തലസ്ഥാനത്ത് രണ്ടു മണിക്കൂര്‍ നിറുത്താതെ പെയ്ത കനത്ത മഴയില്‍ നഗരത്തിന്റെ പല പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. തമ്പാനൂര്‍, ജഗതി, ബേക്കറി, കണ്ണമൂല പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കവടിയാറില്‍ വൈദ്യുതി ലൈനിനു മുകളില്‍ മരം വീണതു കാരണംരണ്ടു മണിക്കൂര്‍ വഴുതയ്ക്കാട് ഉള്‍പ്പടെയുള്ള ഭാഗങ്ങളില്‍ വൈദ്യുതി നിലച്ചു. ഈയടുത്തക്കാലത്ത നിര്‍മ്മാണം പൂര്‍ത്തിയാക്കിയ എസ്എസ് കോവില്‍ റോഡ് മുഴുവന്‍ വെള്ളത്തിനടിയിലായി. പുതിയ ഓടകളും കലുങ്കുകളും ഉള്‍പ്പടെ നിര്‍മ്മിച്ചായിരുന്നു റോഡ് വികസിപ്പിച്ചത്. ഈ ഭാഗത്തെ കടകളിലും വെള്ളകയറി. നഗരത്തിന്റെ വിവിധയിടങ്ങളില്‍ സ്മാര്‍ട്ട് സിറ്റി റോഡ് പണികള്‍ക്കായി പൊളിച്ചിട്ടിരിക്കുന്നത് മഴ പെയ്തതോടെ ഇരട്ടി ദുരിതം വരുത്തിവെച്ചു. പല റോഡുകളും ചെളിക്കെട്ടായി മാറി. ആമയിഴഞ്ചാന്‍ തോട് കരകവിഞ്ഞൊഴുകിയത് പലയിടത്തും വെള്ളക്കെട്ട് സൃഷ്ടിച്ചു.
മഴ ശമിച്ച് രണ്ടു മണൂര്‍ പിന്നിട്ടിട്ടും പലിയിടങ്ങളില്‍ നിന്നും വെള്ളം ഒഴുകി പോയിട്ടില്ല. നഗരത്തില്‍ രണ്ടു മണിക്കൂറില്‍ പെയ്തത് 52 മില്ലിമീറ്റര്‍ മഴയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലവാസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്. ശനി, ഞായര്‍,തിങ്കള്‍ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കനത്ത മഴ പെയ്തതോടെ നഗരത്തില്‍ കടുത്ത ചൂടിന് ആശ്വാസമായി.
കാലവര്‍ഷം മെയ് 19 ഓടു കൂടി തെക്കന്‍ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ ആന്‍ഡമാന്‍ കടല്‍, നിക്കോബര്‍ ദ്വീപ് എന്നിവിടങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യത. ഇതോടെ കേരളത്തില്‍ മഴയ്ക്കു സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ തമിഴ്‌നാട് തീരത്തിനും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു. ചക്രവാതചുഴിയില്‍ നിന്നും ലക്ഷദ്വീപിലേക്ക് ന്യുനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായാണ് ശക്തമായ മഴയ്ക്ക് സാധ്യത.
ശനിയാഴ്ച പാലക്കാട്, മലപ്പുറം ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും അതിശക്തമായ മഴ സാധ്യത കണക്കിലെടുത്ത് കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
വരുന്ന തിങ്കളാഴ്ച വരെ പരക്കെ ഇടിമിന്നലോട് കൂടിയ വേനല്‍മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയും പ്രതീക്ഷിക്കുന്നു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.