ഒന്നാം സ്ഥാനത്ത് നിന്ന് ആറാം സ്ഥാനത്തേക്ക് കൂപ്പ് കുത്തിയ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് ഓര്‍മ്മപ്പൂക്കള്‍. ഈ പേരില്‍ കഴിഞ്ഞ ദിവസം മുതൽ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്ന ഒരു പോസ്റ്റാണിത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയിലെ വിവിധ നവമാധ്യമ ഹാന്‍ഡിലുകളില്‍ വ്യാപകമായി പ്രചരിച്ച് വൈറലായി. പി.വി. അന്‍വര്‍ എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് പേജില്‍ നിന്നുമാണ് ഈ പോസ്റ്റ് വന്നിരിക്കുന്നത്. ഇതില്‍ എന്താണ് വസ്തുത?
ഒന്നാം സ്ഥാനത്ത് നിന്ന് ആറാം സ്ഥാനത്തേക്ക് കൂപ്പ് കുത്തിയ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് ഓര്‍മ്മപ്പൂക്കള്‍ എന്നാരംഭിക്കുന്ന പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ കാണാം;
എന്നാല്‍ പ്രചാരത്തിലുള്ളത് തെറ്റിധരിപ്പിക്കുന്ന വിവരങ്ങള്‍ അടങ്ങിയ പോസ്റ്റാണെന്ന് അന്വേഷണം ഒണ്‍ലൈനിന്റെ ഫാക്റ്റ് ചെക്ക് ടീം കണ്ടെത്തി. ബാർക് റേറ്റിങ്ങില്‍ ഏഷ്യാനെറ്റ് ന്യൂസ് 2022 നു ശേഷം താഴെ വന്നിട്ടില്ല. ബാര്‍ക് റേറ്റിങ് കാര്‍ഡൊന്നും ഇടാതെ തെറ്റായി കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ പോസ്റ്റാണിതെന്ന് മനസിലായി. ഇക്കഴിഞ്ഞയാഴ്ചത്തെ ബാര്‍ക് റേറ്റിങ്ങിന്റെ കാര്‍ഡ് താഴെ കാണിച്ചിരിക്കുന്നു.
പത്തൊന്‍മ്പതാമത്തെ ആഴ്ചയില്‍ കേരളത്തിലെ ന്യൂസ് ചാനലുകള്‍ക്കിടയില്‍ നടത്തിയ കണക്കെടുപ്പില്‍ 30861 പോയിന്റോടെ ഏഷ്യാനെറ്റ് ന്യുസ് തന്നെയാണ് മുന്നില്‍. മേയ് നാലാം തീയതി മുതല്‍ 14 തീയതിവരെയുള്ള 19-ാമത്തെ ആഴ്ചയിലെ കണക്കാണിത്. 2022 മുതല്‍ ചാനല്‍ റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ഏഷ്യാനെറ്റ് ന്യുസിന് ഇതുവരെ മറ്റു ചാനലുകളില്‍ നിന്നും ആ സ്ഥാനത്തേക്ക് വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടില്ല.
ഫെയ്‌സ്ബുക്ക് പേജില്‍ വന്നൊരു ചാനലിന്റെ കണക്ക് തെറ്റിധരിച്ചാണ് പി.വി. അന്‍വര്‍ പോസ്റ്റ് ചെയ്തത്. റിപ്പോര്‍ട്ടര്‍ ടിവി അവരുടെ ഫെയ്‌സ്ബുക്ക് പേജ് വ്യുവ്‌സില്‍ ഉണ്ടായ മുന്നേറ്റം കാണിച്ചു കൊണ്ട് ഇട്ട പോസ്റ്റ് തെറ്റിധരിച്ച്, അത് ചാനല്‍ റേറ്റിങ്ങാണെന്ന് കരുതി പി.വി. അന്‍വര്‍ പോസ്റ്റിട്ടതാണെന്ന് വ്യക്തമായി. റിപ്പോര്‍ട്ടര്‍ ഒന്നാമത് രണ്ടാമനെക്കാള്‍ ഒരുകോടി പ്ലസ് കാഴ്ചക്കാര്‍ കൂടുതല്‍ എന്ന ക്യാപ്ഷനോടെയാണ് അവരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ കാര്‍ഡില്‍ സൂചിപ്പിച്ചിരിക്കുന്നത്. ഇതിനു പുറമെ 35.45 മില്ല്യണ്‍ വ്യുവ്‌സോടെ റിപ്പോര്‍ട്ടര്‍ ഒന്നാമതെന്നും, തുടര്‍ന്ന് ആറ് വരെയുള്ള സ്ഥാനങ്ങളില്‍ ഉളള പേജുകളുടെയും വിവരങ്ങളും ആ കാര്‍ഡില്‍ നല്‍കിയിട്ടുണ്ട്. അതില്‍ ഏഷ്യാനെറ്റ് ന്യുസിന്റെ ഫെയ്‌സ്ബുക്ക് പേജ് 16.44 മില്ല്യണ്‍ വ്യുവ്‌സോടെ ആറാം സ്ഥാനത്താണ്. ഇതു തെറ്റിധരിച്ചാണ് ഏഷ്യനെറ്റ് ന്യുസ് ചാനല്‍ ആറാം സ്ഥാനത്തേക്ക് പോയെന്ന് കാണിച്ച് പോസ്റ്റിട്ടത്. മേയ് അഞ്ചു മുതല്‍ മേയ് 11 വരെയുള്ള കണക്കാണ് ഇതില്‍ സൂചിപ്പിച്ചിരിക്കുന്നത്. പോസ്റ്റിലെ പിശക് ചൂണ്ടിക്കാണിച്ചതിനെത്തുടര്‍ന്ന് പി.വി. അന്‍വര്‍ അത് പിന്‍വലിച്ചിരുന്നു. എന്നാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ പി.വി.അന്‍വറിന്റെ പോസ്റ്റ് മറയാക്കി നിരവധി ഇടതു സൈബര്‍ ഹാന്‍ഡിലുകള്‍ അതു പ്രചരിപ്പിച്ചു.
ഫെയ്‌സ്ബുക്ക് പേജ് വ്യുവ്‌സില്‍ ഒന്നാമെത്തിയ സൂചിപ്പിച്ച് റിപ്പോര്‍ട്ടര്‍ ടിവി പോസ്റ്റ് ചെയ്ത് കാര്‍ഡ് ചുവടെ,
ഏഷ്യാനെറ്റ് ന്യുസ് ചാനലിന്റെ റേറ്റിങുമായി ബന്ധപ്പെട്ട വാര്‍ത്ത നിരവധി പേരാണ് ഷെയര്‍ ചെയ്തത്. പി.വി. അന്‍വറിന്റെ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്തും, അതേ വാചകങ്ങള്‍ പുതിയ പോസ്റ്റായി പകര്‍ത്തിയും നിരവധി പേര്‍ അതു ഷെയര്‍ ചെയ്തു. ബാര്‍ക് റേറ്റിങ് നടത്തുന്ന സ്ഥാപനത്തില്‍ നിന്നുമാണ് ഒരോ ആഴ്ചയിലെയും റേറ്റിങ് വിവരങ്ങള്‍ ലഭിക്കുന്നത്. ബാര്‍ക് ചുമത്തുന്ന ഫീസ് നല്‍കിയാല്‍ റേറ്റിങ് ലഭിക്കുന്നതാണ്. സാധരണ ഗതിയില്‍ ചാനലുകാര്‍ അവരുടെ പരസ്യ സംബന്ധമായ കാര്യങ്ങള്‍ക്കാണ് ഇത് വാങ്ങുന്നത്. പൊതുജനങ്ങള്‍ക്ക് ഇത് ലഭിക്കാന്‍ സാധ്യതയില്ല.