കൊച്ചി : കണ്ടുനിന്നവര്‍ക്ക് കൗതുകവും അത്ഭുതവുമൊരുക്കി കാഴ്ച പരിമിതരുടെ നീന്തല്‍ പരിശീലനം സമാപിച്ചു. അന്ധരായ യുവാക്കള്‍ നീന്തുന്നത് കണ്ട് ചുറ്റും നിന്നവര്‍ മൂക്കത്ത് വിരല്‍ വെച്ച് അത്ഭുതപ്പെട്ടു. ശരിക്കും ഒരു അത്ഭുതം തന്നെയായിരുന്നു ഈ നീന്തല്‍ പരിശീലനം. കേരള ഫെഡറേഷന് ഓഫ് ദി ബ്ലൈന്റ് സംസ്ഥാന യൂത്ത് ഫോറവും കണ്ണൂര്‍ ജില്ലാ യൂണിറ്റും ഇക്ക്യൂബീന് ഫൗണ്ടേഷനും ചേര്‍ന്നാണ് കാഴ്ച പരിമിതര്‍ക്കുള്ള നീന്തല്‍ പരിശീലനം സംഘടിപ്പിച്ചത്.
കണ്ണൂരിലെ പിണറായിയിലായിരുന്നു പരിശീലനം. മലപ്പുറത്ത് നിന്നുള്ള കെ മുര്‍ഷിദ്, പി മുഹമ്മദ് സാദിഖലി, മന്‍സൂര്‍, പാലക്കാട് നിന്നുള്ള ഷെബീര്‍. കെ എ ഷെഫീക്ക്, ലെനിന്, മുഹമ്മദ് ഷാലിഖ്, കെ അനസ്, മുഹമ്മദ് ഷാ, ജിഷ്ണു ഗോപാല്‍ എന്നിവരാണ് പരിശീലനത്തില്‍ പങ്കെടുത്തത്. പിണറായി എരുവെട്ടി കോഴൂരിലെ കളരി ഗുരുക്കളും യോഗ അദ്ധ്യാപകനുമായ എം. പ്രകാശനായിരുന്നു പരിശീലകന്.
പത്ത് ദിവസമായിരുന്നു പരിശീലനം ഒരുക്കിയത്. യൂത്ത് ഫോറം സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ ടി സാരംഗ്, കെ എഫ് ബി ജില്ലാ പ്രസിഡന്റ് എം എം സാജിദ്, യൂത്ത് ഫോറം സെക്രട്ടറി പി ആര് രാജേഷ്, അരുണിമ, എന്നിവരാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. നീന്തല്‍ പരിശീലനത്തിന് പുറമെ ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് തലശ്ശേരി ബ്രണ്ണന്‍ കോളേജ് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ കരാട്ടെ പരിശീലകന് സി എന്‍ മുരളി കാഴ്ച പരിമിതര്‍ക്ക് കരാട്ടെ പരിശീലനവും നല്കി.