ഇറാനിലെ എല്ലാ വിശ്വാസികളുടെയും പ്രാര്‍ത്ഥനകള്‍ വിഫലമായ ദിവസം. ദൈവം കൈവിട്ടു കളഞ്ഞു. തങ്ങളുടെ പ്രസിഡന്റിനു വേണ്ടി ഊണും ഉറക്കവും കളഞ്ഞ് എല്ലാ സമയവും പടച്ചവനോട് അവര്‍ യാചിക്കുകയായിരുന്നു. ഈ കെട്ടകാലത്ത്, രാജ്യം അനാഥമാകാതിരിക്കാന്‍, തങ്ങളുടെ പ്രസിഡന്റിന് ഒന്നും സംഭവിക്കരുതേയെന്ന്. പക്ഷെ, പ്രാര്‍ത്ഥകനകളും യാചനകളുമെല്ലാം വിഫലമാക്കിക്കൊണ്ട് ഒട്ടും നിനച്ചിരിക്കാതെ വന്നെത്തിയ ദു:ഖവാര്‍ത്തയായിരുന്നു തങ്ങളുടെ പ്രസിഡന്റിന്റെ മരണം.
അതിന്റെ പൊള്ളലില്‍ സ്തബ്ധരായി നില്‍ക്കുകയാണ് ഇറാന്‍ ജനത ഒന്നാകെ. എന്താണ് സംഭവിച്ചതെന്നോ, എങ്ങനെയാണ് ഉള്‍ക്കൊള്ളേണ്ടതെന്നോ അറിയാതെ വിറങ്ങലിച്ചു നില്‍ക്കുകയാണ് ഇറാന്‍. എല്ലാം ശൂന്യമായ അവസ്ഥ. പെട്ടെന്ന് അനാഥരായപോലെ. ലോകം തന്നെ വിലിയ പ്രസിസന്ധികളിലൂടെയും അധിനിവേശങ്ങളിലൂടെയും യുദ്ധങ്ങളിലൂടെയും കടന്നു പോകുന്ന കാലഘട്ടമാണ് ഇപ്പോള്‍. ഈ സാഹചര്യത്തില്‍ ഒരു രാജ്യത്തിന് താങ്ങാനാവുന്നതിനും അപ്പുറമാണ് പ്രസിഡന്റിന്റെ അവിചാരിതമായ മരണം.
പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്ടര്‍ കാണാതായ വാര്‍ത്ത വന്നപാടെ എന്താണ്? സംഭവിച്ചതെന്ന ആധിയേറിയ ചോദ്യങ്ങളായിരുന്നു ഓരോരുത്തരുടെയും ഉള്ളില്‍ ഉദിച്ചത്. ഉള്ളിലൂടെ ഒരു കൊള്ളായാന്‍ മിന്നിയതു പോലെ, എല്ലാവരും പരക്കം പായുകയായിരുന്നു. കേട്ടവര്‍ കേട്ടവര്‍ പടച്ചോനെ വിളിച്ചു പോയി. ആപത്തൊന്നും സംഭവിക്കരുതേയെന്നും പ്രാര്‍ത്തിച്ചു. തൊട്ടു പിന്നാലെ ഹെലികോപ്ടര്‍ അപകടത്തില്‍ കാണാതായ പ്രസിഡന്റ് സയ്യിദ് ഇബ്രാഹീം റഈസിക്കും വിദേശകാര്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കണമെന്ന്, ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖുമേനിയുടെ പ്രസ്താവനയെത്തി. പിന്നെ കണ്ടത് രാഷ്ട്രം മുഴുവന്‍ പ്രാര്‍ഥനയിലേക്ക് വഴിമാറുന്നതാണ്.
ദേശീയ ടെലിവിഷനില്‍ മറ്റു പരിപാടികളെല്ലാം നിര്‍ത്തിവെച്ച് പ്രിയ നേതാവിനായുള്ള പ്രാര്‍ഥനകള്‍ മാത്രമായി ചുരുങ്ങി. മഷ്ഹദ് നഗരത്തില്‍ ആയിരങ്ങള്‍ പ്രാര്‍ഥനാ ചടങ്ങിനായി ഒത്തുകൂടി. ചെറു നഗരങ്ങളിലും ജനങ്ങള്‍ പ്രാര്‍ഥനക്കായി ഒത്തുചേര്‍ന്നു. പ്രസിഡന്റിനും വിദേശകാര്യ മന്ത്രിക്കും പുറമെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖുമേനിയുടെ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി ഹാഷിം, ഈസ്റ്റ് അസര്‍ബൈജാന്‍ ഗവര്‍ണര്‍ മാലിക് റഹ്‌മതി എന്നിവരും ആപത്തില്ലാതെ തിരിച്ചെത്തും എന്നുതന്നെ ഉറപ്പിച്ചിരുന്നു.
സാധാരണക്കാരോട് ചേര്‍ന്നുനിന്ന ഭരണാധികാരി. അതായിരുന്നു ജനങ്ങളില്‍ പലര്‍ക്കും റഈസി. താഴേതട്ടിലെ മനുഷ്യരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്താന്‍ റഈസി താല്‍പര്യമെടുത്തു. ഖുമൈനിയുടെ ചിന്തയില്‍ നിന്ന് ഊര്‍ജം സംഭരിച്ചും ഇറാനിയന്‍ വികാരത്തോട് ചേര്‍ന്നു നിന്നുമായിരുന്നു എന്നും റഈസിയുടെ യാത്ര. രാഷ്ട്രീയ പ്രക്ഷുബ്ധതകള്‍ക്കിടയിലും സൗമ്യ നയതന്ത്രം പയറ്റി ഇറാനുള്ളിലും പുറത്തും അസാമാന്യ സ്വാധീനമുറപ്പിച്ച വിദേശകാര്യ മന്ത്രി കൂടിയാണ് അമീറബ്ദുല്ലാഹിയാന്‍.
തങ്ങളുടെ പ്രിയപ്പെട്ടവര്‍ അടുത്ത മണിക്കൂറില്‍ തന്നെ മടങ്ങിയെത്തും എന്നുറപ്പിച്ചാണ് ഓരോ ഇറാനിയും കാത്തിരിപ്പ് തുടര്‍ന്നത്. പക്ഷെ, വിഫലമായ കാത്തിരിപ്പിനൊടുവില്‍ രാജ്യം തന്നെ ഔദ്യോഗികമായി പ്രസിഡന്റിന്റെയും വിദേശ കാര്യമന്ത്രിയുടെയും മരണം റിപ്പോര്‍ട്ടു ചെയ്യുകയായിരുന്നു. അവര്‍ മനസ്സുരുകി പ്രാര്‍ത്ഥിച്ചുവെന്നത് സത്യമാണ്. വിധി മറ്റൊരു രീതിിയില്‍ ഇറാന്‍കാരെ പരീക്ഷിച്ചുവെന്ന് വസ്തുതയും.
ഇസ്രയേലിന്റെ അധിനിവേശ സംസ്‌ക്കാരവും, സഖ്യകക്ഷികളുടെ എണ്ണപ്പാടത്തിലേക്കുള്ള നോട്ടവുമെല്ലാം അറബ് രാജ്യങ്ങളെ വല്ലാതെ ഭീഷണിയില്‍ നിര്‍ത്തുമ്പോഴാണ് ശക്തനായ ഒരു ഇസ്ലാം ഭരണാധികാരിയുടെ വിടവാങ്ങള്‍ ഉണ്ടായിരിക്കുന്നത്.
താഴേണ്ടിടത്ത് താഴുകയും, തഴയേണ്ടവരെ തഴയുകയും ചെയ്യുന്ന റഈസ് ഇന്ത്യയോട് കാണിച്ചിരുന്ന മമതയും, കരുതലും അത്ഭുതമാണ്. ലോകരാജ്യങ്ങള്‍ക്കു പോലും ഇതില്‍ അതിശയമാണ്. അങ്ങനെ ഇറാന്‍ ജനതയോട് ചേര്‍ന്നു നില്‍ക്കുകയും, ഓപ്പം ലോകത്തിലെ മറ്റു രാജ്യങ്ങളോട് കൂടുതല്‍ നയതന്ത്രബന്ധം പുലര്‍ത്തുകയും ചെയ്ത ഭരമാധികാരി കൂടിയാണ് റഈസ്.
ഇറാന്‍ സമയം വൈകീട്ട് അഞ്ചോടെയാണ് അപകടം നടന്നത്. ഹെലികോപ്ടര്‍ ഇറാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഈസ്റ്റ് അസര്‍ബൈജാനിലെ ജോല്‍ഫയില്‍ അടിയന്തരമായി നിലത്തിറക്കുകയായിരുന്നു എന്നാണ് ഔദ്യോഗിക ഇറാന്‍ ടെലിവിഷനായ ‘പ്രസ് ടി.വി’ റിപ്പോര്‍ട്ട് ചെയ്യുന്നത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണിതെന്നാണു വിവരം. ജോല്‍ഫയ്ക്കും വര്‍സഖാന്‍ നഗരത്തിനും ഇടയിലുള്ള ദിസ്മാര്‍ വനത്തിലാണു സംഭവം.
അപകടം നടന്ന് ഒരു മണിക്കൂറിനകം രക്ഷാപ്രവര്‍ത്തകരും പൊലീസും സംഭവസ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചിരുന്നു. തെഹ്റാന്‍, ആല്‍ബോര്‍സ്, അര്‍ദബീല്‍, സന്‍ജാന്‍, ഈസ്റ്റ് അസര്‍ബൈജാന്‍, വെസ്റ്റ് അസര്‍ബൈജാന്‍ എന്നീ പ്രവിശ്യകളില്‍ നിന്നെല്ലാമായി 40ഓളം രക്ഷാ സംഘങ്ങള്‍ സംഭവസ്ഥലത്തെത്തി. റെഡ് ക്രസന്റിന്റെ 15 കെ-9 സംഘങ്ങളും രണ്ട് റെഡ് ക്രസന്റ് ഡ്രോണുകളും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ചേര്‍ന്നു.
എന്നാല്‍, കനത്ത മൂടല്‍മഞ്ഞും മഴയും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. റെഡ് ക്രസന്റിന്റെ ഹെലികോപ്ടറുകള്‍ക്ക് പ്രദേശത്തിലൂടെ പറക്കാന്‍ സാധിക്കുന്നില്ലെന്നും പ്രസ് ടി.വി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനൊക്കെ ഒടുവിലാണ് തകര്‍ന്നു വീണ ഹെലിക്കോപ്ടര്‍ കണ്ടെത്തിയതും. പ്രസിഡന്റിന്റെ മരണം സ്ഥിരീകരിച്ചതും.