തിരുവനന്തപുരം: മസ്കത്തിൽ മരിച്ച തിരുവനന്തപുരം കരമന സ്വദേശി നമ്പി രാജേഷിന്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിക്കും പരാതി നൽകി. എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരവും മനുഷ്യത്വ രഹിതവുമായ വീഴ്ചയെന്ന് ആരോപിച്ചാണ് നമ്പി രാജേഷിൻ്റെ വിധവ അമൃത മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത്.
എയർഇന്ത്യ എക്സ്പ്രസ് ഗുരുതര വീഴ്ച കാരണം ആൻജിയോ പ്ലാസ്റ്റി കഴിഞ്ഞിരുന്ന രാജേഷിനെ അവസാനമായി ഒരു നോക്ക് കാണാനുള്ള അവസരം ലഭിച്ചില്ലെന്ന് കുടുംബം പരാതിയിൽ പറയുന്നു. അമൃതയും 2 മക്കളും മുഖ്യമന്ത്രിയെ നേരിൽ കണ്ടാണ് വിഷയത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് പരാതി നൽകിയത്.
തനിക്കും കുട്ടികൾക്കും സംസ്ഥാന സർക്കാരിന്റെ സഹായം ലഭ്യമാക്കണം. നഷ്ടപരിഹാരം ലഭിക്കാൻ സഹായിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. താൻ കേണപേക്ഷിച്ചിട്ടും എയർ ഇന്ത്യ എക്സ്പ്രസ് നടപടി സ്വീകരിച്ചില്ലെന്ന് ഭാര്യ അമൃത പരാതിയിൽ പറഞ്ഞു.
ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് നമ്പി രാജേഷ് അത്യാസന്ന നിലയിലാണ് എന്ന വാർത്ത അമൃതയെ തേടിയെത്തുന്നത്. നമ്പി രാജേഷിന് അരികിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരുടെ സമരം മൂലം അമൃതയ്ക്ക് എത്താനായിരുന്നില്ല. 2 തവണ വിമാന ടിക്കറ്റ് ബുക്ക് ചെയ്തിട്ടും വിമാനം റദ്ദാക്കിയതിനാൽ അമൃതയ്ക്ക് പോകാൻ കഴിഞ്ഞില്ല. ഇതിനിടെ നമ്പി രാജേഷ് മരിക്കുകയും ചെയ്തു. പിന്നീട് മൃതദേഹം നാട്ടിലെത്തിച്ച ശേഷം ബന്ധുക്കൾ എയര്‍ ഇന്ത്യ സാറ്റ്സ് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു.