ആടുജീവിതത്തിൽ നജീബാകാൻ പൃഥ്വിരാജിന്റെ കണ്ണിലുള്ള സ്വാഭാവിക ആത്മവിശ്വാസത്തെ കുറയ്‌ക്കാൻ ബോധപൂർവം ശ്രമിച്ചിരുന്നുവെന്ന് സംവിധായകൻ ബ്ലെസി. അറിവാണ് അദ്ദേഹത്തിന്റെ കണ്ണിൽ കാണുന്ന ആത്മവിശ്വാസം. എന്നാൽ നജീബ് അങ്ങനെയുള്ള ഒരു വ്യക്തയല്ല, അതുകൊണ്ട് തന്നെ കണ്ണിൽ ഇത്രയും എനര്‍ജി ആവശ്യമില്ലെന്ന് ചിത്രീകരണ സമയത്ത് അദ്ദേഹത്തോട് പറയുമായിരുന്നുവെന്ന് ബ്ലെസി ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിന്റെ എക്‌സ്‌പ്രസ് ഡയലോഗ്സിൽ പറഞ്ഞു.
സ്ക്രിപ്‌റ്റിൽ എല്ലാ കഥാപാത്രങ്ങൾക്കും വേണ്ട എനർജി ലെവലിനെ കുറിച്ച് കൃത്യമായി എഴുതിയിരുന്നു. പൃഥ്വിരാജിനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ അറിവാണ് അദ്ദേഹത്തിന്റെ കണ്ണിൽ കാണുന്ന ആത്മവിശ്വാസം. അത് പലപ്പോഴും അഹങ്കാരമാണെന്ന് ചിലർ പറയാറുണ്ട്. അദ്ദേഹത്തിന്റെ എല്ലാ സിനിമയിലും അദ്ദേഹത്തിന്റെ ആ എനർജി കാണാം. ഇവരുടെ പൊതുവായ ഘടകം മനസിലാക്കി അത് ഒഴിവാക്കുകയാണ് വേണ്ടത്. കാഴ്ചയിൽ നജീബ് ആകാൻ ശരീരഭാരം കുറയ്‌ക്കാം, താടിയും മുടിയും വളർത്താം. പക്ഷേ കണ്ണിന് എന്ത് ചെയ്യാൻ പറ്റും. കണ്ണിലാണ് ഒരാളുടെ പവർ ഇരിക്കുന്നത്’- ബ്ലെസി പറഞ്ഞു.
സിനിമ പുരോഗമിക്കുമ്പോൾ ശരീരഘടന കൊണ്ടും മറ്റുമായി അത് പരിഹരിക്കാം. എന്നാൽ തുടക്ക സീനുകളില്‍ മണൽ വാരലുകാരനായാണ് നജീബ് എത്തുന്നത്. അവിടെ നജീബിന്റെ കണ്ണിൽ അത്രയും ആത്മവിശ്വാസത്തിന്റെ ആവശ്യമില്ല. പൃഥ്വിരാജിന്റെ കണ്ണിൽ നിന്നും അത് കുറയ്‌ക്കാൻ ബോധപൂർവം ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നജീബ് ജയിലിലെത്തിയ ശേഷമുള്ള കുറെ സീനുകൾ ഗംഭീരമായി ചിത്രീകരിച്ചിരുന്നു. ജയിൽ തന്നെ 75 ലക്ഷത്തോളം മുടക്കി സെറ്റ് ഇട്ടാണ് ഷൂട്ട് ചെയ്‌തത്. എന്നാൽ സിനിമയുടെ ദൈർഘ്യം കൂടിയതോടെ അവ ഒഴിവാക്കേണ്ടി വന്നതാണ്. അതുതന്നെ രണ്ടോ മൂന്നോ സിനിമ ആക്കാനുള്ള കണ്ടെന്റ് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘എന്റെ സിനിമകളെ കുറിച്ച് നടൻ വിക്രവുമായി സംസാരിക്കാറുണ്ട്. തന്മാത്ര ചെയ്യാൻ അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ മോഹൻലാലുമായി ചർച്ച ചെയ്‌തു തീരുമാനത്തിൽ എത്തിയതിനാൽ അത് നടന്നില്ല. പിന്നീട് ആടുജീവിതം സിനിമയാക്കണമെന്ന് തീരുമാനിച്ചപ്പോൾ വിക്രമിനോട് സംസാരിച്ചിരുന്നു. എന്നാൽ അദ്ദേഹം മറ്റൊരു സിനിമയ്‌ക്ക് ശേഷം ശരീരഭാരം കുറച്ചു തിരികെ എത്തിയതേ ഉണ്ടായിരുന്നുള്ളൂ. അടുപ്പിച്ച് രണ്ട് തവണ ശരീരഭാരം കുറയ്‌ക്കുന്നത് പ്രയാസമായിരുന്നു. ആടുജീവിതം മറ്റുഭാഷകളിൽ എടുക്കുന്നതിനെ കുറിച്ചും സംസാരമുണ്ടായിട്ടുണ്ട്. കാരണം മലയാള സിനിമയെ സംബന്ധിച്ചിടത്തോളം അന്നത്തെ കാലത്ത് ഇത്ര വലിയ ഒരു സിനിമയെ കുറിച്ച് ചിന്തിക്കാൻ കഴിയില്ലായിരുന്നു.