തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും വ്യാഴാഴ്ച വരെ മഴകനക്കും. ഇടുക്കി, പത്തനംതിട്ട, കോട്ടയം, ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചു.
കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഓറഞ്ച് അലേർട്ടും കാസറഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. നാളെ അഞ്ചു ജില്ലകളിൽ ഓറഞ്ച് അലേർട്ടും 6 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുമുണ്ട്. വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരും എന്നാണ് പ്രവചനം.മ ഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. മലയോര മേഖലകളിൽ ജാഗ്രത തുടരണം.
ബുധനാഴ്ചയോടെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
അതിതീവ്ര മഴയെത്തുടർന്ന് കോട്ടയം ജില്ലയിലെ മലയോര മേഖലയിലേക്കും ഈരാറ്റുപേട്ട-വാഗമൺ റോഡിലൂടെയുള്ള രാത്രികാല യാത്രകൾ ജില്ലാ കലക്ടർ നിരോധിച്ച് ഉത്തരവിറക്കി. മേയ് 20, 21 തിയതികളിലാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.
ഈ മേഖലയിൽ രാത്രികാലങ്ങളിൽ അടിയന്തര സാഹചര്യത്തിൽ സഞ്ചരിക്കേണ്ടി വരുന്നവർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും മുൻകൂർ അനുമതി തേടുകയും ചെയ്യണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപഴ്സൻ കൂടിയായ ജില്ലാ കലക്ടർ നിർദ്ദേശിച്ചു.