റിയാദ്: പുതിയ നിരവധി സേവനങ്ങൾ ഉൾപ്പെടുത്തി ‘അബ്ഷിർ’ പ്ലാറ്റ് ഫോം പരിഷ്കരിച്ചു. പൊതു സുരക്ഷയുടെ ഭാഗമായി പുതിയ പത്ത് സേവനങ്ങളാണ് ആഭ്യന്തര മന്ത്രാലയം അതിന്റെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമായ അബ്ഷിറിൽ ആരംഭിച്ചത്. പുതിയ പരിഷ്‌കാരങ്ങളുടെ ഉദ്ഘാടനം റിയാദിലെ പൊതുസുരക്ഷ ആസ്ഥാനത്ത് ഡയറക്ടർ ലെഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് ബിൻ അബ്ദുല്ല അൽ ബസ്സാമി ഉദ്ഘാടനം ചെയ്തു.
വ്യക്തിഗത ലേല സേവനം, ഗതാഗത നമ്പർ പ്ലേറ്റ് സേവനം (മാറ്റിസ്ഥാപിക്കൽ), ചെറിയ അപകട രജിസ്ട്രേഷൻ സേവനം, ബാങ്ക് കാർഡുകളിൽ (മദാ) നടത്തിയ സാമ്പത്തിക തട്ടിപ്പ് റിപ്പോർട്ട് ചെയ്യുന്നതിനുള്ള സേവനം, ട്രാഫിക് ലംഘനങ്ങൾ അടക്കുന്നതിനുള്ള സമയപരിധി നീട്ടുന്നതിനുള്ള സേവനം, കസ്റ്റംസ് കാർഡ് സേവനം, രാജ്യത്തിന് പുറത്ത് കുറ്റകൃത്യങ്ങൾ ഇല്ലെന്ന സർട്ടിഫിക്കറ്റ് പരിശോധനാ സേവനം, ഒരു കമ്പനിയിൽനിന്ന് വ്യക്തിയിലേക്ക് വാഹന ഉടമസ്ഥാവകാശം കൈമാറുന്ന സേവനം, ട്രാഫിക് സേവനങ്ങൾക്കായി വികസിപ്പിച്ച പോർട്ടൽ സേവനം, നമ്പർ പ്ലേറ്റ് മാറ്റിസ്ഥാപിക്കുന്നതിനുള്ള സേവനം തുടങ്ങിയവയാണ് പുതുതായി ഉൾപ്പെടുത്തിയത്.