പ്രകൃതി സ്നേഹികൾ ആസ്വദിക്കുന്ന വനങ്ങളും ട്രക്കിങ്ങുകളും വിശ്വാസികൾക്കുള്ള തീർഥാടന കേന്ദ്രങ്ങളും എല്ലാം ചേർന്നതാണ് ഉത്തരാഖണ്ഡ് . ഇന്ത്യയിലെ തടാക നഗരം എന്നറിയപ്പെടുന്ന നൈനിറ്റാളും ഉത്തരാഖണ്ഡിനു സ്വന്തം . ഈ നാടിന്റെ ഏറ്റവും പ്രിയപ്പെട്ട സംസ്ഥാന പുഷ്പമാണ് ബ്രഹ്മകമലം . അത് ബ്രഹ്മാവിന്റെ പുഷ്പമാണ്. ഹിമാലയത്തിലെ പത്തായിരം അടി ഉയരത്തിനു മേലെയുള്ള കാലാവസ്ഥയില്‍ മഞ്ഞു പോലെ വെളുത്ത ബ്രഹ്മകമലം പൂത്തു തുടങ്ങുന്നു. ഹിമാലയത്തിന്റെ ഏറ്റവും ഉയര്‍ന്ന പ്രദേശങ്ങളില്‍ പാറകള്‍ക്കിടയില്‍ മാത്രം വളരുന്ന പുണ്യ പുഷ്പം, താമര പോലെയുള്ള വളരെ വലിയ വെളുത്ത പൂവാണ് ബ്രഹ്മകമലം.
ഹിമാലയത്തിലെ പതിനഞ്ചായിരം അടി ഉയരത്തിനപ്പുറം നീല നിറത്തിലുള്ള ബ്രഹ്മകമലങ്ങളെ കാണാമത്രെ. അതിനു പേര് നീലകമലം .അത് ശിവന്റെ പുഷ്പമാണെന്നാണ് വിശ്വാസം . ഹിമാലയത്തില്‍ ഇത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് ഹേമകുണ്ട് സാഹിബിലാണ്. സിഖുകാരുടെ പ്രശസ്തമായ ഒരു ഗുരുദ്വാര ഇവിടെയാണ്. ബദരീനാഥ ക്ഷേത്രത്തിലും, കേദാർനാഥ് ക്ഷേത്രത്തിലും പൂജായിക്കാ എടുക്കുന്ന പുഷ്പമാണ് ഈ പുഷ്പം. സസൃത്തിന് ശരാശരി ഉയരം 5-10 സെന്റീമീറ്റർ ആണ്. സൗസൂരിയ ഒബ്‌വല്ലറ്റ എന്നാണ് പുഷ്പത്തിന്റെ ശാസ്ത്രീയനാമം.ഹിമാലയത്തിലെ മലനിരകളിലും ഹിമാചൽപ്രദേശിലും ഉത്തരാഖണ്ഡിലുമാണ് ഇവ കൂടുതലായി കാണപ്പെടുന്നത്.
ഈ പുഷ്പം കാണുന്നവർക്ക് അവരുടെ ആഗ്രഹങ്ങളെല്ലാം നിറവേറ്റുന്നതായി വിശ്വസിക്കപ്പെടുന്നു. ഇതു എല്ലാ വീടുകളിലും വിടരുകയില്ല. ഏതു വീട്ടിലാണോ ഈ പുഷ്പം വിടരുന്നത് അവിടെ ഭാഗ്യവും സമൃദിയും ഉണ്ടാവും എന്നാണ് വിശ്വാസം. ബ്രഹ്മകമലത്തെ ആത്മീയ പുഷ്പമായി കണക്കാക്കപെടുന്നു. ഗണപതിയുടെ തല ശിവൻ വെട്ടിമാറ്റി പിന്നിട് ആനയുടെ തല വച്ചു ചേർക്കുന്ന സമയത്ത് ബ്രഹ്മാവ് സൃഷ്‌ടിച്ച പുഷ്പമാണെന്നാണ് ഐതിഹ്യം. ലക്ഷ്മണനെ പുനരുജ്ജിവിപ്പിച്ച സമയത്ത് സ്വർഗ്ഗത്തിൽനിന്നും ബ്രഹ്മകമലം കൊണ്ട് പുഷ്പവർഷം നടത്തി ആഘോഷിച്ചു എന്നും വിശ്വാസം ഉണ്ട്.
ഹിമാലയൻ പുഷ്പങ്ങളുടെ രാജാവായ ഈ പൂവിന് നിരവധി ഔഷധഗുണങ്ങൾ ഉണ്ട്. അസ്ഥിരോഗങ്ങൾ, തണുപ്പ്, ചുമ, ലൈംഗിക രോഗങ്ങൾ മുതലായവയെ ചികിത്സിക്കാൻ ഉപയോഗിക്കുന്നു. ഇതിന് കയ്പേറിയ രുചി ആണ് . വർഷത്തിലൊരിക്കൽ സൂര്യാസ്തമയത്തിനു ശേഷമുള്ള സമയത്താണ് ബ്രഹ്മകമലം പൂവിടുന്നത്. ഉത്തരാഖണ്ഡിൽ ബ്രഹ്മകമലം കാലം തെറ്റി പൂത്തുനിന്നത് കഴിഞ്ഞ തവണ വാർത്തായിരുന്നു . കാലാവസ്ഥയിലുണ്ടായ വ്യതിയാനമാണ് ഇതിനുള്ള പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.