കൊച്ചി: പെരിയാറിൽ മത്സ്യങ്ങൾ ചത്തു പൊങ്ങിയ സംഭവത്തിൽ അടിയന്തിര അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ എൻ.എസ്കെ. ഉമേഷ് മലിനീകരണ നിയന്ത്രണ ബോർഡിന് നിർദേശം നൽകി. ജില്ലാ കളക്ടർ വിളിച്ചു ചേർത്ത ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അടിയന്തര യോഗത്തിലാണ് ഈ നിർദേശം.
കഴിഞ്ഞ ദിവസമാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങിയത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഇറിഗേഷന്‍, വ്യവസായ വകുപ്പ്, ആരോഗ്യ വകുപ്പ്, വാട്ടര്‍ അഥോറിറ്റി, ഫിഷറീസ് എന്നീ വകുപ്പ് പ്രതിനിധികളെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റി ഒരാഴ്ചക്കകം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും
പാതാളം റെഗുലേറ്റര്‍ ബ്രിഡ്ജിന്റെ ഷട്ടറുകള്‍ തുറന്നതിനാല്‍ ഉപ്പുവെള്ളവുമായി ചേര്‍ന്ന് ജലത്തില്‍ ഓക്സിജന്റെ അളവ് പെട്ടെന്ന് കുറഞ്ഞ സാഹചര്യത്തിലാകാം മത്സ്യങ്ങള്‍ ചത്തു പൊങ്ങാനിടയായത് എന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പ്രാഥമിക നിഗമനം.
സംഭവസ്ഥലത്തെ ജലത്തിൻ്റെയും ചത്ത മത്സ്യങ്ങളുടേയും സാംപിളുകൾ മലിനീകരണ നിയന്ത്രണ ബോർഡ് ശേഖരിച്ചിട്ടുണ്ട്. മത്സ്യസമ്പത്തിൻ്റെ നാശനഷ്ടം കണക്കാക്കി ഫിഷറീസ് ഡയറക്ടർക്ക് 3 ദിവസത്തിനകം സമർപ്പിക്കാൻ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്കും നിർദ്ദേശം നൽകി.