തിരുവനന്തപുരം: വിദ്യാലയങ്ങള്‍ തുറക്കുന്നതുള്‍പ്പെടെ യാത്രാ തിരക്കേറിയ വേളയില്‍ പ്രത്യേക തീവണ്ടി സര്‍വീസുകള്‍ റദ്ദാക്കാനുള്ള റെയില്‍വേയുടെ തീരുമാനം പിന്‍വലിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. തിരക്ക് കുറയ്ക്കാന്‍ തുടങ്ങിയ സര്‍വീസുകള്‍ ഏറ്റവും തിരക്കേറുന്ന സമയത്ത് നിര്‍ത്തലാക്കുന്നത് യാത്രക്കാരോടുള്ള വെല്ലുവിളിയാണ്.
ശനിയാഴ്ചകളില്‍ ഓടുന്ന മംഗളൂരു-കോയമ്പത്തൂര്‍-മംഗളൂരു പ്രതിവാര വണ്ടി (06041/06042) ജൂണ്‍ എട്ടുമുതല്‍ 29 വരെയുള്ള സര്‍വീസ് നിര്‍ത്തിയത് യാത്രാ ക്ലേശം രൂക്ഷമാക്കും. മംഗളൂരു-കോട്ടയം-മംഗളുരു റൂട്ടിലെ പ്രത്യേക തീവണ്ടി (06075/06076) ഏപ്രില്‍ 20 മുതല്‍ ജൂണ്‍ ഒന്നുവരെ (ശനിയാഴ്ചകളില്‍) സര്‍വീസ് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഏപ്രില്‍ 20 ന് മാത്രം സര്‍വീസ് നടത്തിയ ശേഷം നിര്‍ത്തിയിരിക്കുകയാണ്.
യാത്രാ തിരക്കേറുന്ന വെള്ളി, ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായിരുന്നു പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ചിരുന്നത്. ഇത് പൊടുന്നനെ തിര്ത്തുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. നടത്തിപ്പ്, സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍വീസ് നിര്‍ത്തുന്നത് പരിഹാസ്യമാണ്. അധ്യയന വര്‍ഷാരംഭത്തിലെ തിരക്ക് പരിഗണിച്ച് പ്രത്യേക തീവണ്ടി സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് റോയ് അറയ്ക്കല്‍ ആവശ്യപ്പെട്ടു.