Fact Check

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ വീഡിയോ വാര്‍ത്തയായും ഫെയ്‌സ്ബുക്ക് ഷെയറുകളായും നല്‍കുന്നുണ്ട്. ഗൗതമ ബുദ്ധന്റെ വിഗ്രഹത്തിനു മുന്നില്‍ നിന്നുമാണ് സന്യാസി തുക എണ്ണുന്നുവെന്ന തരത്തില്‍ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ഈ ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. സീ ന്യൂസിനു പുറമെ ഇന്ത്യ ടിവി, നിയോ പൊളിറ്റിക്കോ ഹിന്ദി, ലോക്മത് ഹിന്ദി, ന്യൂസ് 4 നേഷന്‍, എബിപി ന്യൂസ് എന്നിവയും തങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ ഈ വാര്‍ത്ത ഉള്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ ഈ വീഡിയോയില്‍ കാണുന്ന കാര്യങ്ങള്‍, അതായത് ബുദ്ധ സന്യാസി പണം അപഹരിക്കുന്നായി അവകാശപ്പെടുന്ന വീഡിയോ അല്ലെന്ന് ബോധ് ഗയ ക്ഷേത്ര മാനേജിംഗ് കമ്മിറ്റി (ബിടിഎംസി) സെക്രട്ടറി ഡോ.മഹാശ്വേത മഹാരതി അറിയിച്ചു. നിരവധി മാധ്യമങ്ങളിലൂടെ വീഡിയോ വൈറലായതോടെയാണ് സെക്രട്ടറിയുടെ വിശദീകരണക്കുറിപ്പ്.

ബീഹാറില്‍ ശൈത്യക്കാലമായിരുന്ന സമയത്താണ് ഈ വീഡിയോ എടുത്തിരിക്കുന്നത്. നേര്‍ച്ചയുടെ ഭാഗമായി ഒരു ഭക്തന്‍ ബുദ്ധന്റെ പ്രതിമയ്ക്കു വേണ്ടി ഒരു അങ്കി (പ്രത്യേകതരം കുപ്പായം ) സമര്‍പ്പിച്ചിരുന്നു. ഭക്തന്‍ അങ്കി സമര്‍പ്പിക്കുന്ന സമയം പ്രതിമയ്ക്കു മുന്നിലെ പൂജകള്‍ നിര്‍വ്വഹിച്ചത് ബിടിഎംസി സന്യാസി ധമ്മികയായിരുന്നു. അങ്കി സമര്‍പ്പണവുമായി ബന്ധപ്പെട്ട് ഭക്തന്‍ ബുദ്ധ പ്രതിമയുടെ അടുത്തിരിക്കുന്ന നേര്‍ച്ചപ്പെട്ടിയില്‍ പണം നിക്ഷേപിച്ചിരുന്നു. അതുകൂടാതെ സന്യാസി ധമ്മികയ്ക്കും പൂജയുടെ ഭാഗമായി ഭക്തന്‍ പണം നല്‍കിയിരുന്നു. അത് സര്‍വ്വ സാധാരണമാണ്. ഈ പ്രവൃതതിയാണ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതെന്ന് സെക്രട്ടറി പറഞ്ഞു. നേര്‍ച്ചപ്പെട്ടിയില്‍ ഇടുന്ന പണം അതില്‍ തന്നെയാണ് വീണിരിക്കുന്നത് അത് പ്രതിമയ്ക്കു സമീപമാണ് ഇരിക്കുന്നത്. ധമ്മികകയ്ക്ക് ഭക്തന്‍ നല്‍കിയ പണം അയ്യാള്‍ വലിയൊരു തുണിയിലാണ് വാങ്ങുന്നത്. അതിനുശേഷം എണ്ണി തിട്ടപ്പെടുത്തുന്ന ധമ്മികയുടെ പ്രവര്‍ത്തിയെയാണ് പണാപഹരണമെന്ന പേരില്‍ ആക്ഷേപിച്ചിരിക്കുന്നത്. ഇതിനാല്‍ മോഷണം നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബിടിഎംസി സെക്രട്ടറി ഡോ.മഹാശ്വേത മഹാരതി ഗയാ പൊലീസിനോട് പറഞ്ഞു.

 

സംഭാവനപ്പെട്ടി സന്യാസിയില്‍ നിന്ന് 10 മീറ്റര്‍ അകലെയാണെന്ന് വ്യക്തമായി ചിത്രീകരിച്ച സിസിടിവി ക്യാമറയില്‍ മുഴുവന്‍ കാര്യങ്ങളും പതിഞ്ഞിട്ടുണ്ടെന്ന് സംഭവത്തില്‍ അന്വേഷണം നടത്തിയ ഗയാ പൊലീസ് അറിയിച്ചു. സന്യാസി സംഭാവനപ്പെട്ടിയില്‍ നിന്ന് പണം എടുത്തില്ല. ഒരു പുരോഹിതന് നാം ദക്ഷിണ (ഒരു ചെറിയ സംഭാവന ) നല്‍കുന്നതുപോലെ , ബുദ്ധമത വിശ്വാസികള്‍ ഒരു സന്യാസിക്ക് അവര്‍ക്കുവേണ്ടി ബുദ്ധന് ഒരു അങ്കിയോ, മറ്റു സാധനങ്ങളോ സമര്‍പ്പിക്കുന്നതിന് സംഭാവന നല്‍കുന്നു. ഈ ദക്ഷിണ സന്യാസിയുടേതും, സംഭാവനപ്പെട്ടിയില്‍ നല്‍കിയ പണം ക്ഷേത്ര ഫണ്ടിന്റേതുമാണ്. സന്യാസിയുടെ (ധമ്മിക) ഒരേയൊരു തെറ്റ്, തുക പോക്കറ്റില്‍ സൂക്ഷിക്കുന്നതിനുപകരം, വൈറല്‍ ക്ലിപ്പില്‍ ചിത്രീകരിച്ചിരിക്കുന്നതുപോലെ പണം എണ്ണാന്‍ തുടങ്ങി എന്നതാണെന്ന് പൊലീസ് പറഞ്ഞു.

ഗയാ ക്ഷേത്രത്തിലെ ഒരു സന്യാസി ഈ വൈറല്‍ വീഡിയോ ഏകദേശം ആറ് മാസം മുമ്പ് റെക്കോര്‍ഡുചെയ്തിരുന്നു. രണ്ട് ദിവസം മുമ്പ് ധമ്മികയുമായി ഇയ്യാള്‍ വഴക്കുണ്ടാക്കി, ഇതോടെ ധമ്മികയെ അപകീര്‍ത്തിപ്പെടുത്താന്‍, സന്യാസി വീഡിയോ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചു. ഞങ്ങള്‍ സിസിടിവി ദൃശ്യങ്ങള്‍ കണ്ടു. ധമ്മികയ്ക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമായതിനാല്‍ ബിടിഎംസി അധികൃതര്‍ ധമ്മികയ്ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

സത്യം പുറത്തുവന്നതോടെ ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ച വാര്‍ത്ത തെറ്റാണെന്ന് നല്‍കിയിരുന്നു. ദൈനിക് ഭാസ്‌കര്‍ വിഷയത്തില്‍ കൃത്യമായ വിശദീകരണക്കുറിപ്പ് ഇറക്കിയിരുന്നു.

Latest News