്ത് !!

വീടുകളിലും മറ്റും പൂച്ചകൾ മീൻ കട്ട് കഴിക്കുന്നതൊക്കെ കണ്ടിട്ടുണ്ടാകാം.. ലോകമെമ്പാടും മനുഷ്യർ പിടിക്കുന്ന മീനിന്റെ 6 ശതമാനത്തിലധികവും പൂച്ചകൾക്കു തീറ്റയായിട്ടാണത്രേ ഉപയോഗിക്കുന്നത്. മരുഭൂമിയിൽ പരിണമിച്ചുണ്ടായ പൂച്ചയെന്ന ജീവിക്ക് മീനിനോട് ഇത്ര കൊതിയെങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിന് വിശദീകരണം നൽകുകയാണ് ഗവേഷകർ. കെമിക്കൽ സെൻസസ് എന്ന ജേണലിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. പൂച്ചകളുടെ രുചിമുകുളങ്ങളിൽ ഉമാമി എന്ന രുചി തിരിച്ചറിയാൻ സഹായിക്കുന്ന റിസപ്റ്ററുകൾ ഉണ്ടെന്നാണ് ഗവേഷകർ റിപ്പോർട്ട് ചെയ്യുന്നത്. മധുരം, ചവർപ്പ്, ഉപ്പ്, കയ്പ് എന്നിവയോടൊപ്പമുള്ള അഞ്ചാമത്തെ സ്വാദാണ് ഉമാമി. മാംസത്തിനുള്ള രുചിയാണ് ഉമാമി. പൂർണമായും മാംസഭോജികളായ പൂച്ചകൾ ഈ രുചി ഇഷ്ടപ്പെടുന്നതിൽ അദ്ഭുതമില്ല. പക്ഷേ മറ്റു മാംസങ്ങളുടെ രുചിയേക്കാൾ ട്യൂണയുടെ സ്വാദ് പൂച്ചകൾക്ക് പ്രിയതരമാകുന്നതെന്തുകൊണ്ടാണെന്നതിനുള്ള കാരണവും ഗവേഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്.

ട്യൂണയിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന പ്രത്യേക രുചിതന്മാത്രകളെ തിരിച്ചറിയാൻ പറ്റുന്ന വിധമാണ് പൂച്ചകളിലെ ടേസ്റ്റ് ബഡ് വികസിച്ചിരിക്കുന്നത്. പൂച്ചകൾക്ക് ഏറെ ഇഷ്ടമാകുന്ന വിഭവങ്ങൾ തയാറാക്കാൻ പെറ്റ് ഫീഡ് നിർമ്മാതാക്കളെ ഈ പഠനം സഹായിക്കുമെന്ന് കരുതാം. ഏറെ സവിശേഷതകളുള്ള അണ്ണാക്കാണ് പൂച്ചകൾക്കുള്ളത്. രുചിയിൽ നിർണായകമായ ഒരു പ്രോട്ടീന്റെ കുറവു കാരണം പൂച്ചകൾക്ക് മധുരം രുചിച്ചറിയാനാവില്ല. മാംസത്തിന് മധുരമില്ലാത്തതിനാൽ പൂച്ചകൾക്ക് ആ കഴിവ് ആവശ്യമില്ലാതാവുകയും സാവധാനം നഷ്ടപ്പെടുകയും ചെയ്തിരിക്കാം. കയ്പറിയാനുള്ള കഴിവും പൂച്ചകളിൽ മനുഷ്യനേക്കാൾ കുറവാണ്. പക്ഷേ പൂച്ചകൾ രുചിക്കുന്ന ഒന്നുണ്ട്. അത് ഇറച്ചിയുടെ ഫ്ലേവറാണ്. മനുഷ്യനിലും മറ്റു ചില മൃഗങ്ങളിലും Tas 1 r1, Tas 1 r3 എന്നീ ജീനുകൾ കോഡ് ചെയ്യുന്ന രണ്ടു പ്രോട്ടീനുകളാണ് ടേസ്റ്റ് ബഡുകളിൽ ഒന്നു ചേർന്ന് ഉമാമി സ്വാദറിയാനുള്ള റിസപ്റ്ററുകളാവുന്നത്.

പൂച്ചകളിൽ Tas 1 r3 മാത്രമേ പ്രകടമാകുന്നുള്ളൂ എന്നാണ് മുൻപ് വിചാരിച്ചിരുന്നത്. എന്നാൽ ഗവേഷണപ്രകാരം പൂച്ചകളിലും ഉമാമി സ്വാദറിയാനുള്ള രണ്ടു ജീനുകൾ പ്രകടമാകുന്നുവെന്ന് ആദ്യമായി കണ്ടെത്തിയിരിക്കുന്നു. അതായത് ഉമാമി സ്വാദറിയാനുള്ള സമ്പൂർണ കഴിവ് പൂച്ചകൾക്ക് ഉണ്ടെന്നർഥം. എന്നാൽ പഠനത്തിന്റെ അടുത്ത ഘട്ടത്തിൽ, ആ രണ്ടു ജീനുകൾ കോഡ് ചെയ്യുന്ന പ്രോട്ടീൻ ശ്രേണികൾ മനുഷ്യരിലും പൂച്ചകളിലും വ്യത്യാസപ്പെട്ടിരിക്കുന്നതായി ഗവേഷകർ കണ്ടെത്തി. ഉമാമി സ്വാദ് തിരിച്ചറിയാൻ കഴിയണമെങ്കിൽ ഭക്ഷണത്തിലെ ഗ്ലൂട്ടാമിക് ആസിഡ്, അസ്പാർട്ടിക് ആസിഡ് എന്നിവയെ ടേസ്റ്റ് ബഡിലെ റിസപ്റ്ററുകൾക്ക് സ്വീകരിക്കാൻ കഴിയണം, മനുഷ്യന്റെ ടെസ്റ്റ് ബഡ് റിസപ്റ്ററുകളിൽ ഇതിനുള്ള രണ്ടു പ്രധാന സ്ഥലങ്ങളുണ്ട്. എന്നാൽ പൂച്ചകളിൽ ആ ഭാഗങ്ങൾ മ്യൂട്ടേറ്റ് ചെയ്യപ്പെട്ടതായി കണ്ടതോടെ പൂച്ചകൾക്ക് ഉമാമി സ്വാദറിയാനുള്ള കഴിവില്ലേയെന്ന സംശയം ഗവേഷകരിലുണ്ടായി.

ഈ സംശയം മാറ്റാനായി പരീക്ഷണത്തിന്റെ അടുത്ത ഘട്ടത്തിൽ പൂച്ചകളിലെ ഉമാമി റിസപ്റ്ററുകൾ അടങ്ങിയ കോശങ്ങൾ അവർ നിർമിച്ചു. എന്നിട്ട് ഉമാമി രുചി നൽകുന്ന അമിനോ ആസിഡുകളായ ഗ്ളൂട്ടാമിക്, അസ്പാർട്ടിക് ആസിഡുകളും ന്യൂക്ലിയോടൈഡുകളും കോശങ്ങൾക്ക് നൽകി നോക്കി. പൂച്ചയുടെ റിസപ്റ്ററുകളുള്ള കോശങ്ങൾ ഉമാമി രുചി തിരിച്ചറിഞ്ഞുവെന്നു മാത്രമല്ല, അ സംവിധാനം മനുഷ്യരിടേതിൽനിന്നു വിഭിന്നമായി പ്രവർത്തിക്കുന്നതായി കണ്ടെത്തുകയും ചെയ്തു..പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിൽ ഗവേഷകർ 25 പൂച്ചകളെ ഒരു ടേസ്റ്റ് ടെസ്റ്റിനു വിധേയരാക്കി. കുറച്ചു വെള്ളപ്പാത്രങ്ങൾ അവരുടെ മുന്നിൽ വച്ചു കൊടുത്തു. ഉമാമി രുചി നൽകുന്ന അമിനോ ആസിഡുകളും ന്യൂക്ലിയോടൈഡുകളും വ്യത്യസ്ത അളവിൽ അടങ്ങിയ വെള്ളപ്പാത്രങ്ങളും വെറും പച്ചവെള്ളം മാത്രമുള്ള പാത്രങ്ങളും. ഉമാമി സ്വാദ് നൽകുന്ന തൻമാത്രകൾ കലർത്തിയ വെള്ളപ്പാത്രങ്ങളായിരുന്നു പൂച്ചകൾ കൊതിയോടെ കുടിച്ചു തീർത്തത്. മധുരം മനുഷ്യന് എത്രമാത്രം പ്രിയപ്പെട്ടതാണോ അതു പോലെയാണ് പൂച്ചകൾക്ക് ഉമാമി സ്വാദ്.

Latest News