India

അഞ്ചാം ഘട്ടം: രാഹുല്‍ ഗാന്ധിയെ റായ്ബറേലി തുണയ്ക്കുമോ ? അമേഠിയും, ലഖ്‌നോവിലുള്‍പ്പടെ വിജയക്കൊടി പാറിക്കാന്‍ ബിജെപി

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട പോളിങിനായി എട്ടു സംസ്ഥാനങ്ങളിലെ 49 മണ്ഡലങ്ങള്‍ ഒരുങ്ങി. ഇന്ന് നിശബ്ദ പ്രചാരണവുമായി സ്ഥാനാര്‍ഥികള്‍ അവരുടെ മണ്ഡലങ്ങളില്‍ സജീവമാണെങ്കിലും അവസാന വട്ട കണക്ക്ക്കൂട്ടലില്‍ നെഞ്ചിടിപ്പ് ഇരട്ടിയാകും. ഇന്ത്യാ മുന്നണിയും കോണ്‍ഗ്രസും വിജയം മാത്രം പ്രതീക്ഷിച്ച് മത്സരിക്കുന്ന റായ്ബറേലിയും അമേഠിയും, മൂന്നാം തവണയും ലഖ്‌നോവില്‍ നിന്നും ജനവിധി തേടുന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉള്‍പ്പെടെ ഉത്തര്‍പ്രദേശിലെ 14 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കും. മഹാരാഷ്ട്രയില്‍ (13), പശ്ചിമ ബംഗാള്‍ (07), ബീഹാര്‍ (05), ഒഡീഷ (05), ജാര്‍ഖണ്ഡിലെ (03) എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പം കേന്ദ്ര ഭരണ പ്രദേശങ്ങളായ ജമ്മു കാശ്മീരിലെയും ലഡാക്കിലെയും ഒരോ മണ്ഡലങ്ങളിലും വോട്ടെടുപ്പാണ് നാളെ നടക്കുന്നത്.

വയനാട് കഴിഞ്ഞാല്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന രണ്ടാമത്തെ മണ്ഡലമായ റായ്ബറേലിയാണ് അഞ്ചാം ഘട്ടത്തിലെ സ്റ്റാര്‍ മണ്ഡലം. രാഹുല്‍ ഗാന്ധിയുടെ അമ്മ സോണിയാ ഗാന്ധി കഴിഞ്ഞ തവണ 1.67 ലക്ഷത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലത്തില്‍ യുപിയിലെ കൃഷി മന്ത്രിയും ബിജെപിയുടെ പ്രമുഖ നേതാവുമായ ദിനേശ് പ്രതാപ് സിംഗാണ് എതിരാളി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സോണിയയോട് ദിനേശ് പ്രതാപ് തോല്‍വി ഏറ്റുവാങ്ങിയിരുന്നു.

രാഹുല്‍ ഗാന്ധിയെ 55000 വോട്ടുകള്‍ക്ക് തോല്‍പ്പിച്ച കേന്ദ്ര വനിതാ-ശിശു വികസനമന്ത്രി സമൃതി ഇറാനിയാണ് അമേഠിയുടെ മറ്റൊരു സ്റ്റാര്‍ മത്സരാര്‍ത്ഥി. ഗാന്ധി കുടുംബത്തിന്റെ ദീര്‍ഘകാല വിശ്വസ്തനായ കെ.എല്‍ ശര്‍മ്മയെയാണ് ഇത്തവണ അമേഠിയുടെ കോട്ട കാക്കാന്‍ കോണ്‍ഗ്രസ് കളത്തില്‍ ഇറക്കിയിരിക്കുന്നത്. രാഹുലിന്റെ മുത്തശ്ശി ഇന്ദിരാഗാന്ധി, പിതാവ് രാജീവ് ഗാന്ധി എന്നിവരെ യഥാക്രമം പാര്‍ലമെന്റിലേക്ക് അയച്ച മണ്ഡലമാണ് അമേഠി. രണ്ട് പതിറ്റാണ്ടുകളായി കോണ്‍ഗ്രസിന്റെ കൈവശമിരുന്ന മണ്ഡലം 2004 ലും, 2009ലും 2014ലും അമേഠിയില്‍ വിജയിച്ച രാഹുല്‍ ഗാന്ധി 2019 ല്‍ സമൃതി ഇറാനിയില്‍ നിന്നും തോല്‍വി അറിയുകയായിരുന്നു.

യുപിയുടെ തലസ്ഥാനമായ ലഖ്നൗവില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തുടര്‍ച്ചയായ മൂന്നാം തവണയും മത്സരിക്കുന്നു. സമാജ്വാദി പാര്‍ട്ടിയുടെ (എസ്പി) രവിദാസ് മെഹ്റോത്രയുടെയും ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ (ബിഎസ്പി) സര്‍വാര്‍ മാലിക്കുമാണ് രാജ്‌നാഥ് സിംഗിന്റെ പ്രധാന ഏതിരാളികള്‍. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ കൈവശമായിരുന്ന ലഖ്നൗ സീറ്റ് 1991 മുതല്‍ ബിജെപി കോട്ടയാണ്.

മറ്റു പ്രധാന മണ്ഡലങ്ങള്‍

കൈസര്‍ഗഞ്ച്, ജാന്‍സി, ബാരാമുള്ള, മുംബൈ നോര്‍ത്ത് എന്നീ മണ്ഡലങ്ങളിലെ മത്സരങ്ങളും രാഷ്ട്രീയ ഇന്ത്യ ഉറ്റു നോക്കുന്നവയാണ്. യുപിയിലെ കൈസര്‍ഗഞ്ചില്‍ വിവാദ എംപിയും മുന്‍ റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിന്റെ മകന്‍ കിരണ്‍ സിംഗ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. പിതാവിനെതിരായുള്ള ആരോപണങ്ങള്‍ സംസ്ഥാന ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുക്കൂടിയായ കിരണ്‍ അതിജീവിക്കുമോയെന്ന് മത്സരഫലം കണ്ടറിയാം. സമാജ്വാദി പാര്‍ട്ടിയുടെ ഭഗത് റാം മിശ്ര, ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ നരേന്ദ്ര പാണ്ഡെ എന്നിവരാണ് പ്രമുഖ മത്സരാര്‍ത്ഥികള്‍. വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചെന്ന ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്നുണ്ടെങ്കിലും ബ്രിജ് ഭൂഷണ്‍ സിംഗ് തന്റെ മകനുവേണ്ടി സജീവമായി പ്രചാരണം നടത്തി.

ജാന്‍സി മണ്ഡലത്തില്‍ മുന്‍ കേന്ദ്രമന്ത്രി പ്രദീപ് ജെയിന്‍ ആദിത്യ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നു, സിറ്റിംഗ് എംപി അനുരാഗ് ശര്‍മ്മയാണ് ബിജെപിയുടെ എതിരാളി. പ്രാദേശിക വിദ്യാര്‍ത്ഥി നേതാവ് രവി പ്രകാശ് മൗര്യയെയാണ് ബിഎസ്പി ടിക്കറ്റില്‍ മത്സരിക്കുന്നത്. ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ ഒമര്‍ അബ്ദുള്ള, ജമ്മു & കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് (ജെകെഎന്‍സി) ടിക്കറ്റില്‍ ത്സരിക്കും. പീപ്പിള്‍സ് കോണ്‍ഫറന്‍സിന്റെ (പിസി) സജാദ് ലോണിനെതിരെയാണ് അദ്ദേഹം മത്സരിക്കുന്നത്. മുംബൈ നോര്‍ത്ത്‌മെയ് 20ന് നടക്കുന്ന അഞ്ചാം ഘട്ടത്തില്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ എതിരാളിയായി മത്സരിക്കുന്നത് കോണ്‍ഗ്രസിന്റെ ഭൂഷണ്‍ പാട്ടീലിനെതിരെയാണ് ഗോയല്‍ മത്സരിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ ലോക്‌സഭാ മണ്ഡലമായ ലഡാക്കിലും അഞ്ചാം ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥിയായി ടാഷി ഗയസ്ലാന്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത് ടെസ്‌റിങ് നമ്യങ്ങലിനെയാണ്.

ജാര്‍ഖണ്ഡ്: ഛത്ര, കോദര്‍മ, ഹസാരിബാഗ്
മഹാരാഷ്ട്ര: ധൂലെ, ഡിന്‍ഡോരി, നാസിക്, പാല്‍ഘര്‍, ഭിവണ്ടി, കല്യാണ്‍, താനെ, മുംബൈ നോര്‍ത്ത്, മുംബൈ നോര്‍ത്ത് – വെസ്റ്റ്, മുംബൈ നോര്‍ത്ത് – ഈസ്റ്റ്, മുംബൈ നോര്‍ത്ത് – സെന്‍ട്രല്‍, മുംബൈ സൗത്ത് – സെന്‍ട്രല്‍, മുംബൈ സൗത്ത്
ഒഡീഷ: ബര്‍ഗഡ്, സുന്ദര്‍ഗഡ്, ബോലാംഗീര്‍, കാണ്ഡമാല്‍, അസ്‌ക
ഉത്തര്‍പ്രദേശ്:മോഹന്‍ലാല്‍ഗഞ്ച്, ലഖ്നൗ, റായ്ബറേലി, അമേഠി, ജലൗണ്‍, ഝാന്‍സി, ഹമീര്‍പൂര്‍, ബന്ദ, ഫത്തേപൂര്‍, കൗശാമ്പി, ബരാബങ്കി, ഫൈസാബാദ്, കൈസര്‍ഗഞ്ച്, ഗോണ്ട
പശ്ചിമ ബംഗാള്‍: ബംഗോണ്‍, ബരാക്പൂര്‍, ഹൗറ, ഉലുബേരിയ, ശ്രീരാംപൂര്‍, ഹൂഗ്ലി, ആറാംബാഗ്
ജമ്മു കാശ്മീര്‍: ബാരാമുള്ള
ലഡാക്ക്: ലഡാക്ക്

ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് ഏപ്രില്‍ 19 ന് ആരംഭിച്ചു , അവസാന ഘട്ടം ജൂണ്‍ 1 ന് നടക്കും, കുറഞ്ഞത് 969 ദശലക്ഷം ആളുകള്‍ വോട്ട് ചെയ്യും പാര്‍ലമെന്റിന്റെ അധോസഭയായ ലോക്സഭയിലേക്ക് 36 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള ആളുകള്‍ 543 പ്രതിനിധികളെ തെരഞ്ഞെടുക്കപ്പെടാം. ജൂണ്‍ നാലിന് വോട്ടെണ്ണും. ഏപ്രില്‍ 19, ഏപ്രില്‍ 26, മെയ് 7 , മെയ് 13 എന്നീ ആദ്യ നാല് ഘട്ടങ്ങളില്‍ യഥാക്രമം 66.1, 66.7, 61 ശതമാനം, 67.3 ശതമാനം പോളിങ് രേഖപ്പെടുത്തി.