കുവൈത്ത് സിറ്റി: പ്രവാസി തൊഴിലാളി റിക്രൂട്ട്മെന്റ് ജൂൺ ഒന്നു മുതൽ പുനരാരംഭിക്കും. ഇതിനായുള്ള നടപടികൾ ആരംഭിച്ചതായി പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തര വിപണിയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കൽ, ചെലവ് കുറക്കൽ, മനുഷ്യ കടത്ത് തടയൽ എന്നിവ ലക്ഷ്യമിട്ടാണ് നടപടി. അതോറിറ്റിയുടെ അധ്യക്ഷനും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ് അസ്സബാഹിന്റെ നേതൃത്വത്തിൽ കഴിഞ്ഞ മാസം നടന്ന യോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടിരുന്നു. തീരുമാനം ജൂൺ ആദ്യം നടപ്പാക്കുമെന്നാണ് സൂചനയെന്ന് പ്രാദേശിക മാധ്യമമായ അൽ സിയാസ റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ പൗരന്മാരുടെയും പ്രവാസികളുടെയും അനുപാതം സന്തുലിതമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി പ്രവാസി തൊഴിലാളികളെ റിക്രൂട്ട്മെന്റിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കർശന വ്യവസ്ഥകളോടെ മാത്രമാണ് നിലവിൽ റിക്രൂട്ട്മെന്റ്. എന്നാൽ, രാജ്യത്ത് ആവശ്യമായ തൊഴിലാളികൾ ഇല്ലാത്തതിനാൽ ഇത് തൊഴിലാളി ക്ഷാമത്തിന് ഇടയാക്കി. പ്രാദേശിക വിപണിയിൽ നിന്ന് പ്രവാസി തൊഴിലാളികളെ കണ്ടെത്തുന്നതിന് ചെലവും വർധിപ്പിച്ചു.
അതേസമയം, പുതിയ റിക്രൂട്ട്മെന്റിൽ ഓരോ തൊഴിലാളിക്കും വർക്ക് പെർമിറ്റിന് ആദ്യ തവണ 150 ദീനാർ ഈടാക്കും. പ്രവാസി തൊഴിലാളികള്‍ക്ക് ജോലി ചെയ്യുന്ന ആദ്യ സ്ഥാപനത്തില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുന്നതിനുമുമ്പ് ട്രാന്‍സ്ഫറിനും നിബന്ധനകളുണ്ട്. രാജ്യത്തെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താനും വിസ കടത്ത് തടയാനും തൊഴിൽ ചെലവ് കുറക്കാനും പുതിയ തീരുമാനം സഹായകരമാകുമെന്നാണ് പ്രതീക്ഷ. ഗാർഹിക വിപണി, കരാർ-നിർമാണ മേഖലകളിലെ തൊഴിലാളികളുടെ ചെലവ് കുറക്കാനും പുതിയ തീരുമാനം ലക്ഷ്യമിടുന്നു.