യാംബു : ഹജ്ജ് കാമ്പയിൻ തട്ടിപ്പുകൾ വ്യാപകമാകുന്നതായി റിപ്പോർട്ട്. നിയമവിരുദ്ധ രീതിയിൽ ഹജ്ജ് കാമ്പയിൻ വഴി തട്ടിപ്പിനിരയായവരുടെ എണ്ണവും കൂടുന്ന സാഹചര്യത്തിൽ ഹജ്ജ് ഉംറ മന്ത്രാലയം വ്യാജ ഹജ്ജ് സ്ഥാപനങ്ങളെ കരുതിയിരിക്കാൻ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. കഴിഞ്ഞയാഴ്ച മാത്രം ആളുകളെ വഞ്ചനയിൽപെടുത്തി ഹജ്ജ് കാമ്പയിന്റെ വ്യാജ പ്രചാരണങ്ങൾ പ്രഖ്യാപിച്ച് ആളുകളെ സ്വാധീനിക്കാൻ ശ്രമിച്ച 12 പേരെയും സ്വദേശികളായ ഏതാനും പേരെയും സുരക്ഷ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.
തട്ടിപ്പ് നടത്തി ആളുകളിൽനിന്ന് പണം കൈക്കലാക്കുന്നവരിൽ ഭൂരിഭാഗവും വിദേശികളാണ്. വ്യാജ ഹജ്ജ് പ്രചാരണങ്ങളിൽ ആളുകൾ വീഴാതിരിക്കാൻ ഏറെ ജാഗ്രത വേണമെന്ന് അധികൃതർ വിവിധ സമൂഹ മാധ്യമങ്ങൾ വഴിയും പ്രാദേശിക പത്രങ്ങൾ വഴിയും നേരത്തേ നൽകിയ മുന്നറിയിപ്പ് ആവർത്തിച്ചിട്ടും പലരും വഞ്ചനയിൽപെടുന്നതായാണ് വിവിധ ഭാഗങ്ങളിലെ റിപ്പോർട്ട്.
ഹജ്ജ് നിർവഹിക്കാൻ നേരിട്ട് പണം ആവശ്യപ്പെടുന്ന ഏതൊരു പ്രചാരണവും വ്യാജമാണെന്നും ആഭ്യന്തര ഹജ്ജ് തീർഥാടകർക്കായി ഹജ്ജ് മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്ലാറ്റ് ഫോം വഴി രജിസ്ട്രേഷൻ പൂർത്തിയാക്കി മാത്രമാണ് ഹജ്ജിനുള്ള അംഗീകാരപത്രം ലഭ്യമാകുന്നത്. ആകർഷകവും ന്യായരഹിതവുമായ സംഖ്യയും സൂചിപ്പിച്ച കൊണ്ടുള്ള പരസ്യങ്ങളുമായാണ് വ്യാജ ഹജ്ജ് പ്രചാരണങ്ങൾ സജീവമാകുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും വ്യാജ കമ്പനികളുടെ വിവരങ്ങളും രാജ്യത്തിന് പുറത്തും വ്യാപകമാണ്.
ഹജ്ജ് സീസൺ അടുത്തതോടെ ഹജ്ജ് ചെയ്യാൻ ആഗ്രഹിക്കുന്ന ഏറ്റവും കൂടുതൽ ആളുകളെ ആകർഷിക്കാൻ ഹജ്ജ് പരസ്യങ്ങൾ തട്ടിപ്പു സംഘങ്ങൾ ഉപയോഗിക്കുന്നത് വ്യാപകമാണ്. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ സൗദി എംബസി അധികൃതരുടെ നിർദേശപ്രകാരം കഴിഞ്ഞ മാസം വാണിജ്യ ഹജ്ജ് വിപണനം നടത്തുന്ന 25 ലധികം വ്യാജ കമ്പനികളെയും അവരുടെ ഉദ്യോഗസ്ഥരെയും ഇറാഖ് അധികൃതരുടെ സഹായത്തോടെ അറസ്റ്റ് ചെയ്തിരുന്നു.
വ്യാജ ഹജ്ജ് പരസ്യങ്ങളുടെ വഞ്ചനയിൽ അകപ്പെടാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണമെന്നും ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ ഒദ്യോഗിക ചാനലിലൂടെ മാത്രം അതിന് ശ്രമിക്കണെമന്നും ഹജ്ജ്, ഉംറ മന്ത്രാലയ ഓഫിസിലെ ഉദ്യോഗസ്ഥനായ ഖാലിദ് അൽ ഹർബി പറഞ്ഞു. ഹജ്ജിന് അംഗീകാരപത്രം ലഭിക്കാൻ ആവശ്യമായ നടപടികളെടുക്കേണ്ടത് ഹജ്ജ് മന്ത്രാലയം നിർദേശിക്കുന്ന ഇലക്ട്രോണിക് സംവിധാനം വഴി മാത്രമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഹജ്ജുമായി ബന്ധപ്പെട്ട് വിവിധ രീതിയിലുള്ള തട്ടിപ്പുകൾ അധികൃതർ കർശനമായി നിരീക്ഷിക്കുന്നുണ്ട്.