ന്യൂഡല്‍ഹി: സിഎസ്‌ഐആര്‍ യുജിസി നെറ്റ് പരീക്ഷയ്ക്കായി ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനുമുള്ള അവസാന തീയതി നീട്ടി. മെയ് 27ന് രാത്രി 11.50 വരെയാണ് നീട്ടിയത്. നേരത്തെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയതി ഇന്നലെയായിരുന്നു. മെയ് 23 ആയിരുന്നു ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി.
യുപിഐ, ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ് എന്നിവ വഴി പരീക്ഷാര്‍ത്ഥികള്‍ക്ക് ഫീസ് അടയ്ക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് (എന്‍ടിഎ) പരീക്ഷ നടത്തുന്നത്. മെയ് 25 മുതല്‍ 27 വരെയായിരുന്നു അപേക്ഷയില്‍ തെറ്റ് തിരുത്താനുള്ള അവസരം.
ഇതും നീട്ടിയിട്ടുണ്ട്. മെയ് 29 മുതല്‍ 31 വരെ തെറ്റ് തിരുത്താന്‍ കഴിയുന്ന വിധമാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. ജൂണ്‍ 25 മുതല്‍ 27 വരെയാണ് പരീക്ഷ. കൂടുതല്‍ വിവരങ്ങള്‍ എന്‍ടിഎയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.