തിരുവനന്തപുരം : ഐടി പാർക്കുകളിൽ മദ്യം വിതരണം ചെയ്യുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾക്ക് നിയമസഭാ സമിതിയുടെ അംഗീകാരം. പ്രതിപക്ഷത്തിന്റെ എതിർപ്പ് മറികടന്നാണ് സർക്കാരിന്റെ നീക്കം. അംഗീകാരം ലഭിച്ചതോടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ച ശേഷം മദ്യ വിതരണത്തിനുള്ള നടപടികളും ആരംഭിക്കും.
മദ്യശാലകൾക്ക് ലൈസൻസ് നൽകുന്നതിന് ചില പുതിയ നിർദേശങ്ങളും സബ്ജക്ട് കമ്മിറ്റി മുന്നോട്ട് വച്ചിട്ടുണ്ട്. എക്സൈസ്–നിയമവകുപ്പുകൾ ചർച്ച നടത്തിയ ശേഷമാകും പ്രത്യേക ചട്ടങ്ങൾ പുറത്തിറങ്ങുന്നത്. മദ്യം വിതരണം ചെയ്യുന്നതിനായി ഐ ടി പാർക്കുകൾക്ക് എഫ്എൽ 4 സി ലൈസൻസ് നൽകും. ഇതിന്റെ ഫീസ് 20 ലക്ഷം ഈടാക്കാനാണ് ആലോചന. രാവിലെ 11 മുതൽ രാത്രി 11 വരെയാണ് മദ്യശാലകളുടെ പ്രവർത്തന സമയം. ഐ ടി പാർക്ക് നേരിട്ടോ , പ്രമോട്ടർ പറയുന്ന കമ്പനിക്കോ നടത്തിപ്പ് അവകാശവും നൽകും.
ഈ വർഷത്തോടെ എടി പാർക്കുകളിൽ പബ്ബുകൾ ആരംഭിക്കും. ജീവനക്കാർ ജോലി സമയത്ത് മദ്യപിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ കമ്പനിക്കാരാണ് തീരുമാനം എടുക്കേണ്ടത്. പുറത്ത് നിന്നും വരുന്നവർക്ക് മദ്യം വിതരണം ചെയ്യില്ല. ഐടി കമ്പനികളുടെ അതിഥികൾക്കും മദ്യം നൽകും.