പാപ്പുവ ന്യുഗിനിയ, ഇന്തൊനീഷ്യയ്ക്കും ഓസ്ട്രേലിയയ്ക്കും ഇടയിലുള്ള ഈ ദ്വീപസമൂഹം നരഭോജികളുടെ കഥകളുറങ്ങുന്ന നാടാണ്. ആരെയും ആകർഷിക്കുന്ന പറുദീസ പറവകളാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. പക്ഷിനീരീക്ഷകരുടെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണ് ബേർഡ്സ് ഓഫ് പാരഡൈസ് എന്ന അത്യപൂർവ പക്ഷികളെ കാണുക എ ന്നത്. ന്യൂഗിനിയ എന്ന കൊച്ചുദ്വീപിൽ മാത്രം കാണുന്ന സുന്ദരൻ കിളികളാണ് ഇവ. ഇതിൽ കാട്ടിൽ ‘വെടിയുതിർക്കുന്നവരുണ്ട്’. രത്നങ്ങൾ പോലെ പ്രകാശം വാരിവിതറുന്നവരുണ്ട്. അദ്ഭുത എൻജിനീയർമാരുണ്ട്. ഇന്റീരിയർ ഡെക്കറേഷൻ ചെയ്യുന്നവരുണ്ട്. നർത്തകരുണ്ട്. ഇതൊക്കെക്കൊണ്ടാണിവ പറുദീസാപ്പറവകൾ എന്നറിയപ്പെടുന്നത്. ഭൂരിഭാഗം ഇനങ്ങളെ കാണുന്നതുപോലും അപൂർവം. ഇതിലെല്ലാം കഠിനം ന്യൂഗിനിയയിലൂടെ സഞ്ചരിക്കുകയാണ്.
നിഗൂഢതയുടെ വശ്യഭാവമാണ് ന്യൂഗിനിയ എന്ന ദ്വീപ്. മനുഷ്യമാംസം കഴിക്കുന്നവരടക്കം ആയിരം ഗോത്രവർഗങ്ങൾ നമ്മുടെ രാജസ്ഥാനെക്കാൾ ഒരു ലക്ഷം ചതുരശ്രകിലോമീറ്റർ മാത്രം വിസ്തൃതി കൂടുതലുള്ള ഈ ദ്വീപിൽ താമസിക്കുന്നു. എണ്ണൂറിലധികം ഭാഷകൾ ഇവിടുണ്ട്. ലോകത്തെ ഏറ്റവും അപ്രാപ്യമായ സ്ഥലങ്ങളിലൊന്നായ ദ്വീപ് മുഴുവൻ സ്വകാര്യസ്ഥലങ്ങളാണ്. ഓരോ ഗോത്രത്തിനും സാമ്രാജ്യമുണ്ട് ഇവിടെ. എന്നാലോ? അതിർത്തികൾ വ്യക്തമായി തിരിച്ചിട്ടില്ലാത്തതിനാൽ ഒരു സഞ്ചാരിക്കതു മനസ്സിലാക്കാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ പക്ഷികളുടെ പിന്നാലെ പോയി അതിർത്തി ഭേദിച്ചതിന്റെ പേരിൽ അമ്പേറ്റു മരിച്ചവർ ഏറെ. അതിരുകടക്കുന്നവരെ നിഷ്കരുണം വകവരുത്താൻ മടിക്കില്ല ദേശവാസികൾ. കാരണം അതിർത്തിലംഘനമാണ് ഇവിടുത്തെ പൊറുക്കാനാവാത്ത കുറ്റങ്ങളിലൊന്ന്.
പതിനഞ്ചാം നൂറ്റാണ്ടിലാണ് സുഗന്ധവ്യഞ്ജനങ്ങൾ തേടിയിറങ്ങിയ യൂറോപ്യൻ കപ്പലോട്ടക്കാർ ആഫ്രിക്കയിലെ ഗിനിയ കണ്ടുപിടിക്കുന്നത്. അവിടുന്ന് വീണ്ടും യാത്ര തിരിച്ച അവർ ഇന്തൊനീഷ്യക്ക് തെക്കു കിഴക്കുള്ള വനനിബിഡമായ ദ്വീപിലെത്തി. അവിടെ തദ്ദേശീയരായ ‘ആഫ്രിക്കക്കാരെ’ കണ്ട് യൂറോപ്പ്യൻമാർ ഞെട്ടിയിട്ടുണ്ടാവണം. ആഫ്രിക്കയിലെ ഗിനിയൻ രീതിയിലുള്ള ജ നത. ‘പുതിയ ഗിനിയയ്ക്ക്’അവർ ന്യൂഗിനിയ എന്നു പേരിട്ടു. കാലക്രമേണ, ഈ ദ്വീപിന്റെ ഓരോ ഭാഗങ്ങൾ ജർമൻകാരും ഇംഗ്ലിഷ്കാരും ഡച്ചുകാരും വെട്ടിപ്പിടിച്ചു. യൂറോപ്യൻമാർ എത്തുന്നതിനു മുമ്പേ ഇന്തൊനീഷ്യയുമായി ദ്വീപിലുള്ളവർക്കു ബന്ധങ്ങളുണ്ടായിരുന്നു. ഇവരെ ചുരുണ്ട മുടിക്കാർ എന്നർഥമുള്ള പാപ്പുവ എന്നായിരുന്നു ഇന്തൊനീഷ്യക്കാർ വിളിച്ചിരുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകാതിർത്തികൾ മാറ്റിവരയ്ക്കപ്പെട്ടപ്പോൾ ന്യൂഗിനിയ ദ്വീപ് രണ്ടായി. കിഴക്കൻ പാതി പാപ്പുവ ന്യൂഗിനിയ എന്ന സ്വതന്ത്രരാജ്യമായി. മറുപാതി ഇന്തൊനീഷ്യയുടെ കീഴിൽ വെസ്റ്റ് പാപ്പുവ എന്ന സംസ്ഥാനവും.
പന്നികളാണ് ന്യുഗിനിയയിലെ സമ്പത്തിന്റെ അളവുകോൽ. പറുദീസാപ്പറവകൾ പ്രധാനമായും കാക്കയുടെ വിഭാഗത്തിൽപെടുന്ന ന്യൂഗിനിയ പക്ഷികുടുംബമാണ്. നമുക്കറിയാവുന്ന നാൽപത്തൊന്നിന പക്ഷികളിൽ മുപ്പത്തേഴെണ്ണവും ദ്വീപിൽ കാണപ്പെടുന്നു. ഒരേ കുടുംബത്തിൽപെട്ടവയാണെങ്കിലും വിവിധ ഇനങ്ങൾ തമ്മിൽ ആകാരത്തിലും ഭക്ഷണക്രമത്തിലും നിറങ്ങളിലും ഇണചേരൽ പ്രക്രിയയിലുമെല്ലാം വ്യത്യസ്തത പുലർത്തുന്നു. ഇണയെ ആകർഷിക്കാൻ ആൺപക്ഷികൾ നടത്തുന്ന ചിട്ടയാർന്ന നൃത്തപ്രകടനമാണ് പറുദീസാപ്പക്ഷികളുടെ പ്രധാന സവിശേഷത.