അകത്തളങ്ങളും ആനച്ചമയങ്ങളും മിഴാവും ചരിത്രം പറയുന്ന കോട്ടയെ പറ്റി കേട്ടിടുണ്ടോ?
ചരിത്രങ്ങൾ ഉറങ്ങുന്ന കോട്ടയെ പറ്റി കേട്ടിട്ടുണ്ടോ? എറണാകുളം ജില്ലയിൽ വടക്കൻ പറവൂരിൽ ചേന്ദമംഗലം നാലുവഴി ജങ്ക്ഷനിൽ നിന്നും 4 കിലോമീറ്റർ ദൂരെ വടക്ക് കിഴക്ക് ആയിട്ടാണ് ചരിത്രങ്ങൾ ഉറങ്ങുന്ന മനോഹരമായ ഈ പ്രദേശം.
വടക്കൻ പറവൂർ – കരിമ്പാടം – ചേന്ദമംഗലം വഴി ബസ് റൂട്ട് ഉണ്ട് കോട്ടയിൽ കോവിലകത്തേക്ക്.മുസിരീസ് പൈതൃക പദ്ധതിയിലൂടെ ശ്രദ്ധാകേന്ദ്രമാവുകയാണു വടക്കന്‍ പറവൂര്. പദ്ധതി പ്രകാരം തുറന്ന നാല് മ്യൂസിയങ്ങള് ഈ നാടിനു കേരളത്തിന്റെ ടൂറിസം മേഖലയില് ഇടം നല്കുന്നു.
അമ്പരപ്പിക്കുന്ന ചരിത്രക്കാഴ്‌ചകളുമായി പാലിയം ചരിത്രമ്യൂസിയം ഡച്ച് പൈതൃകത്തിന്റെ ശേഷിപ്പായ വര്‍ണം മങ്ങാത്ത ചില്ലുജാലകങ്ങളും ബെല്‍ജിയം തറയോടുകള്‍ പാകിയ അകത്തളങ്ങളും ആനച്ചമയങ്ങളും മിഴാവും ക്ഷേത്രവിളക്കുകളുമൊക്കെ ഇനി നിങ്ങള്‍ക്കു കാണാം. അമ്പരക്കാം..ആസ്വദിക്കാം.!
കേരള ചരിത്രത്തിലെ പല നിര്‍ണായക സംഭവങ്ങള്‍ക്കും സാക്ഷ്യം വഹിച്ച പറവൂരിനടുത്ത ചേന്ദമംഗലത്താണ് ചരിത്രമ്യൂസിയം ഒരുങ്ങുന്നത്. മൂന്നു നൂറ്റാണ്ടോളം കൊച്ചി രാജകുടുംബത്തിന്റെ വിശ്വസ്‌ഥരായി വര്‍ത്തിച്ച പാലിയംകുടുംബത്തിന്റെ നാലു നൂറ്റാണ്ട് പഴക്കമുള്ള കൊട്ടാരത്തിലാണ്(പാലിയം കോവിലകം) മുസിരിസ് പൈതൃക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ രണ്ട് മ്യൂസിയങ്ങളുടെ അവസാന മിനുക്കു പണികള്‍ നടന്നു വരുന്നത്. പുതുതലമുറയ്‌ക്ക് കൊച്ചിയുടെ പഴയ നാളുകള്‍ പരിചയപ്പെടുത്താനും വിദേശസഞ്ചാരികളെ ആകര്‍ഷിക്കാനും ലക്ഷ്യമിട്ടാണ് മ്യൂസിയങ്ങളുടെ നിര്‍മിതി.
രാജ്യാന്തര നിലവാരത്തില്‍ പാലിയം കൊട്ടാരത്തിലെ പഴയ നാലുകെട്ട് പുനരുദ്ധരിച്ചാണ് നിര്‍മിതി നടക്കുന്നത്. ഡച്ച് നിര്‍മാണ രീതിയില്‍ പണിതീര്‍ത്ത പാലിയത്തച്ചന്റെ കൊട്ടാരം കൊച്ചിപാലിയം പഴയ നായര്‍ കൂട്ടുകുടുംബ വ്യവസ്‌ഥിതിയുടെ പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഇത് നിലനിര്‍ത്തിയാണ് ജീവിതശൈലി മ്യൂസിയം തയ്യാറാകുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൂട്ടുകുടുംബമായിരുന്നു പാലിയമെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്.
ഒറ്റത്തടിയില്‍ തീര്‍ത്ത വലിയ സമ്മേളന മേശ, ബ്രിട്ടീഷ് പടയെ തുരത്തുന്നതിന് നേതൃത്വം കൊടുത്ത പാലിയത്തച്ചന്റെ ഉടവാള്‍, രത്‌നങ്ങളും ആഭരണങ്ങളും സൂക്ഷിച്ചിരുന്ന പടിയറ എന്നിവയും കാഴ്‌ചക്കാര്‍ക്കായി മ്യൂസിയത്തില്‍ അണിനിരക്കും. കൊട്ടാരക്കെട്ടിന്റെ നിലാമുറ്റത്തിട്ടിരുന്ന കല്ലുകൊണ്ടുള്ള പീഠത്തിലിരുന്നാണ് കൊച്ചി രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്ന പാലിയത്തച്ചന്മാര്‍ തങ്ങളുടെ അധികാര പരിധിയില്‍ വരുന്ന പ്രജകളുടെ പരാതികള്‍ കേട്ടിരുന്നതെന്ന് പാലിയം കുടുംബാംഗവും പാലിയം ട്രസ്റ്റിന്റെ മാനേജരുമായ കൃഷ്‌ണബാലന്‍ പറഞ്ഞു. ഈ പീഠം ഇപ്പോഴും കേടുകൂടാതെയുണ്ട്. മുന്നൂറു പേര്‍ക്ക് ഭക്ഷണം ഒരുക്കാന്‍ സൗകര്യമുള്ള അടുക്കള, മൂവായിരത്തോളം പേര്‍ക്ക് ഭക്ഷണം വയ്‌ക്കാവുന്ന വെള്ളോട്ടു വട്ടളം, ആയിരം പേര്‍ക്കു വരെ ഭക്ഷണം തയ്യാറാക്കാനുള്ള വിവിധ വലുപ്പത്തിലുള്ള വട്ടച്ചെമ്പുകള്‍, ഓടിന്റെ ഉരുളികള്‍, മോര് ഒഴിക്കാനുള്ള ഗോമുഖി എന്നിവയും കാഴ്‌ചക്കാര്‍ക്ക് കൗതുകമുണ്ടാക്കും. പാലിയം നാലുകെട്ടില്‍ ഇളയതുകാരായിരുന്നു അടുക്കള കാര്യസ്‌ഥന്മാര്‍.
പൂമുഖം, അകായി, തെക്കിനിത്തറ, പടിത്തറ, ശയനമുറികള്‍, വലിയ അടുക്കള, പരമ്പരാഗത സ്വത്തുക്കളും ആഭരണങ്ങളും സൂക്ഷിക്കുന്നതിനുള്ള അറ എന്നിവ ഉള്‍ക്കൊള്ളുന്ന നാലുകെട്ട് ഡച്ച്‌കേരളീയ വാസ്‌തുശിലപ മാതൃകയ്‌ക്ക് ഉത്തമ ഉദാഹരണമാണ്. അറയുടെ താഴേക്കുള്ള മുറി കൊട്ടാരത്തിന് പുറത്തെത്താനുൂള്ള രഹസ്യമാര്‍ഗമായിരുന്നു. കെട്ടിടത്തിന്റെ കിഴക്ക്‌വടക്ക് കാണുന്ന കര്‍ണസൂത്രം ശുദ്ധവായു കടന്നു വരുന്നതിനുള്ള പുരാതന ശാസ്‌ത്രീയമാര്‍ഗവും. പാലിയം കൊട്ടാരത്തിലെ ഭക്ഷണരീതികള്‍, സ്‌ത്രീകള്‍ ആഭരണങ്ങള്‍ അറയില്‍ നിന്ന് എടുത്തുപയോഗിച്ചിരുന്ന രീതി തുടങ്ങി കൂട്ടുകുടുംബ കൂട്ടായ്‌മയുടെ മേന്മയും കരുത്തും ഈ നാലുകെട്ട് മ്യൂസിയത്തിലൂടെ പുതുതലമുറയ്‌ക്ക് അടുത്ത് അറിയാനാകും.