മസ്കത്ത്: ഒമാനിൽ ഡ്രോൺ ഓപ്പറേറ്റർമാർക്ക് സി.എ.എ അംഗീകൃത പരിശീലന സർട്ടിഫിക്കറ്റ് നിർബന്ധം. അൺ മാൻഡ് എയർക്രാഫ്റ്റ് സിസ്റ്റത്തിലും(യുഎഎസ്)-വാണിജ്യ -ഗവൺമെന്റ് പദ്ധതികളിലും ഏർപ്പെട്ടിരിക്കുന്ന ഡ്രോൺ ഓപ്പറേറ്റർമാർക്കാണ് പരിശീലനം നിർബന്ധമാക്കിയത്. നിയമം 2024 ഡിസംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. വ്യോമയാന സുരക്ഷയുടെ ഉയർന്ന നിലവാരം ഉയർത്തിപ്പിടിക്കുന്നതിനും അപകടസാധ്യതകൾ ലഘൂകരിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനം. 2024 ഡിസംബർ ഒന്നിന് ശേഷം സമർപ്പിക്കുന്ന യുഎഎസ് പ്രവർത്തനങ്ങൾക്കായുള്ള അപേക്ഷകൾ സിഎഎ അംഗീകരിച്ച പരിശീലന ഓർഗനൈസേഷൻ നൽകുന്ന സാധുവായ പരിശീലന സർട്ടിഫിക്കറ്റ് സമർപ്പിക്കാതെ പരിഗണിക്കില്ല.
സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) 1412/2023 പ്രകാരം ചില പ്രത്യേക തരത്തിലുള്ളതൊഴികെയുള്ള ഡ്രോൺ പ്രവർത്തനം നിയന്ത്രിക്കുകയാണ്. ഭാരം 250 ഗ്രാമും പരമാവധി ഉയരം നിലത്തു നിന്ന് 100 മീറ്ററും കവിയാത്ത കളിപ്പാട്ട ഡ്രോണുകൾ ഇൻഡോറായി ഉപയോഗിക്കാൻ ലൈസൻസ് ആവശ്യമില്ല. എന്നാൽ അവയിൽ ഡാറ്റാ സെൻസറുകളോ ഫോട്ടോഗ്രാഫിക് ഉപകരണങ്ങളോ ഉണ്ടാകാൻ പാടില്ല. ഡ്രോൺ ഉപയോഗം വഴി ആളുകൾക്കോ അവരുടെ സ്വത്തിനോ അപകടമില്ലെന്ന് ലൈസൻസ് നേടിയയാൾ ഉറപ്പുവരുത്തണം.