ന്യൂഡൽഹി: സുപ്രീം കോടതി ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ കപിൽ സിബലിന് വിജയം. 1066 വോട്ട് നേടിയാണ് കപിൽ സിബൽ വിജയിച്ചത്. സംഘ്പരിവാർ സംഘടനകൾ പിന്തുണച്ച പ്രദീപ് റായിക്ക് 689 വോട്ടാനാണ് നേടാനായത്. നിലവിലെ പ്രസിഡന്റ് അദീഷ് സി അഗർവാല 296 വോട്ട് നേടി.
പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റ് മൂന്ന് പേര് കൂടി മത്സരിച്ചിരുന്നു. കോടതി മുറികളിലേക്ക് രാഷ്ട്രീയം കൊണ്ട് വരാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് സിബൽ സുപ്രീം കോടതി ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.
അഭിഭാഷകനായി 50 വർഷത്തോളം പ്രാക്ടീസ് ചെയ്തിട്ടുള്ള കപിൽ സിബൽ ഇത് നാലാം തവണയാണ് സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടുന്നത്. 1995 -96, 1997 -98, 2001 -2002 കാലയളവിലാണ് സിബൽ ഇതിന് മുമ്പ് സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. യു.പി.എ. സർക്കാരിന്റെ കാലത്ത് രാജ്യത്തിന്റെ നിയമമന്ത്രി ആയിരുന്നു സിബൽ.