ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്സിൻ എടുത്തവർക്കും പാർശ്വഫലങ്ങളെന്ന് പഠന റിപ്പോർട്ട്. ഭാരത്ബയോടെക്സ് പുറത്തിറക്കിയ കോവാക്സിനെടുത്ത മൂന്നിലൊരാൾക്കും പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്. ബനാറസ് ഹിന്ദു സർവകലാശാല നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുള്ളത്. ജർമനി ആസ്ഥാനമായുള്ള സ്പ്രിംഗർഇങ്ക് എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
635 യുവാക്കളും 291 മുതിര്‍ന്നവരും ഉള്‍പ്പെടുന്ന ഒരു ഗ്രൂപ്പിലാണ് പഠനം നടന്നത്. ത്വക്കിലുണ്ടാകുന്ന അസ്വസ്ഥതകള്‍, നാഡീവ്യൂഹത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവയും പാര്‍ശ്വഫലങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. വാക്‌സിന്‍ സ്വീകരിച്ച വളരെ ചെറിയ ശതമാനം ആളുകള്‍ക്ക് സ്‌ട്രോക്ക്, സ്ത്രീകളില്‍ ടൈഫോയ്ഡ് പോലുള്ളവയുണ്ടായതായും പഠനറിപ്പോര്‍ട്ടിലുണ്ട്. പഠനവുമായി ബന്ധപ്പെട്ട് നാലുപേരുടെ മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആർത്തവ സംബന്ധമായ തകരാറുകൾ, ഹൈപോതൈറോയ്ഡിസം, പക്ഷാഘാതം, ഗീലന്‍ ബാര്‍ സിന്‍ഡ്രോം തുടങ്ങിയവയും വാക്സിനു പിന്നാലെ റിപ്പോർട്ട് ചെയ്തതായി പഠനത്തിൽ പറയുന്നു. അനുബന്ധ രോഗങ്ങൾ ഉണ്ടായിരുന്നവരിലാണ് പാർശ്വഫലങ്ങൾ കൂടുതൽ കണ്ടതെന്നും വിഷയത്തിൽ കൂടുതൽ ആഴത്തിലുള്ള പഠനങ്ങൾ നടത്തേണ്ടത് അനിവാര്യമാണെന്നും പറയുന്നുണ്ട്.
മുന്‍പ് കൊവിഷീല്‍ഡ് വാക്‌സിനും പാര്‍ശ്വഫലങ്ങളുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇത് വാക്‌സിന്‍ നിര്‍മാതാക്കളായ ആസ്ട്രാസെനേക്ക സമ്മതിക്കുകയും ചെയ്തിരുന്നു. അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ കൊവിഷീല്‍ഡ് എടുത്തവരില്‍ രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയ്ക്കാനും സാധ്യതയുണ്ടെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. കൊവിഡിനെ പ്രതിരോധിക്കാന്‍ ആസ്ട്രസെനകയും ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് വികസിപ്പിച്ച കൊവിഷീല്‍ഡ് ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് നിര്‍മിച്ച് വിതരണം ചെയ്തത്.