തിരുവനന്തപുരം മംഗലാപുരത്ത് പാചകവാതകവുമായി വന്ന ടാങ്കര്‍ ലോറി മറിഞ്ഞു. ഇന്ന് വെളുപ്പിന് നാലു മണിയോടെയാണ് കനത്ത മഴയില്‍ ദേശീയ പാത നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് മറിഞ്ഞത്. ശക്തമായ മഴയായതിനാല്‍ മണ്ണില്‍ താഴ്ന്ന ടാങ്കര്‍ മറിയുകയായിരുന്നു. വാതക ചോര്‍ച്ച ഇല്ലെന്നും വാഹനം ഉയര്‍ത്താന്‍ ശ്രമം നടക്കുകയാണെന്നും പൊലീസ് അറിയിപ്പ് നല്കി. ദേശീയപാത നിര്‍മ്മാണം നടക്കുന്നതിനാല്‍ വഴിതെറ്റി സര്‍വ്വീസ് റോഡ് വഴി വന്ന ടാങ്കറാണ് മറിഞ്ഞത്. കൊച്ചിയില്‍ നിന്ന് തിരുനെല്‍വേലിയിലേക്ക് പാചകവാതകവുമായി പോവുകയായിരുന്നു ലോറി. അപകടത്തില്‍ ഡ്രൈവര്‍ നാമക്കല്‍ സ്വദേശി എറ്റിക്കണ് (65) പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
അതിനിടെ, മംഗലപുരത്തെ പാചക വാതക ടാങ്കര്‍ അപകടത്തില്‍ പ്രദേശവാസികള്‍ക്ക് പൊലീസ് മുന്നറിയിപ്പ് നല്കി. ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുതെന്നാണ് അധികൃതരുടെ കര്‍ശന നിര്‍ദ്ദേശം. അപകടത്തില്‍പ്പെട്ട ലോറിയില്‍ നിന്നും ഗ്യാസ് മറ്റ് ലോറികളിലക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് പളളിപ്പുറം സിആര്‍പിഎഫ് മുതല്‍ മംഗലപുരം വരെയുള്ള ദേശീയ പാത വഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്.
ടാങ്കർ ലോറിയിൽ നിന്നും ഗ്യാസ് ചോരാത്തത് വലിയ ആശ്വാസമായെന്ന് പൊലീസ്. മൂന്ന് ടാങ്കറുകളിലേക്ക് എൽപിജി മാറ്റുന്ന നടപടികൾ പൂർത്തിയായി വരുന്നു. ടാങ്കറിലെ ഇന്ധനം മാറ്റിയശേഷം ക്രൈയിൻ ഉപയോഗിച്ച് മറിഞ്ഞ വണ്ടി മാറ്റുമെന്ന പൊലീസ് അറിയിച്ചു.