നഖങ്ങളിൽ നോക്കിയാൽ ആരോഗ്യത്തേക്കുറിച്ചറിയാം എന്ന് പൊതുവേ പറയാറുണ്ട്. നഖത്തിൽ കാണുന്ന നിറവ്യത്യാസങ്ങൾക്കും പാടുകൾക്കുമൊക്കെ അർബുദവുമായി ബന്ധമുണ്ട്. നഖത്തിലെ വെള്ളയോ ചുവപ്പോ നിറത്തിൽ നഖത്തിന്റെ നീളത്തോളം വരുന്ന പാടുകൾ അർബുദസാധ്യതയുടെ ലക്ഷണങ്ങളാകാം എന്നാണ് ഗവേഷകർ പറയുന്നത്. ചർമം, കണ്ണ്, വൃക്ക തുടങ്ങിയവയെ ബാധിക്കുന്ന ട്യൂമറുകൾക്കാണ് ഇത്തരം ലക്ഷണങ്ങൾ പ്രകടമാവുക എന്നും പഠനത്തിലുണ്ട്.
നഖത്തിന്റെ അസ്വാഭാവികമായ ഈ മാറ്റങ്ങളുൾപ്പെട്ട ഒനികോപാപ്പിലോമ എന്ന ട്യൂമർ സാധ്യതയേക്കുറിച്ചാണ് ഗവേഷകർ വ്യക്തമാക്കിയത്. നിറവ്യത്യാസത്തിനു പുറമെ നഖത്തിന്റെ കട്ടി, നഖത്തിന്റെ അഗ്രഭാഗം കട്ടിയായി വരിക തുടങ്ങിയവയൊക്കെ ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങൾ പലപ്പോഴും BAP1 എന്ന ജീനിനുണ്ടാകുന്ന വ്യതിയാനം മൂലമുള്ള കാൻസറുകളിലേക്ക് നയിക്കാമെന്നാണ് ഗവേഷകർ പറയുന്നത്.
ജാമാ ഡെർമറ്റോളജി ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത്തരം ലക്ഷണങ്ങൾ പൊതുവേ ഒരു നഖത്തെ മാത്രമാണ് ബാധിക്കുകയെന്നും പഠനത്തിലുണ്ട്. എന്നിരുന്നാലും പഠനത്തിൽ പങ്കെടുത്ത BAP1ജനിതക തകരാറുണ്ടായ 47 പേരിൽ 88 ശതമാനം പേരിലും ഒനികോപാപിലോമ ട്യൂമറുകൾ ഒന്നിലധികം നഖങ്ങളിൽ കാണപ്പെടുകയും ചെയ്തു.
മെലനോമ(ചർമത്തെ ബാധിക്കുന്ന അർബുദം), BAP1 സംബന്ധമയ തകരാറുകൾ എന്നിവയുള്ളവരിൽ നഖങ്ങളുടെ സ്ക്രീനിങ് നടത്തി വിദഗ്ധ പരിശോധന നടത്തുന്നത് ഗുണം ചെയ്യുമെന്നും ഗവേഷകർ പറയുന്നു.
നഖങ്ങളിലെ നിറവ്യത്യാസവും കാൻസർ സാധ്യതയും സംബന്ധിച്ച് യു.എസിൽ നിന്നുള്ള ചർമരോഗവിദഗ്ധയായ ഡോ. ലിൻഡ്സേ സുബ്രിസ്കിയും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. നഖൽ കുത്തനെ നിറവ്യത്യാസത്തിനുളള പാടുകൾ മെലനോമയുടെ ലക്ഷണമാകാം എന്നാണ് അവർ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കുന്നത്. ഇത് സാധാരണമല്ലെന്നും നിസ്സാരമാക്കി വിടുന്നത് സാഹചര്യം സങ്കീർണമാക്കാമെന്നും ലിൻഡ്സേ പറയുന്നുണ്ട്.
അതേസമയം നഖത്തിലെ എല്ലാപാടുകളും പ്രശ്നക്കാരല്ലെന്നും ലിൻഡ്സേ പറയുന്നുണ്ട്. എന്നാൽ നഖത്തിൽ കുത്തനെ കാണപ്പെടുന്ന രേഖകൾ നിസ്സാരമാക്കരുതെന്നും അത് സബംഗ്വൽ മെലനോമ ആകാമെന്നും ലിൻഡ്സേ കൂട്ടിച്ചേർക്കുന്നു.
വാതിലിനിടയിൽ വിരൽ കുടുങ്ങുകയോ മറ്റെവിടെയെങ്കിലും ഇടിച്ച് ആഘാതമേൽക്കുകയോ ചെയ്യുമ്പോഴുണ്ടാകുന്ന സബംഗ്വൽ ഹെമറ്റോമ എന്ന അവസ്ഥ പ്രശ്നമല്ലെന്നും ലിൻഡ്സേ പറയുന്നുണ്ട്. ഇത് നഖം വളരുന്നതിന് അനുസരിച്ച് തനിയേ മാറും.
സബംഗ്വൽ മെലനോമ ലക്ഷണങ്ങൾ
- പ്രത്യക്ഷമായ മുറിവുകളില്ലാതെ നഖത്തിൽ കാണപ്പെടുന്ന കറുപ്പോ, തവിട്ടു നിറത്തിലോ ഉള്ള വരകൾ
- കാലക്രമേണ വളരുന്ന നഖത്തിലെ വരകൾ
- നഖം വളരുന്നതിനൊപ്പം ഭേദമാകാത്ത നഖത്തിലെ ചതവ്
- നഖത്തിന്റെ ചുറ്റുമുള്ള ഭാഗം ഇരുണ്ടുവരുക
- നഖത്തിൽ കാണപ്പെടുന്ന രക്തസ്രാവം
- കട്ടികുറഞ്ഞതോ, പൊട്ടിപ്പോകുന്നതോ, രൂപവ്യത്യാസം സംഭവിച്ചതോ ആയ നഖങ്ങളുടടെ പ്രതലം