ന്യൂഡൽഹി: മുൻ പ്രൊമോട്ടർ കലാനിധി മാരൻ, കെഎഎൽ എയർവേയ്സ് എന്നിവർ 450 കോടി റീഫണ്ട് നൽകണമെന്ന് സ്പൈസ് ജെറ്റ്. സ്പൈസ് ജെറ്റിന് അനുകൂലമായി ഡൽഹി ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് വിധി പുറപ്പെടുവിച്ച് ദിവസങ്ങൾക്ക് ശേഷണ് കമ്പനിയുടെ ആവശ്യം.
സ്പൈസ് ജെറ്റ് കേസിൽ ഉടമ അജയ് സിങ്ങിന് അനുകൂലമായുള്ള ഡൽഹി ഹൈക്കോടതി വിധി വന്നതിനെ തുടർന്ന് കമ്പനിയുടെ ഓഹരികളിൽ മുന്നേറ്റം ഉണ്ടായിരുന്നു. മുൻ ഉടമ കലാനിധി മാരന് പലിശ സഹിതം 579 കോടി രൂപ തിരികെ നൽകാൻ സ്പൈസ് ജെറ്റിനോടും അജയ് സിംഗിനോടും നിർദ്ദേശിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ആണ് ഡൽഹി ഹൈക്കോടതി റദ്ദാക്കിയത്.
2015ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടാകുന്നത്. 2015 ഫെബ്രുവരിയിൽ കലാനാധി മാരന്റെ ഉടമസ്ഥതയിലുള്ള കെഎഎൽ എയർവേയ്സ് തങ്ങളുടെ 58.46 ശതമാനം ഓഹരികളും എയർലൈനിന്റെ സ്ഥാപകനായ അജയ് സിങ്ങിന് കൈമാറി. അന്ന് ഏകദേശം 1500 കോടി രൂപ വരുന്ന കടബാധ്യതകളും സിങ് ഏറ്റെടുത്തു.
കരാർ പ്രകാരം 679 കോടി രൂപ തങ്ങൾ നൽകിയതായി കലാനിധി മാരൻ അവകാശപ്പെട്ടിരുന്നു. ഈ ഓഹരി അനുവദിക്കാത്തതിനാൽ 1323 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് മാരൻ അവകാശപ്പെടുന്നത്. ഈ വാദം ആർബിട്രേഷൻ പാനൽ തള്ളിക്കളഞ്ഞിരുന്നു. ഈ കേസിലാണ് ഇപ്പോൾ ഡൽഹി ഹൈക്കോടതി സ്പൈസ് ജെറ്റിന് അനുകൂലമായി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.