ഇറാന്റെ രാഷ്ട്രീയ നിലപാടുകളില്‍ തീവ്രപക്ഷത്തു നില്‍ക്കുന്ന കണിശക്കാരനായ പ്രസിഡന്റ്, ഇബ്രാഹിം റഈസിയുടെ അപ്രതീക്ഷ വിടവാങ്ങലിലൂടെ ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധ ഇറാനിലേക്ക് തിരിഞ്ഞിരിക്കുകയാണ്. നാഥനില്ലാ കളരിയെ നോട്ടം വെയ്ക്കുന്ന ലോക പോലീസും, ഇറാന്റെ പുതിയ പ്രസിഡന്റ് ആരാണെന്നറിയാന്‍ കൗതുകത്തോടെ നോക്കുന്ന രാജ്യങ്ങളും, ദുഖവും, ശൂന്യതയും തളംകെട്ടിയ അറബ് രാജ്യങ്ങളുമാണ് ഇറാനിലേക്കു നോക്കുന്നത്. ശഷക്തനായ ഭരണാധികാരിയുടെ അധികാരവും, ചെങ്കോലും അവിടെ അനാഥമായിരിക്കുകയാണ്. ഇനിയാര്?. ഇതാണ് ലോകം ഉറ്റുനോക്കുന്ന ചോദ്യവും.
എന്നാല്‍, ഇതുവരെ ഇറാനെ ശക്തമായി നയിച്ച, ഹെലിക്കോപ്ടര്‍ അപകടത്തില്‍ മരിച്ച ഇബ്രാഹിം റഈസി ആരാണെന്ന് അറിയാമേ. ആ ചോദ്യത്തിനിപ്പോള്‍ ചാട്ടുളിയേക്കാള്‍ മൂര്‍ച്ചയുണ്ട്. ആരാണ് ഇബ്രാഹിം റഈസി. മതത്തിലും രാഷ്ട്രീയത്തിലും വിട്ടുവീഴ്ചയില്ലാത്ത കടുപ്പക്കാരന്‍. ഇറാന്റെ പരമോന്നത നേതാവ് ഖുമേനിയുടെ പ്രിയപ്പെട്ട അനുയായി. അഴിമതി വിരുദ്ധന്‍ എന്ന പ്രതിച്ഛായയ്ക്കുടമ. അങ്ങനെ നീളുന്നു ഇബ്രാഹിം റഈസിയുടെ വിശേഷണങ്ങള്‍. 2017 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം 2021ലാണ് റഈസി 62 ശതമാനം വോട്ടോടുകൂടി അധികാരത്തിലേറുന്നത്.
അതിനു മുമ്പ് ജുഡീഷ്യറിയില്‍ അഗ്രഗണ്യനായി വിലസുകയായിരുന്നു. 2019 മാര്‍ച്ചിലാണു ജുഡീഷ്യറിയുടെ മേധാവിയായി നിയമിതനായത്. എന്നാല്‍ അതിനും മുമ്പ് പുരോഹിതരുടെ അമിത സമ്പത്ത് പിടിച്ചെടുത്ത് ഇല്ലാത്തവര്‍ക്ക് വിതരണം ചെയ്തിരുന്ന ഭൂ പരിഷ്‌കരണ നിയമത്തിന്റെ കാലത്ത് വിദ്യാര്‍ത്ഥി ആയിരുന്ന റഈസി ഇസ്ലാമിക വിപ്ലവത്തിന്റെ ഭാഗമായിരുന്നു. വിവിധ നഗരങ്ങളില്‍ പ്രോസിക്യൂട്ടറായി സേവനമനുഷ്ഠിച്ച റഈസി പിന്നീട് തലസ്ഥാനമായ ടെഹ്‌റാനില്‍ ഡെപ്യൂട്ടി പ്രോസിക്യൂട്ടറായി നിയമിതനായി. രാജ്യത്തെ സര്‍ക്കാര്‍ നേരിട്ട പ്രതിസന്ധികളില്‍ റഈസിയും മുന്നണിപ്പോരാളിയായി.
ഇതിനിടെ ടെഹ്റാനില്‍ ഡെപ്യൂട്ടി പ്രോസിക്യൂട്ടറായ റഈസിയെ, അയത്തൊള്ള ഖൊമേനി ഡെത്ത് കമ്മിഷന്റെ ചുമതലക്കാരനാക്കി. ഭരണത്തില്‍ വന്ന ശേഷം പടിഞ്ഞാറിനെ ഉപേക്ഷിച്ച് ചൈനയുമായുള്ള ബന്ധം ശക്തമാക്കി. ആണവ കരാരിനോടുള്ള എതിര്‍പ്പ് രാജ്യാന്തര തലത്തിലെ ഇറാന്റെ ബന്ധങ്ങളില്‍ ഉലച്ചിലുണ്ടാക്കി. ഇറാനെതിരെ വീണ്ടും കടുത്ത ഉപരോധങ്ങള്‍ ചുമത്തപ്പെട്ടു. ഇത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ കാര്യമായി ബാധിച്ചു. ഇതോടെ വീണ്ടും ആണവ പദ്ധതികള്‍ പുനരാരംഭിക്കുകയാണെന്ന് റഈസി പ്രഖ്യാപിച്ചു.
രാജ്യാന്തര വിഷയങ്ങളില്‍ റഈസി നടത്തിയ വിവാദ പ്രസ്താവനകള്‍ യുഎസ്, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളെ പ്രകോപിപ്പിച്ചു. ശരിയ കര്‍ശനമായും നടപ്പാക്കുകയും, മൊറാലിറ്റി പൊലീസ് സംവിധാനം ശക്തമാക്കുകയും ചെയ്തു. പിന്നാലെ രാജ്യം കണ്ട ഏറ്റവും വലിയ പ്രതിഷേധങ്ങള്‍ നടന്നു. ശരിയായി ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് മതകാര്യ പോലീസ് പിടിച്ച് കൊണ്ട്‌പോയി ക്രൂരമായി മര്‍ദ്ധിച്ചതിന് പിന്നാലെ മരണത്തിന് കീഴടങ്ങിയ മഹ്സ അമിനി എന്ന യുവതിയ്ക്ക് നീതി ആവശ്യപ്പെട്ട് ആരംഭിച്ച പ്രക്ഷോഭം ഇറാനിലെ ഏറ്റവും വലിയ പ്രക്ഷോഭങ്ങളിലൊന്നായി മാറി.
ഖുമേനിയുടെ കുടുംബ വീട് പോലും അക്രമികള്‍ അഗ്നിക്കിരയാക്കി. പിന്നാലെ ശക്തമായ അടിച്ചമര്‍ത്തലായിരുന്നു രാജ്യം കണ്ടത്. നിരവധി പ്രമുഖരെ പ്രക്ഷോഭ കാലത്ത് ഭരണകൂടത്തിനെതിരെ തിരിഞ്ഞു എന്ന കാരണത്താല്‍ വധശിക്ഷയ്ക്ക് വിധേയമാക്കി. പ്രതിഷേധങ്ങള്‍ നിശബ്ദമാക്കുന്നതില്‍ റഈസി ഇതുവരെയും തോല്‍വി കണ്ടിട്ടില്ല. ഫലസ്തീന്‍ വിഷയത്തില്‍ ഇസ്രയേലുമായി റഈസി സ്ഥിരമായി കൊമ്പുകോര്‍ത്തിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലില്‍ 300ല്‍ അധികം ഡ്രോണുകളും മിസൈലുകളും ഇസ്രയേലിലേക്ക് അയച്ചുള്ള ആക്രമണം നടത്തിയത് റഈസിയുടെ അനുവാദത്തോടെയായിരുന്നു.
പാശ്ചാത്യ ശക്തികളോട് എതിര്‍ത്തുനില്‍ക്കുന്ന സിറിയയുമായും ഫലസ്തീന്‍ പോരാട്ടത്തിന് പിന്തുണ നല്‍കുന്ന ലബനനിലെ ഹിസ്ബുല്ലയുമായും ഇറാന്‍ മികച്ച ബന്ധം കാത്തുസൂക്ഷിച്ചതും റഈസിയുടെ നിലപാടിന്റെ ഭാഗം തന്നെ. 1960 ഡിസംബര്‍ 14 ന് മാഷ്ഹദിലെ നൊഗാന്‍ ജില്ലയിലെ ഒരു പേര്‍ഷ്യന്‍ ക്ലറിക്കല്‍ കുടുംബത്തിലാണ് ഇബ്രാഹിം റഈസിന്റെ ജനനം. പിതാവ് സയ്യിദ് ഹാജി അദ്ദേഹത്തിന് 5 വയസ്സുള്ളപ്പോള്‍ മരണമടഞ്ഞു. റഈസിയുടെ ഭാര്യ ടെഹ്റാനിലെ യൂണിവേഴ്സിറ്റി അധ്യാപികയാണ്. രണ്ട് മുതിര്‍ന്ന പെണ്‍മക്കളുണ്ട്. റഈസിയുടെ മരണം ഇറാന്റെ നയങ്ങളില്‍ മാറ്റമുണ്ടാക്കിയേക്കില്ലെന്നാണ് വിദഗ്ദര്‍ കരുതുന്നത്. എന്നാല്‍ റഈസിയെ പകരം വെക്കുന്ന നേതാവിനെ കണ്ടെത്താന്‍ ഖുമേനിയയ്ക്കും ഇറാനും അത്ര എളുപ്പമാണോ?.