Kerala

ജിഷ വധക്കേസ്: വധശിക്ഷയ്ക്കെതിരെ പ്രതിയുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചയ്ക്ക് 1.45നാണ് ഡിവിഷൻ ബെഞ്ച് കേസ് പരിഗണിക്കുന്നത്. വധശിക്ഷയിൽ നിന്ന് മാത്രമല്ല കുറ്റവിമുക്തനാക്കി വെറുതെ വിടണമെന്നാണ് പ്രതിയുടെ ആവശ്യം. എന്നാൽ വധശിക്ഷ നടപ്പാക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലും ഇന്ന് ഉത്തരവുണ്ടാകും.

2017 ഡിസംബറില്‍ ആണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതി അമീറുല്‍ ഇസ്ലാം കേസില്‍ കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തിയത്. 1,500 പേജുള്ള കുറ്റപത്രം അനുസരിച്ച് ആയിരുന്നു വിചാരണ. ഒന്നര വര്‍ഷത്തില്‍ അധികം നീണ്ട വിചാരണയ്ക്ക് ഒടുവില്‍ വിചാരണ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. വധശിക്ഷ ആയതിനാല്‍ ശിക്ഷാവിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവയ്ക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറയുന്നത്.

2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂര്‍ സ്വദേശിയായ ജിഷയെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ ആഴത്തില്‍ ഏറ്റ മുറിവുകള്‍ ആയിരുന്നു മരണ കാരണം. കൊല്ലപ്പെടും മുന്‍പ് യുവതി പ്രതിയുടെ കൈയ്യില്‍ കടിച്ചു. ഇതിലൂടെ ലഭിച്ച സാമ്പിളിലെയും പ്രതിയുടെയും ഡിഎന്‍എ ഒരുപോലെയായി. അമീറുല്‍ ഇസ്ലാമിന്റെ രക്തം യുവതിയുടെ വസ്ത്രത്തില്‍ നിന്ന് ലഭിച്ചു. പ്രതിയുടെ ചെരുപ്പില്‍ നിന്നും യുവതിയുടെ ഡിഎന്‍എ കണ്ടെത്തി. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയില്‍ നിന്നും യുവതിയുടെ ഡിഎന്‍എ സാമ്പിള്‍ ലഭിച്ചു. ഇതെല്ലാം ശാസ്ത്രീയമായി തെളിയിച്ചാണ് യുവതിയെ ബലാത്സംഗം ചെയ്ത് കൊന്ന കുറ്റത്തിന് പ്രതിക്ക് പ്രൊസിക്യൂഷന്‍ വധശിക്ഷയെന്ന വിധി ഉറപ്പുവരുത്തിയത്.

Latest News