World

അഭയാർഥി ക്യാമ്പിലെ വീടിനുമേൽ ബോംബിട്ട് ഇസ്രായേൽ; കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 31 പേര്‍ കൊല്ലപ്പെട്ടു

ദുബൈ: റഫയിലേക്ക്​ കൂടുതൽ സൈന്യത്തെ അയച്ച് ആക്രമണം വിപുലപ്പെടുത്തി ഇസ്രായേൽ. ഗസ്സ നുസൈറാത് അഭയാർഥി ക്യാമ്പിലെ വീട്ടിൽ ഇസ്രായേൽ സൈന്യം ബോംബിട്ട് കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 31 പേരെ കൊലപ്പെടുത്തി. 20 പേർക്ക് പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കൂടുതൽ പേർക്കായി തിരച്ചിൽ തുടരുകയാണ്

കൂടുതൽ സൈനിക ബ്രിഗേഡുകളും സന്നാഹങ്ങളും എത്തിച്ച്​ റഫ ഉൾപ്പെടെ ഗസ്സയിൽ ആക്രമണം വിപുലീകരിച്ച്​ ഇസ്രായേൽ. വടക്കൻ, തെക്കൻ ഗസ്സകളിലായി സിവിലിയൻ കുരുതിയും വ്യാപകം. പിന്നിട്ട 24 മണിക്കൂറിനിടെ 64 ഫലസ്തീനികളെ കൂടി കൊല്ലപ്പെട്ടതോടെ ആകെ മരണസംഖ്യ 35,456 ആയി. വടക്കൻ ഗസ്സയിലെ ജബാലിയയിൽ ഫലസ്തീനികളുടെ 300 വീടുകൾ ഇസ്രായേൽ സൈന്യം തകർത്തു. ജബാലിയയിലെ അൽ ഔദ ആശുപത്രിക്ക് നേരെയും ഷെല്ലാക്രമണം നടന്നു. ഇതോടെ ആശുപത്രിയിൽ നൽകി വന്ന സേവനം താളംതെറ്റി. സഹായ വസ്തുക്കളുമായി വന്ന 3000 ട്രക്കുകളെ കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഇസ്രായേൽ തടഞ്ഞതായി ഗസ്സയിലെ സർക്കാർ മീഡിയ ഹൗസ് അറിയിച്ചു.

ഗുരുതര പരിക്കേറ്റ് വിദേശ ചികിത്സക്കായി കൊണ്ടുപോകുന്ന 690 പേരെ സൈന്യം റഫ, കരീം അബുസാലിം അതിർത്തികളിൽ തടഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഗസ്സയിൽ ഭക്ഷ്യവിതരണം അസാധ്യമെന്ന്​ വേൾഡ് ഫുഡ് പ്രോഗ്രാം അധികൃതർ.യു.എസ്​ ദേശീയ സുരക്ഷാ ഉപദേഷ്​ടാവ്​ ജെയ്​ക്​ സള്ളിവൻ ഇസ്രായേലിൽ പ്രധാനമന്ത്രി നെതന്യാഹുവുമായി ചർച്ച നടത്തി. റഫ ആക്രമണം കരുതലോടെ വേണമെന്ന്​ ജെയ്​ക്​ സള്ളിവൻ നിർദേശിച്ചു. ഹമാസി​​ന്‍റെ സൈനിക സംവിധാനം പൂർണമായി തകർക്കാൻ റഫയിൽ വ്യാപക ആക്രമണം അനിവാര്യമാണെന്നായിരുന്നു നെതന്യാഹുവിന്‍റെ പ്രതികരണം.

അതിർത്തികൾ തുറന്ന്​ ഗസ്സയിലേക്ക്​ കൂടുതൽ സഹായം എത്തിക്കാനുള്ള അമേരിക്കൻ ആവശ്യത്തോടും നെതന്യാഹുവിന്‍റെ ഭാഗത്തു നിന്ന്​ അനുകൂല പ്രതികരണം ഉണ്ടായില്ല. റഫയിലും വടക്കൻ ഗസ്സയിലും ചെറുത്തുനിൽപ്പ്​ ശക്​തമാണ്​. നിരവധി സൈനിക വാഹനങ്ങൾ തകർത്തതായി ഹമാസ്​. തെക്കൻ ഗസ്സയിൽ രണ്ട്​ സൈനികർ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ. ഗസ്സയിലെ ആക്രമണവുമായി ബന്ധപ്പെട്ട്​ ഇ​സ്രാ​യേ​ൽ മ​ന്ത്രി​സ​ഭ​യി​ൽ ഭി​ന്ന​ത രൂ​ക്ഷമായി. യു​ദ്ധ​ത്തി​നു ശേ​ഷം ഗ​സ്സ​യി​ൽ ന​ട​പ്പാ​ക്കേ​ണ്ട ഭാ​വി പ​ദ്ധ​തി​യി​ൽ ഉ​ട​ൻ തീ​രു​മാ​നം വേണമെന്നും ഇല്ലെങ്കിൽ ​രാജിവെക്കുമെന്നും വ്യക്​തമാക്കി മന്ത്രിസഭാംഗം ബെന്നി ഗാൻറ്​സ്​ രംഗത്ത്​. പ്രതിരോധ മന്ത്രി യോവ്​ ഗാലൻറ്​ ഉൾപ്പെടെയുള്ളവർ ഗാൻറ്​സിനെ പിന്തുണക്കുകയാണ്​. അതിനിടെ, ഗസ്സയിലെ യുദ്ധത്തിനെതിരെ പ്രതികരിക്കുന്നവരുടെ സ്വരം കേൾക്കാതെ പോകില്ലെന്ന്​ തെരഞ്ഞെടുപ്പ്​ പ്രചാരണ പരിപാടിക്കിടെ യു.എസ്​ പ്രസിഡൻറ്​ ബൈഡൻ അറിയിച്ചു.