തിരുവനന്തപുരം : ജി വി രാജ സ്‌പോട്‌സ് സ്‌കൂളിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടികളെ കായിക വകുപ്പ് മന്ത്രി വി അബ്‌ദുറഹിമാൻ അനുമോദിച്ചു. 4 മിടുക്കികളും 3 മിടുക്കന്മാരുമാണ് ഈ നേട്ടം സ്വന്തമാക്കിയത്. 9 വിഷയത്തിൽ എ പ്ലസ് നേടിയ രണ്ടുപേരുണ്ട്. കഴിഞ്ഞ 9 വർഷത്തിനിടെ ആദ്യമായാണ് മുഴുവൻ വിഷയത്തിലും എ പ്ലസ് എന്ന നേട്ടം സ്‌കൂളിന് കൈവരുന്നത്. ഇത്തവണ ജില്ലാ, സംസ്ഥാനതല സ്‌കൂൾ മത്സരങ്ങളിലും ജി വി രാജ മികച്ച പ്രകടനമാണ് കാഴ്‌ചവെച്ചത്. കായികപരിശീലനത്തിനൊപ്പം അക്കാദമികരംഗത്തും മോശക്കാരല്ലെന്ന് ഈ കുട്ടികൾ തെളിയിച്ചിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
എൽഡിഎഫ് സർക്കാരിനു കീഴിൽ ജി വി രാജ സ്‌പോട്‌സ് സ്‌കൂളിൽ നടത്തിയ പരിഷ്‌ക്കരണ നടപടികളുടെ ഫലമാണ് ഈ നേട്ടങ്ങൾ. ജി വി രാജ സ്‌പോട്‌സ് സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതായിരുന്നു ആദ്യപടി. അതിനായി 30 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളും മറ്റും നടപ്പാക്കി. ഫുട്‌ബോൾ ഗ്രൗണ്ട്, സിന്തറ്റിക് ട്രാക്ക്, ഹോക്കി ടർഫ്, ഫിറ്റ്‌നസ് സെന്റർ, വോളിബോൾ, ബാസ്‌ക്കറ്റബോൾ കോർട്ടുകൾ എന്നിവ സജ്ജമാക്കി.
അക്കാദമികരംഗത്ത് പിന്നോക്കമാണെന്ന പരാതി പരിഹരിക്കുകയായിരുന്നു അടുത്തത്. അതിനായി കുട്ടികൾക്ക് മെച്ചപ്പെട്ട പഠനസൗകര്യങ്ങളും ഹൈടെക് ക്ലാസ്‌മുറികളും ഒരുക്കി. മികച്ച അദ്ധ്യാപകരെ ലഭ്യമാക്കി. കായിക പരിശീലനവും മത്സരങ്ങളും കാരണം കുട്ടികൾക്ക് നിരവധി ക്ലാസുകൾ നഷ്‌ടമായിരുന്നു. നഷ്‌ടമായ ക്ലാസുകളുടെ കുറവ് നികത്താൻ ഈവനിങ്ങ് ക്ലാസുകൾ നടത്തി. വളരെ ആത്മാർത്ഥമായി പ്രവർത്തിച്ച അദ്ധ്യാപകരുടെ സേവനം പ്രത്യേകം എടുത്തുപറയണം. ഹോസ്‌റ്റലിലെ വാർഡന്മാരെ നിയമിക്കുന്നതിന് ബിഎഡ് യോഗ്യത നിർബന്ധമാക്കി. അവർ കുട്ടികൾക്ക് പാഠങ്ങൾ പറഞ്ഞുകൊുടുക്കുകയും പഠനത്തിൽ സഹായിക്കുകയും ചെയ്‌തു. ഇതു വലിയ മാറ്റമുണ്ടാക്കി. പരാതിയില്ലാതെ ഏറ്റവും നല്ല ഭക്ഷണം നൽകുന്ന തരത്തിൽ മെസ് പ്രവർത്തിക്കുന്നു.
കൂടുതൽ വികസന പ്രവർത്തനങ്ങൾക്ക് ജി വി രാജ ഒരുങ്ങുകയാണ്. പുതുതായി സ്‌കൂളിന് ലഭ്യമായ ഭൂമിയിൽ ഹോസ്‌റ്റലും കളിക്കളങ്ങളും ഒരുക്കുകയാണ്. ഫുട്‌ബോൾ പരിശീലനത്തിന് ലോകോത്തര ക്ലബായ എ സി മിലാനുമായി സഹകരിക്കുന്നു. മറ്റിനങ്ങളിലും മികച്ച പരിശീലകരെ ലഭ്യമാക്കും. കളിയും ഒപ്പം പഠനവും കൂടുതൽ നിലവാരത്തോടെ മുന്നോട്ടു കൊണ്ടുപോകും. സ്‌പോട്‌സ് സ്‌കൂളിന് അടുത്ത വർഷം മുതൽ പ്രത്യേക സിലബസ് ആരംഭിക്കാനുള്ള നടപടികളും സ്വീകരിച്ചു വരുന്നു. ജി വി രാജയെ രാജ്യത്തെ ഏറ്റവും മികച്ച സ്‌പോട്‌സ് സ്‌കൂളാക്കുന്നതിനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ കായിക ഡയറകട്‌ർ വിഷ്‌ണുരാജ് ഐ എ എസ് അദ്ധ്യക്ഷനായിരുന്നു.