Crime

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി വെട്ടികൊല്ലാൻ ശ്രമം; 3 പേർ പിടിയിൽ

ആലപ്പുഴ: കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ച ഗുണ്ടകൾ പിടിയിൽ. കാപ്പാ കേസ് പ്രതികളായ കൃഷ്ണപുരം ഞക്കനാൽ അനൂപ് ഭവനത്തിൽ അനൂപ് ശങ്കർ (28), സഹോദരൻ അഭിമന്യു (സാഗർ – 24), പത്തിയൂർ എരുവ പുല്ലംപ്ലാവിൽ ചെമ്പക നിവാസിൽ അമൽ (ചിന്തു – 24) എന്നിവരാണ് പിടിയിലായത്. കേസിൽ ഉൾപ്പെട്ട രാഹുലിനായി അന്വേഷണം ഊർജ്ജിതമാക്കി. അരുൺ പ്രസാദ് എന്ന യുവാവിനെയാണ് പ്രതികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ചത്.

ആക്കനാട് കോളനിക്ക് സമീപത്തെ ഗ്രൗണ്ടിലും വടക്കുവശമുള്ള റെയിൽവേ ട്രാക്കിന് സമീപവും കഴിഞ്ഞ 16ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു ഗുണ്ടാസംഘം അഴിഞ്ഞാടിയത്.

മൂന്ന് ദിവസം മുമ്പ് നടന്ന ചില സംഭവങ്ങളാണ് പ്രശ്നങ്ങളുടെ തുടക്കം. അരുണ്‍പ്രസാദും ഗുണ്ടകളും തമ്മിൽ കായംകുളത്ത് വെച്ച് മദ്യപാനത്തിടെ സംഘർഷമുണ്ടായി. അനൂപ് ശങ്കറിനെ കുറച്ച് നാൾ മുമ്പ് കൊല്ലത്തെ ഒരു ഗുണ്ടാ സംഘം കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഈ സംഘവുമായി അരുണ്‍പ്രസാദിന് ബന്ധമുണ്ടെന്നാരോപിച്ച് പ്രശ്നങ്ങളുണ്ടായി. പൊലീസ് എത്തി അരുണ്‍പ്രസാദടക്കം രണ്ട് പേരെ സ്റ്റേഷനിലേക്ക് കൊണ്ട് പോയി. ഇതിനിടയിൽ ഗുണ്ടാ സംഘത്തില്‍പ്പെട്ട രാഹുലിന്‍റെ ഫോൺ അരുണ പ്രസാദ് പൊലീസുകാരെ ഏല്‍പ്പിച്ചു. ഇതിന്‍റെ വൈരാഗ്യം തീർക്കാൻ അരുണിനെ ഓച്ചിറയിൽ നിന്ന് ബൈക്കിൽ കായംകുളത്ത് എത്തിച്ച് റെയിൽ വേ ട്രാക്കിലിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വടിവാൾ അടക്കമുള്ള ആയുധങ്ങളുമായി ആക്രമിക്കുന്നത് ഗുണ്ടകൾ തന്നെ മൊബൈലിൽ പകര്‍ത്തി.

വിവരങ്ങൾ പൊലീസിനെ അറിയിച്ചാൽ ജാമ്യത്തിലിറങ്ങി വീട്ടിൽ കയറി വെട്ടിക്കൊല്ലുമെന്ന ഭീഷണിയോടെയാണ് വിട്ടയച്ചത്. മർദ്ദന ത്തിൽ അരുണിന്റെ വലത് ചെവിയുടെ കേള്‍വി ശക്തി നഷ്ടപ്പെട്ടു. മർദ്ദനത്തിനിരയായ അരുൺ പ്രസാദ് ചികിത്സയിലാണ്. അരുണിന്‍റെ ആപ്പിൾ ഫോണും ടൈറ്റാൻ വാച്ചും സംഘം കവർന്നു. 17 ഓളം കേസുകളിൽ പ്രതിയായ അനൂപും സഹോദരൻ അഭിമന്യുവും കാപ്പാ നിയമപ്രകാരം ജയിലിൽ കിടന്നവരാണ്. അമലിനെ ജില്ലയിൽനിന്നും കാപ്പാ നിയമപ്രകാരം നാടുകടത്തിയതാണ്.

അതേസമയം, ഗുണ്ടകളെ അമർച്ച ചെയ്യാൻ സംസ്ഥാന വ്യാപകമായി പൊലീസ് നടത്തുന്ന ഓപ്പറേഷൻ ആഗ് സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ആലപ്പുഴയിൽ നിന്നടക്കം നിരവധി പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. കരുവാറ്റ കന്നാലിപാലം ആദർശ് ഭവനത്തിൽ ആദർശിനെ (മുരുകൻ 22) കഴിഞ്ഞ ദിവസം തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. പൂജപ്പുര, ഹരിപ്പാട്, തൃക്കുന്നപ്പുഴ എന്നീ സ്റ്റേഷനുകളിൽ കേസിൽ പ്രതിയായ ആദർശ് ഒളിവിലായിരുന്നു. തൃക്കുന്നപ്പുഴ ഇൻസ്‌പെക്ടർ ശിവപ്രകാശിന്റെ നേതൃത്വത്തിൽ എസ്.ഐ ശിവദാസമേനോൻ, സി.പി.ഒമാരായ രാഹുൽ ആർ.കുറുപ്പ്,രാജേഷ്, ജഗനാഥ്, വിശാഖ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.