കൊറിയൻ ഉപദ്വീപിൽ സ്ഥിതി ചെയ്യുന്ന ഉത്തര, ദക്ഷിണ കൊറിയകൾ പതിറ്റാണ്ടുകളായി കൊടും ശത്രുതയിലാണ്. ഇരുരാജ്യങ്ങൾക്കുമിടയിൽ സൈന്യരഹിത മേഖലയും സ്ഥിതി ചെയ്യുന്നുണ്ട്. ഡീ മിലിട്ടറൈസ്ഡ് സോൺ എന്ന് ഈ മേഖല അറിയപ്പെടുന്നു. എന്നാൽ ഈ മേഖല ജൈവവൈവിധ്യത്തിന്‌റെ വലിയൊരു താവളം കൂടിയാണ്. സൈബീരിയൻ കടുവയും അമുർ പുലിയും ഇവിടെ വസിക്കുന്നുണ്ടെന്നാണ് അഭ്യൂഹമെങ്കിലും ഇവയെ കണ്ടെത്തിയിട്ടില്ല. എന്നാൽ മറ്റ് 3 വലിയ സസ്തനികൾ ഇവിടെ ജീവിക്കുന്നുണ്ട്. ഏഷ്യാട്ടിക് ബ്ലാക് ബീയർ, ഗോറൽ, കസ്തൂരിമാൻ എന്നിവയാണ് ഇവ. 240 കിലോമീറ്ററിലധികം നീണ്ടുകിടക്കുന്ന ഈ മേഖലയിൽ മനുഷ്യവാസമില്ല.
മൈനുകളും വേലികളും മറ്റുംകൊണ്ട് ഈ മേഖല സംരക്ഷിച്ചിരിക്കുന്നു. അതിനാൽ തന്നെ വലിയ ജന്തുവൈവിധ്യമുണ്ട്. 6168 സ്പീഷീസിലുള്ള ജീവികൾ ഇവിടെ ജീവിക്കുന്നുണ്ടത്രേ. ഗോൾഡൻ ഈഗിൾ, കാട്ടുപൂച്ചകൾ, മലയാടുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും. ഈ മൂന്ന് സ്പീഷീസുകളും കടുത്ത പ്രതിസന്ധി നേരിടുന്നവയാണ്. കൊറിയയിലെ വംശനാശഭീഷണി നേരിടുന്ന 267 ജീവികളിൽ 38 ശതമാനവും ജീവിക്കുന്നത് ഈ സേനാരഹിതമേഖലയിലാണെന്നത് ഇതിന്റെ പ്രാധാന്യം എടുത്തു കാട്ടുന്ന വസ്തുതയാണ്. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ഈ മേഖലയിൽ നിന്നുള്ള അപൂർവ ചിത്രങ്ങൾ പുറത്തിറങ്ങിയിരുന്നു.
സൈനികമുക്ത മേഖലയിലെ പൻമുൻജോങ് ലോകപ്രശസ്തമാണ്. ഇരു കൊറിയകളിലായി സ്ഥിതിചെയ്യുന്ന കെട്ടിടങ്ങൾ ഇവിടെയുണ്ട്. ഉത്തരകൊറിയൻ ഭാഗവും ദക്ഷിണകൊറിയൻ ഭാഗവും ഇവയ്ക്കുണ്ട്.2018ൽ കിമ്മും അന്നത്തെ ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇന്നും പാൻമുൻജോങ്ങിൽ സമാധാന ചർച്ചകൾ നടത്തിയിരുന്നു. 1945ലാണ് കൊറിയൻ കരയെ യുഎസിന്റെയും സോവിയറ്റ് യൂണിയന്റെയും നേതൃത്വത്തിൽ ദക്ഷിണ, ഉത്തര കൊറിയകളായി വിഭജിച്ചത്. ശീതയുദ്ധകാലത്തിന്റെ ശ്രദ്ധേയമായ സംഭവങ്ങളിലൊന്നായിരുന്നു ആ വിഭജനം.
ഇതെത്തുടർന്ന് കൊറിയൻ പ്രതിസന്ധി ഉടലെടുക്കുകയും ഇതു 1950 മുതൽ 53 വരെ നീണ്ടു നിന്ന പ്രശസ്തമായ കൊറിയൻ യുദ്ധത്തിലേക്കു നയിക്കുകയും ചെയ്തു. ലക്ഷക്കണക്കിനു പേരാണ് അന്ന് ഇരുകൊറിയകളിലുമായി കൊല്ലപ്പെട്ടത്. പിന്നീടും ഏറ്റുമുട്ടലുകളുണ്ടായിട്ടുണ്ടെങ്കിലും യുദ്ധങ്ങളിലേക്കു നയിച്ചില്ല. ഇതെത്തുടർന്നാണ് സേനാവിമുക്ത മേഖല സ്ഥാപിച്ചത്. മനുഷ്യസംഘർഷങ്ങൾ നടക്കുന്നിടത്തും ആരോഗ്യപരമായ പരിസ്ഥിതി വൈവിധ്യം ഉടലെടുക്കാമെന്ന സന്ദേശമാണ് ഇവിടത്തെ ജൈവ വൈവിധ്യം കാട്ടിത്തരുന്നത്.