സിംഗപ്പൂര്‍: യാത്രാമധ്യേ നിയന്ത്രണം വിട്ട് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ആടിയുലഞ്ഞതിനെ തുടര്‍ന്ന് ഒരു യാത്രക്കാരന് മരിക്കുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലണ്ടനില്‍ നിന്ന് സിംഗപ്പൂരിലേക്ക് സര്‍വീസ് നടത്തുമ്പോഴാണ് സംഭവം. സിംഗപ്പൂര്‍ എയര്‍ലൈന്‍സ് മരണം സ്ഥിരീകരിച്ചു.
ലണ്ടനിലെ ഹീത്രൂ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സിംഗപ്പൂര്‍ ലക്ഷ്യമാക്കി പറന്നുയര്‍ന്ന sq321 സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനമാണ് യാത്രാമധ്യേ ആകാശച്ചുഴിയില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം ആടിയുലയാന്‍ തുടങ്ങിയതോടെയാണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. തുടര്‍ന്ന് സുരക്ഷയുടെ ഭാഗമായി ബാങ്കോക്കിലേക്ക് വിമാനം തിരിച്ചുവിട്ടു. ചൊവ്വാഴ്ച പ്രാദേശിക സമയം 3.45ന് വിമാനം ബാങ്കോക്കില്‍ അടിയന്തരമായി നിലത്തിറക്കി.
ബോയിങ് വിമാനത്തില്‍ 18 ക്രൂ മെമ്പര്‍മാരും 211 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. മരിച്ച യാത്രക്കാരന്റെ കുടുംബത്തില്‍ ദുഃഖത്തില്‍ പങ്കുചേരുന്നതായി എയര്‍ലൈന്‍സ് അറിയിച്ചു. നിരവധിപ്പേര്‍ക്ക് പരിക്ക് പറ്റിയതായും സ്ഥിരീകരിച്ച സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, യാത്രക്കാര്‍ക്ക് ആവശ്യമായ വൈദ്യസഹായം ഉള്‍പ്പെടെ ഉറപ്പാക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും അറിയിച്ചു. തായ്ലന്ഡ് സര്‍ക്കാരുമായി ചേര്‍ന്ന് പരിക്കേറ്റ യാത്രക്കാര്‍ക്ക് വൈദ്യസഹായം നല്‍കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിന് ഒരു സംഘത്തെ ബാങ്കോക്കിലേക്ക് അയച്ചതായും സിംഗപ്പൂര്‍ എയര്‍ലൈന്‍സ് അറിയിച്ചു.