മുസ്ലീം മത വിഭാഗക്കാര്‍ക്കെതിരെയും രാഷ്ട്രീയ നേതാക്കളെക്കുറിച്ചും വിദ്വേഷം പരത്തുന്ന തരത്തിലുള്ള പരസ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവം അംഗീകരിച്ച് ഫെയ്‌സ്ബുക്കിന്റെ മാതൃ കമ്പിനിയായ മെറ്റ. ഇന്ത്യ സിവില്‍ വാച്ച് ഇന്റര്‍നാഷണലും (ICWI) കോര്‍പ്പറേറ്റ് അക്കൗണ്ടബിലിറ്റി ഓര്‍ഗനൈസേഷനായ ഇക്കോ (eko) യ്ക്കു സമര്‍പ്പിച്ച വീഡിയോകള്‍ക്ക് ലഭിച്ച മറുപടിയിലാണ് വിദ്വഷ പരസ്യങ്ങളില്‍ പ്രശ്‌നമില്ലെന്ന് മെറ്റ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്യമെന്ന നിലയില്‍ നിരവധി ഫേക്ക് വീഡിയോകളും, ഫെയ്‌സ്ബുക്ക് കാര്‍ഡുകളും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതെല്ലാം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സംവിധാനത്തിന്റെ സഹായത്തോടെ നിര്‍മ്മിച്ചിരിക്കുന്നതാണ്. തെറ്റായ വിവരങ്ങള്‍ പ്രചരിക്കുമ്പോള്‍ അതു ചടൂണ്ടിക്കാട്ടിയാലും ഫെയ്‌സ്ബുക്ക് ഫീഡുകളില്‍ നിന്നം മെറ്റ ഇതൊന്നും മാറ്റുന്നില്ല. ദിനംതോറും നിരവധി ഷെയറുകളാണ് ഇത്തരം വ്യാജ പോസ്റ്റുകളും പരസ്യങ്ങളും വിവിധ ഹാന്‍ഡിലുകളിലൂടെ പ്രചരിക്കപ്പെടുന്നത്.
വിദ്വേഷ പ്രസംഗത്തെക്കുറിച്ചുള്ള മെറ്റയുടെ നയം ലംഘിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളടങ്ങിയ അഞ്ച് പരസ്യങ്ങള്‍ മെറ്റ വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, പച്ചയായ വര്‍ഗ്ഗീയ പോസ്റ്റുകള്‍ പ്രചരിപ്പിച്ച; ‘നമുക്ക് ഈ കീടങ്ങളെ കത്തിക്കാം’, ‘ഹിന്ദു രക്തം ഒഴുകുന്നു, ഈ അധിനിവേശക്കാരെ ചുട്ടുകളയണം’ എന്നിങ്ങനെയുള്ള ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കെതിരെയുള്ള അധിക്ഷേപങ്ങളും രാഷ്ട്രീയ നേതാക്കളെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളും ഹിന്ദു മേല്‍ക്കോയ്മ ഭാഷയിലുള്ള മറ്റ് സന്ദേശങ്ങളും അടങ്ങിയ പരസ്യങ്ങള്‍ ഫെയ്‌സ്ബുക്ക് അവരുടെ നയങ്ങള്‍ക്ക് വിരുദ്ധമായി അംഗീകരിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ബിജെപിയുടെ കര്‍ണാടക ഘടകം പങ്കിട്ട ഒരു ആനിമേറ്റഡ് വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിന് അടുത്തിടെ നീക്കം ചെയ്യേണ്ടി വന്ന സമയത്താണ് ഫെയ്‌സ്ബുക്ക് പലതരം പോസ്റ്റുകള്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. മെറ്റ അംഗീകരിച്ച മറ്റൊരു പരസ്യം, തെറ്റായ അവകാശവാദം അനുസരിച്ച് ”ഹിന്ദുക്കളെ ഇന്ത്യയില്‍ നിന്ന് ഇല്ലാതാക്കാന്‍” ശ്രമിച്ച പ്രതിപക്ഷ നേതാവിന്റെ വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. ഈ പരസ്യത്തില്‍ സന്ദേശത്തിനൊപ്പം പാകിസ്ഥാന്‍ പതാകയുടെ ചിത്രവും ഉണ്ടായിരുന്നു.
ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, ഗുജറാത്തി, കന്നഡ ഭാഷകളില്‍ 22 പരസ്യങ്ങള്‍ ICWI മെറ്റയ്ക്ക് സമര്‍പ്പിച്ചു, അതില്‍ 14 എണ്ണം അംഗീകരിച്ചു. മറ്റ് മൂന്നെണ്ണം ചെറിയ മാറ്റങ്ങള്‍ വരുത്തി അംഗീകരിച്ചു. അംഗീകൃത പരസ്യങ്ങളിലെല്ലാം AI- കൃത്രിമത്വമുള്ള ചിത്രങ്ങളുടെ സാന്നിധ്യം കണ്ടെത്തുന്നതില്‍ മെറ്റാ പരാജയപ്പെട്ടുവെന്നാണ് ICWI ഗവേഷണ ഫലത്തിന്റെ കണ്ടെത്തലിലെ നിഗമനം. ഇന്ത്യ സിവില്‍ വാച്ച് ഇന്റര്‍നാഷണല്‍ വിദ്വേഷം നിറഞ്ഞ ഹാനികരമായ രാഷ്ട്രീയ ഉള്ളടക്കം കണ്ടെത്തുന്നതിനും തടയുന്നതിനുമുള്ള മെറ്റ കമ്പനിയുടെ സംവിധാനം പരിശോധിക്കുന്നതിനായി അവരുടെ പരസ്യ ലൈബ്രറിയില്‍ ഇത്തരം വീഡിയോകളും പോസ്റ്റുകളും സമര്‍പ്പിച്ചു. മെറ്റ അധികൃതര്‍ എഐയുടെ സഹായത്തോടെയാണ് പരസ്യങ്ങളുള്‍പ്പടെ എല്ലാം പരിശോധിച്ചത്. അതില്‍ ഉള്ളടക്കത്തിന് പ്രശ്‌നമില്ലെന്ന് മെറ്റ കണ്ടെത്തിയവയെ അവര്‍ അത് പരസ്യമായും പോസ്റ്റായും അംഗീകരിക്കുകയായിരുന്നു. ഇതോടെ മുസ്ലീങ്ങള്‍ക്കെതിരെ വര്‍ഗീയ വിദ്വേഷ പ്രസംഗം, ഭീഷണിപ്പെടുത്തല്‍, ഉപദ്രവിക്കല്‍, തെറ്റായ വിവരങ്ങള്‍ നല്‍കല്‍, അക്രമം എന്നിവയില്‍ മെറ്റ കാര്‍ക്കശ്യമായി കൊണ്ടു പോയിരുന്ന സ്വന്തം നയങ്ങളില്‍ നിന്നും മെറ്റ മാറിയതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
സ്ഥാപന മേധാവിത്വവാദികള്‍ക്കും വംശീയവാദികള്‍ക്കും സ്വേച്ഛാധിപതികള്‍ക്കും ഹൈപ്പര്‍ ടാര്‍ഗെറ്റ് പരസ്യങ്ങള്‍ ഉപയോഗിച്ച് വിദ്വേഷ പ്രസംഗങ്ങള്‍ പ്രചരിപ്പിക്കാനും പള്ളികള്‍ കത്തിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കിടാനും അക്രമാസക്തമായ ഗൂഢാലോചന സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കാനും കഴിയുമെന്ന് ഉറപ്പാക്കുകയാണ് മെറ്റ നടപടിയെന്ന് ഇക്കോയിലെ ഒരു ഗവേഷകനായ മായിന്‍ അഹമ്മദ് പറഞ്ഞു. കൂടാതെ മെറ്റ അവരില്‍ നിന്നും പണം സന്തോഷത്തോടെ സ്വീകരിക്കും, ചോദ്യങ്ങളൊന്നും ചോദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമോഫോബിയയെ ഉള്‍പ്പടെ തങ്ങളുടെ പ്ലാറ്റ്ഫോമുകളില്‍ നിന്നും നിയന്ത്രിക്കുന്നതില്‍ മെറ്റ പരാജയപ്പെട്ടുവെന്ന് മുന്‍പുള്ള ആരോപണങ്ങള്‍ സാധൂകരിക്കുന്നതാണ് മെറ്റയുടെ ഇപ്പോഴത്തെ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.
മെറ്റ, ഗവേഷകര്‍ക്ക് നല്‍കിയ മറുപടിയില്‍ ഇത്തരം പരസ്യങ്ങളും പോസ്റ്റുകളും ഷെയര്‍ ചെയ്യുന്നവര്‍ എഐയുടെ ഉപയോഗം വെളിപ്പെടുത്തണമെന്ന് പറഞ്ഞു. ”ഞങ്ങളുടെ കമ്മ്യൂണിറ്റി മാനദണ്ഡങ്ങളോ കമ്മ്യൂണിറ്റി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോ ലംഘിക്കുന്ന പരസ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഉള്ളടക്കം കണ്ടെത്തുമ്പോള്‍, അതു ഞങ്ങള്‍ അത് നീക്കംചെയ്യും. എഐ സൃഷ്ടിച്ച ഉള്ളടക്കം ഞങ്ങളുടെ സ്വതന്ത്ര ഫാക്റ്റ് ചെക്ക് ചെയ്യുന്നവര്‍ പരിശോധിക്കുന്നുണ്ട്. അവര്‍ നല്‍കുന്ന റേറ്റിങ് അനുസരിച്ചാണ് മെറ്റ കണ്ടന്റുകള്‍ മാറ്റുകയും അതില്‍ മറുപടി ചോദിക്കുന്നതും. ഒരിക്കല്‍ ഒരു ഉള്ളടക്കം ‘മാറ്റിയത്’ എന്ന് ലേബല്‍ ചെയ്താല്‍ ഞങ്ങള്‍ പിന്നെ അതിനെ ഷെയര്‍ ചെയ്യാറില്ല. ചില സന്ദര്‍ഭങ്ങളില്‍ രാഷ്ട്രീയമോ സാമൂഹികമോ ആയ ഒരു പരസ്യം സൃഷ്ടിക്കുന്നതിനോ മാറ്റുന്നതിനോ എഐ അല്ലെങ്കില്‍ ഡിജിറ്റല്‍ രീതികള്‍ ഉപയോഗിക്കുമ്പോള്‍ ആഗോളതലത്തിലുള്ള പരസ്യദാതാക്കളും ക്രിയേറ്റേഴ്‌സും അത് വെളിപ്പെടുത്തണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെന്നും മെറ്റ കമ്പനി പറഞ്ഞു.