അവിട്ടത്തൂർ ശിവക്ഷേത്രം എന്ന് കേട്ടിട്ടുണ്ടോ.? മഹാക്ഷേത്രം എന്ന് കൂടി ഇത് അറിയപ്പെടുന്നുണ്ട്. ചേരരാജാക്കന്മാരുടെ കാലത്താണ് ഈ ക്ഷേത്രം പണിതത്.അറിയണ്ടേ ഈ ക്ഷേത്രത്തെ കുറിച്ച്. കേന്ദ്ര പുരാവസ്തു മന്ത്രാലയത്തിൻ്റെ സംരക്ഷിത പൈതൃക കേന്ദ്രമാണ് അവിട്ടത്തൂർ ശിവക്ഷേത്രം. കേരളത്തിലെ തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിൽ നിന്നും നാല് കിലോമീറ്റർ അകലെയുള്ള അവിട്ടത്തൂർ ഗ്രാമത്തിലാണ് ഈ അവിട്ടത്തൂർ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിന് ഒരു മഹാക്ഷേത്രത്തിൻറെ പ്രൗഡിയുണ്ട്. മുസിരിസ് കേന്ദ്രമായി വാണിരുന്ന രണ്ടാം ചേരരാജാക്കന്മാരുടെ കാലത്താണ് അഗസ്ത്യപുതൂർ എന്നറിയപ്പെട്ടിരുന്ന അവിട്ടത്തൂർ ഗ്രാമം ചരിത്രത്തിൽ ഇടം പിടിച്ചത്. അന്ന് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചാണ് രാജഭരണം നടന്നു പോന്നിരുന്നത്. ഇന്നത്തെ പാറക്കടവ് പഞ്ചായത്തിൽ അന്നത്തെ ഊരാളരും കാരാളരും നാടുവാഴികളും ചേർന്ന് മൂഴിക്കുളം ശാലയിൽ വെച്ച് രൂപപ്പെടുത്തിയ ചട്ടങ്ങൾ മൂഴിക്കുളംകച്ചം ആണ്, കേരളത്തിലെ ക്ഷേത്രങ്ങൾക്കായുള്ള ആദ്യ നിയമങ്ങളായി അറിയപ്പെടുന്നത് . മൂഴിക്കുളം കച്ചത്തിന് വിധേയമായി അവിട്ടത്തൂർ ശിവക്ഷേത്രത്തിലും AD പന്ത്രണ്ടാം നൂറ്റാണ്ടിൽ രാജ സിംഹ പെരുമാളിൻ്റെ ശാസനം സ്ഥാപിതമായി ഈ ക്ഷേത്രത്തിനകത്തെ കരിങ്കൽ പാളികളിൽ പുരാതനവട്ടെഴുത്തിൽ കൊത്തിവെച്ചിരിക്കുന്നതാണ് കേരള ചരിത്ര രേഖകളിൽ പറയുന്ന അവിട്ടത്തൂർ ശിലാലിഘിതം” . കേരള ചരിത്ര നിഘണ്ടു പുറത്തിൽ ഇങ്ങനെ ആണ് പറയുന്നത്.പത്താം നൂറ്റാണ്ടിൽ വാണിജ്യാവശ്യങ്ങൾക്കായി ക്രിസ്ത്യാനികളെ കൊണ്ട് വന്നതിൻ്റെ രാജ വിളംബരമാണ്, തൊട്ടടുത്തുള്ള താഴെക്കാട് പള്ളിയിൽ കാണുന്ന അവിട്ടത്തൂർ ശാസനം, അക്കാലത്ത് അവിട്ടത്തൂർ ഗ്രാമത്തിൻ്റെ പരിധിയിൽപ്പെട്ട സ്ഥലമാണ് താഴെക്കാടും പുത്തൻചിറയുമെല്ലാം. 1341 ൽ സംഭവിച്ച മഹാപ്രളയത്തിൽ മുസിരിസ് സാമ്രാജ്യം തകർന്നതായാണ് ചരിത്രം. പിന്നീട് മഹോദയപുരം കേന്ദ്രമായി കുലശേഖര രാജാക്കന്മാർ ഭരണം തുടർന്നതായി കാണുന്നു. ഇന്നത്തെ കേരള സർക്കാർ കൊണ്ടുവന്നിട്ടുള്ള *മുസിരിസ്സ് പൈതൃക സംരക്ഷണ പദ്ധതികളിൽ മൂഴിക്കുളവും അവിട്ടത്തുരും പരിഗണിക്കാതെ പോകുന്നത്, ചരിത്രത്തോടും അതിൻ്റെ പൈതൃക അവകാശങ്ങളോടും ചെയ്യുന്ന കടുത്ത രാഷ്ടീയ വിവേചനമാണ്.