Features

ചിരിപ്പിച്ച് ചിരിപ്പിച്ച് കരയിച്ച ബഹദൂർ ..

നടൻ ബഹാദൂർ ഓർമ്മയായിട്ട് 23 വർഷം പിന്നിട്ടിരിക്കുന്നു. ലളിതമായ അഭിനയശൈലി കൊണ്ട് പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ ബഹദൂര്‍, അനേകം വ്യത്യസ്ത വേഷങ്ങളിലൂടെ അരനൂറ്റാണ്ടുകാലത്തോളം മലയാള സിനിമയില്‍ നിറഞ്ഞുനിന്നു.
ഹാസ്യനടനായും സ്വഭാവനടനായും വെള്ളിത്തിരയിൽ പി കെ കുഞ്ഞാലു എന്ന ബഹദൂർ നിറഞ്ഞാടിയപ്പോൾ മലയാളികൾക്ക് സ്വന്തം വീട്ടിലെയൊരാളെന്ന പോലെയായി മാറി ആ മുഖം.
കോമഡി വേഷങ്ങളും സീരിയസ് കഥാപാത്രങ്ങളും ഒരുപോലെ മികച്ചതാക്കി. 1960-70 കാലഘട്ടത്തിൽ അടൂർ ഭാസിയുമായി ചേർന്ന് ഒരു ഹാസ്യ ജോടി തന്നെ മലയാള സിനിമയിൽ സൃഷ്ടിച്ചു.
നാടക നടനായി തുടക്കം.പിന്നീട് സിനിമയിലേക്ക്. നടനെന്ന നിലയില്‍ നിരന്തരം സ്വയം നവീകരിച്ച് ബഹദൂര്‍ അഭിനയത്തെ എന്നും നെഞ്ചോട് ചേര്‍ത്തു.

തൃശ്ശൂരിനടുത്തുള്ള കൊടുങ്ങല്ലൂരിൽ 1930 – ൽ പി.കെ.കുഞ്ഞാലു എന്ന പേരിലാണ് ബഹദൂർ ജനിച്ചത് . പടിയത്ത് ബ്ലാങ്ങച്ചാലിൽ കൊച്ചുമൊയ്തീൻ്റെയും ഖദീജയുടെയും ഒമ്പത് മക്കളിൽ ഒരാൾ . ഏഴ് സഹോദരിമാരുടെ ഒരേയൊരു ആങ്ങള . പത്താംക്ലാസ് ഒന്നാം ക്ലാസോടെ പാസായ ബഹദൂർ ഇൻ്റർമീഡിയറ്റിനായി കോഴിക്കോട് ഫറോക്ക് കോളേജിൽ ചേർന്നു.
സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പഠിത്തം നിർത്തേണ്ടി വന്ന ബഹദൂർ ആദ്യം ജീവിത മാർഗ്ഗത്തിനു വേണ്ടി ബസ് കണ്ടക്ടർ ആയി ജോലി ചെയ്തു. പിന്നീട് മലയാള ചലചിത്രകാരനും നടനുമായ തിക്കുറിശ്ശിയെ ഒരു ബന്ധു വഴി കണ്ടുമുട്ടുകയും സിനിമയിലേക്ക് എത്തിച്ചേരുകയുമായിരുന്നു. തിക്കുറിശ്ശിയാണ് അദ്ദേഹത്തിന് ബഹദൂർ എന്ന പേര് നൽകിയത് .

ഒരു ചെറിയ വേഷത്തിൽ ആദ്യ സിനിമയായ അവകാശിയിൽ (1954) അഭിനയിച്ചു. അക്കാലത്ത് ആകാശവാണിയിൽ നാടകങ്ങളിലും അദ്ദേഹം ശബ്ദം കൊടുത്തിരുന്നു. പിന്നീട് പാടാത്ത പൈങ്കിളി എന്ന ചിത്രത്തിലാണ് ശ്രദ്ധേയമായ വേഷം ലഭിച്ചത്.നായര് പിടിച്ച പുലിവാല്‍, ഉമ്മ, ഉണ്ണിയാര്‍ച്ച, പുതിയ ആകാശം പുതിയ ഭൂമി ,യക്ഷി തുടങ്ങിയ ചിത്രങ്ങളിലൂടെ ബഹദൂര്‍ മലയാളത്തിലെ മുന്‍നിര ഹാസ്യനടന്മാരില്‍ ഒരാളായി. അരനൂറ്റാണ്ടുകാലത്തോളം മലയാള സിനിമയില്‍ നിറഞ്ഞുനിന്ന ബഹദൂര്‍ രണ്ട് തവണ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരവും ഒരുതവണ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്‌കാരവും നേടി. ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കർ ആണ് ബഹദൂറിന്റെ അവസാന ചിത്രം. ലോകത്തോട് വിടവാങ്ങി 23 വര്‍ഷം കഴിഞ്ഞെങ്കിലും ബഹദൂറിന്റെ കഥാപാത്രങ്ങള്‍ പ്രേക്ഷക ഹൃദയങ്ങളില്‍ ഇന്നുമുണ്ട് ,ചിരിയായും, കണ്ണീരായും .