Celebrities

കമല്‍ ഹാസന്റെ പാര്‍ട്ടിയിലും മയക്കുമരുന്ന് ഉപയോഗം; ഗായികയുടെ വെളിപ്പെടുത്തൽ വിവാദത്തിലേക്ക്

തമിഴ് സിനിമയില്‍ കോളിളക്കം സൃഷ്ടിച്ച വിവാദമായിരുന്നു സുചി ലീക്‌സ്. ഗായിക സുചിത്രയുടെ ട്വിറ്റര്‍ പേജിലൂടെ പ്രമുഖ താരങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തു വന്നതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. പലതവണയായി ചിത്രങ്ങളും വീഡിയോസും പ്രചരിച്ചതോടെ വലിയ പ്രശ്‌നങ്ങളാണ് പൊട്ടിപ്പുറപ്പെട്ടത്. ഇപ്പോഴിതാ സുചി ലീക്‌സ് വീണ്ടും ചര്‍ച്ചയാവുകയാണ്. അടുത്തിടെ ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുചിത്ര ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പങ്കുവെച്ചത്. പ്രത്യേകിച്ചും ധനുഷ്-ഐശ്വര്യ വിവാഹമോചനത്തെക്കുറിച്ചും സുചി ലീക്ക്സ് വിഷയത്തെക്കുറിച്ചുമൊക്കെ താരം സംസാരിച്ചു.

തമിഴ് സിനിമാ വ്യവസായത്തില്‍ നിലനില്‍ക്കുന്ന മയക്കുമരുന്ന് സംസ്‌കാരത്തെക്കുറിച്ചും ഞെട്ടിക്കുന്ന വിവരങ്ങളും സുചി നല്‍കിയിട്ടുണ്ട്. ഉലകനായകന്‍ കമല്‍ഹാസനെ കൂടി ഉള്‍പ്പെടുത്തി കൊണ്ടാണ് ഗായികയുടെ പുതിയ വെൡപ്പെടുത്തല്‍ വന്നിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. ആര്‍ജെ, ഗായിക, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, അഭിനേത്രി എന്നിങ്ങനെ ബഹുമുഖ പ്രതിഭയാണ് സുചിത്ര. തമിഴ് സിനിമയില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടിയിട്ടുള്ള സുചിത്ര 2017 ലാണ് വിവാദത്തിലേക്ക് എത്തുന്നത്. സുചി ലീക്ക്‌സും പിന്നാലെ ഉണ്ടായ വിഷയങ്ങളും ഗായികയെ വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് നയിച്ചു.

സുചി ലീക്‌സ് വിവാദം കോളിവുഡില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ചതോടെ സുചിത്രയുടെ സിനിമയിലെ അവസരങ്ങളും കുറഞ്ഞു. അതിനുപുറമെ ഭര്‍ത്താവ് കാര്‍ത്തിക് കുമാറുമായിട്ടുള്ള വേര്‍പിരിയലും വിവാഹമോചനവുമൊക്കെ ഗായികയുടെ ജീവിതത്തെയും ബാധിച്ചു. ശേഷം ഏതാനും വര്‍ഷങ്ങളായി മാധ്യമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു സുചിത്ര. പിന്നീട് കമല്‍ ഹാസന്‍ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് ഷോയില്‍ പങ്കെടുത്തതിന് ശേഷമാണ് സുചിത്ര വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ഇപ്പോള്‍ സിനിമാ മേഖലയിലെ മയക്കുമരുന്ന് ഉപയോഗത്തെ പറ്റിയൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് സുചി. തന്റെ മുന്‍ ഭര്‍ത്താവും നടനുമായ കാര്‍ത്തിക് കുമാറും മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് താരം പറയുന്നു.

അദ്ദേഹം സ്റ്റേജില്‍ കയറുമ്പോഴെല്ലാം കൊക്കെയ്ന്‍ ഉപയോഗിക്കും. ഇക്കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതുപോലെ നടന്‍ കമല്‍ഹാസന്റെ പാര്‍ട്ടിയിലേക്ക് വെള്ളി തംബുരുവില്‍ കൊക്കെയ്ന്‍ കൊണ്ടുവന്നിട്ടുണ്ട്. അങ്ങനെയില്ലെന്ന് പറഞ്ഞ് ചിലര്‍ എന്നെ അപകീര്‍ത്തിപ്പെടുത്താനും ശ്രമിക്കുന്നുണ്ട്. കോളിവുഡില്‍ ഇപ്പോള്‍ മയക്കുമരുന്ന് സംസ്‌കാരം സാധാരണമായി മാറി. അതിനെതിരെ പോരാടാനാണ് നടന്‍ ശരത്കുമാറിനെയും രാധ രവിയെയും പോലുള്ളവര്‍ ശ്രമിക്കുന്നതെന്നും സുചിത്ര അഭിമുഖത്തിലൂടെ വെളിപ്പെടുത്തുന്നു. വീണ്ടും സുചിത്രയുടെ ആരോപണങ്ങള്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.