വിദേശത്ത് ലിംഗനിർണ്ണയ പരിശോധന നടത്തിയതിന് ശേഷം തൻ്റെ ഗർഭസ്ഥ ശിശുവിൻ്റെ ലിംഗഭേദം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് പ്രശസ്ത തമിഴ് യൂട്യൂബർക്കെതിരെ നടപടി. ചെന്നൈയിൽ താമസിക്കുന്ന ഇർഫാൻ താനും ഭാര്യയും ദുബായിൽ പോയി ലിംഗ നിർണയം നടത്തിയ വീഡിയോ പങ്കുവെക്കുകയുണ്ടായി.
യൂട്യൂബിൽ 4.29 മില്യൺ ഫോളോവേഴ്‌സുള്ള ഫുഡ് വ്ലോഗറാണ് ഇർഫാൻ . ഒരു വീഡിയോയിൽ കുട്ടിയുടെ ലിംഗഭേദം നിർണയിക്കുന്ന പരിശോധനയുടെ ദൃശ്യങ്ങൾ സഹിതമാണ് വീഡിയോ ചാനലിൽ ഇട്ടത്.
ജെൻഡർ വെളിപ്പെടുത്തൽ വീഡിയോയ്ക്ക് ഏകദേശം 2 ദശലക്ഷം വ്യൂസ് ലഭിച്ചു .
ഗർഭസ്ഥ ശിശുവിൻ്റെ ലിംഗഭേദം വെളിപ്പെടുത്തുന്നത് ഇന്ത്യയിൽ നിയമവിരുദ്ധവും PCPNDT ആക്ട് (പ്രീ കൺസെപ്ഷൻ & പ്രീ നേറ്റൽ ഡയഗ്നോസ്റ്റിക് ടെക്നിക്സ് ആക്ട്) പ്രകാരം ശിക്ഷാർഹവുമാണ്. ലിംഗാധിഷ്ഠിത ഗർഭഛിദ്രം തടയുന്നതിനും ഗർഭസ്ഥ ശിശുക്കളുടെ സുരക്ഷിതത്വവും അവകാശങ്ങളും ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ നിയമം. പെൺഭ്രൂണഹത്യ തടയുന്നതിനും ഇന്ത്യയിൽ കുറഞ്ഞുവരുന്ന ലിംഗാനുപാതം പരിഹരിക്കുന്നതിനുമായിട്ടാണ് നിയമം നിലവിൽ വന്നത്. നിയമനടപടി സ്വീകരിക്കുന്നതിനായി എൻഫോഴ്‌സ്‌മെൻ്റ് ഓഫീസർ ഇർഫാന് നോട്ടീസ് അയച്ചു . വീഡിയോ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് പോലീസിൻ്റെ സൈബർ വിഭാഗത്തിന് കത്തയക്കുകയും ചെയ്തു താൻ വീഡിയോ എടുത്തുകളഞ്ഞെന്നും നോട്ടീസ് ലഭിച്ചാലുടൻ മറുപടി നൽകുമെന്നും യൂട്യൂബർ സംഭവത്തിൽ പ്രതികരിച്ചു.