Kerala

സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ 52 ദിവസം ട്രോളിംഗ് നിരോധനം: മന്ത്രി സജി ചെറിയാന്‍

ട്രോളിങ് നിരോധനം നടപ്പാക്കുന്നതിനായി ജില്ലാ കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയൻ നേതാക്കളുടെയും യോഗം വിളിച്ചുകൂട്ടി ജില്ലാതല തീരുമാനങ്ങൾ കൈക്കൊള്ളണം

സംസ്ഥാനത്തെ ഈ വർഷത്തെ ട്രോളിങ് നിരോധനം ജൂൺ 9 അർധരാത്രി 12 മണി മുതൽ ജൂലൈ 31 അർധരാത്രി 12 മണി വരെ 52 ദിവസമായിരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.

മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയൻ നേതാക്കന്മാർ, ജില്ലാ കളക്ടർമാർ, ജില്ലാ പൊലീസ് സൂപ്രണ്ടുമാർ, കോസ്റ്റൽ പൊലീസ് മേധാവി, മറൈൻ എൻഫോഴ്സ്മെന്റ്, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, ഇന്ത്യൻ നേവി, ഫിഷറീസ്, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ എന്നിവരുമായി നടത്തിയ യോഗത്തിലാണ് തീരുമാനം.

ട്രോളിങ് നിരോധന കാലയളവിൽ ട്രോളിംഗ് ബോട്ടില്‍ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷൻ വിതരണം ഊർജ്ജിതമാക്കുമെന്ന് ഫിഷറീസ് മന്ത്രി യോഗത്തിൽ ഉറപ്പു നൽകി. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകള്‍ മെയ് 15 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

ട്രോളിങ് നിരോധനം നടപ്പാക്കുന്നതിനായി ജില്ലാ കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയൻ നേതാക്കളുടെയും യോഗം വിളിച്ചുകൂട്ടി ജില്ലാതല തീരുമാനങ്ങൾ കൈക്കൊള്ളണം. അന്യസംസ്ഥാന ബോട്ടുകൾ ട്രോളിങ് നിരോധനം തുടങ്ങുന്നതിനു മുമ്പ് കേരളതീരം വിട്ടുപോകുന്നതിന് ബന്ധപ്പെട്ട തീരദേശ ജില്ലാ കളക്ടർമാർ നിർദ്ദേശം നൽകണമെന്നും മന്ത്രി അറിയിച്ചു.

കൊല്ലം ജില്ലയിലെ നീണ്ടകര ഹാർബർ ട്രോളിങ് നിരോധന കാലഘട്ടത്തിൽ ഇൻബോർഡ് വള്ളങ്ങൾ ഒഴികെയുള്ള പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് തുറന്നുകൊടുത്തിരുന്നു. അത് ഈ വർഷവും തുടരാൻ നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് ഹാർബറുകളിലും ലാന്റിംഗ് സെന്ററുകളിലും പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകൾ അടച്ചുപൂട്ടാൻ നിർദ്ദേശം നൽകണം. എന്നാൽ ഇൻബോർഡ് വള്ളങ്ങൾക്ക് ഡീസൽ ലഭ്യമാക്കാൻ അതത് ജില്ലകളിലെ മത്സ്യ ഫെഡിന്റെ തെരഞ്ഞെടുത്ത ഡീസൽ ബങ്കുകൾ നിബന്ധനകൾക്ക് വിധേയമായി പ്രവർത്തിക്കാൻ അനുവദിക്കണം.

കടൽ സുരക്ഷയുടെയും, തീര സുരക്ഷയുടെയും ഭാഗമായി കടലിൽ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികൾക്കും ബയോമെട്രിക് ഐ.ഡി. കാർഡ്/ആധാർ കാർഡ്, ലൈഫ് ജാക്കറ്റ് എന്നിവ കരുതിയിട്ടുണ്ട് എന്ന് ഉറപ്പാക്കണം. ഏകീകൃത കളർ കോഡിംഗ് നടത്തിയിട്ടില്ലാത്ത ബോട്ടുകൾ ട്രോളിംഗ് നിരോധന കാലയളവിൽ തന്നെ അടിയന്തിരമായി കളർ കോഡിംഗ് നടത്തണമെന്നും യോഗം തീരുമാനിച്ചു.

മറൈൻ എൻഫോഴ്സ്‌മെന്റിന്റെ പ്രവർത്തനങ്ങൾക്ക് ട്രോളിങ് നിരോധന കാലയളവിൽ കൂടുതൽ പൊലീസുകാരുടെ സേവനം ആവശ്യമായി വന്നാൽ ജില്ലാ ഫിഷറീസ് ഓഫീസർമാർ ആവശ്യപ്പെടുന്ന മുറയ്ക്ക് അനുവദിക്കാൻ അതത് ജില്ലാ പൊലീസ് മേധാവികൾ നടപടി സ്വീകരിക്കണം. ജൂൺ ഒമ്പതിന് വൈകുന്നേരത്തോടെ ട്രോളിംഗ് ബോട്ടുകൾ എല്ലാം കടലിൽ നിന്നും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിട്ടുണ്ടെന്ന് മറൈൻ എൻഫോഴ്സുമെന്റും കോസ്റ്റൽ പോലീസും ഉറപ്പാക്കണം. ട്രോളിങ് നിരോധനം ലംഘിയ്ക്കുന്ന ട്രോൾ ബോട്ടുകൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു.

ട്രോളിങ് നിരോധന കാലയളവിൽ ഇൻബോർഡ് വളളങ്ങളോടൊപ്പം ഒരു കാരിയർ വളളം മാത്രമേ അനുവദിക്കൂ. നിരോധന കാലയളവിൽ കടലിൽ രക്ഷാപ്രവർത്തനങ്ങൾ വേണ്ടിവരുമ്പോൾ ഫിഷറീസ് വകുഷ് മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റൽ പൊലീസ് എന്നിവ ഏകോപനത്തോടെ പ്രവർത്തിക്കണം. അടിയന്തിര സാഹചര്യത്തിൽ രക്ഷാപ്രവർത്തനം നടത്താൻ ഇന്ത്യൻ നേവി, ഇന്ത്യൻ കോസ്റ്റ് ഗാർഡ് എന്നിവർ സജ്ജമായിരിക്കണമെന്നും യോഗം നിർദേശിച്ചു.
കാലാവസ്ഥാ വ്യതിയാനം മൂലം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുപ്പിവിക്കുന്ന മത്സ്യബന്ധന നിരോധനത്തോട്‌ മത്സ്യത്തൊഴിലാളികള്‍ പൂര്‍ണമായും സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.