Kerala

ഐടി പാർക്കുകളിൽ മദ്യം ഈ വർഷം തന്നെ, സർക്കാർ നിർദേശങ്ങൾക്ക് നിയമസഭാ സമിതിയുടെ അംഗീകാരം

രാവിലെ 11 മുതൽ രാത്രി 11 വരെയാണ് മദ്യശാലകളുടെ പ്രവർത്തന സമയം

തിരുവനന്തപുരം : ഐടി പാർക്കുകളിൽ മദ്യം വിതരണം ചെയ്യുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾക്ക് നിയമസഭാ സമിതിയുടെ അം​ഗീകാരം. പ്രതിപക്ഷത്തിന്റെ എതിർപ്പ് മറികടന്നാണ് സർക്കാരിന്റെ നീക്കം. അം​ഗീകാരം ലഭിച്ചതോടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ച ശേഷം മദ്യ വിതരണത്തിനുള്ള നടപടികളും ആരംഭിക്കും.

മദ്യശാലകൾക്ക് ലൈസൻസ് നൽകുന്നതിന് ചില പുതിയ നിർദേശങ്ങളും സബ്ജക്ട് കമ്മിറ്റി മുന്നോട്ട് വച്ചിട്ടുണ്ട്. എക്സൈസ്–നിയമവകുപ്പുകൾ ചർച്ച നടത്തിയ ശേഷമാകും പ്രത്യേക ചട്ടങ്ങൾ പുറത്തിറങ്ങുന്നത്. മദ്യം വിതരണം ചെയ്യുന്നതിനായി ഐ ടി പാർക്കുകൾക്ക് എഫ്എൽ 4 സി ലൈസൻസ് നൽകും. ഇതിന്റെ ഫീസ് 20 ലക്ഷം ഈടാക്കാനാണ് ആലോചന. രാവിലെ 11 മുതൽ രാത്രി 11 വരെയാണ് മദ്യശാലകളുടെ പ്രവർത്തന സമയം. ഐ ടി പാർക്ക് നേരിട്ടോ , പ്രമോട്ടർ പറയുന്ന കമ്പനിക്കോ നടത്തിപ്പ് അവകാശവും നൽകും.

ഈ വർഷത്തോടെ എടി പാർക്കുകളിൽ പബ്ബുകൾ ആരംഭിക്കും. ജീവനക്കാർ ജോലി സമയത്ത് മദ്യപിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ കമ്പനിക്കാരാണ് തീരുമാനം എടുക്കേണ്ടത്. പുറത്ത് നിന്നും വരുന്നവർക്ക് മദ്യം വിതരണം ചെയ്യില്ല. ഐടി കമ്പനികളുടെ അതിഥികൾക്കും മദ്യം നൽകും.