സിഡ്‌കോ മുന്‍ സെയില്‍സ് മാനേജരും ടോട്ടല്‍ 4 യു തട്ടിപ്പ് കേസ്സിലെ പ്രതിയുമായ ചന്ദ്രമതിയമ്മയെ ഉദ്യോഗ കാലയളവില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസ്സില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ശിക്ഷ വിധിച്ചു. മൂന്നു വര്‍ഷം തടവും 29 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. 1-1-2005 മുതല്‍ 21-11-2008 വരെ സിഡികോ സെയില്‍സ് മാനേജരായിരുന്ന ചന്ദ്രമതിയമ്മ ഈ കാലയളവില്‍ വരവിനേക്കാള്‍ കൂടുതല്‍സ്വത്ത് അനധികൃതമായി സമ്പാദിച്ചതിന് തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം നല്‍കിയ കേസിലാണ് വിധി വന്നിരിക്കുന്നത്.
തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ മുന്‍ പോലീസ് സൂപ്രണ്ട് സി.പി. ഗോപകുമാര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ മുന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍മാരായിരുന്ന റെജി ജേക്കബ്, അജിത് കുമാര്‍, അശോകന്‍, എസ്.എസ്. സുരേഷ്‌കുമാര്‍ എന്നിവര്‍ അന്വേ,ണം നടത്തി മുന്‍ പോലീസ് സൂപ്രണ്ട് വി.എന്‍ ശശിധരന്‍ കുറ്റപത്രം സമര്‍പ്പിച്ച കേസ്സിലാണ് പ്രതിയായ ചന്ദ്രമതിയമ്മ കുറ്റക്കാരിയാണെന്ന് വിജിലന്‍സ് കോടതി കണ്ടെത്തിയത്.
പ്രോസിക്യൂഷനു വേണ്ടി വിജിലന്‍സ് പബ്ലിക് പ്രോസിക്യൂട്ടര്‍ എ.ആര്‍. രഞ്ജിത് കുമാര്‍ ഹാജരായി. പൊതു ജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന മൊബൈല്‍ നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ടി.കെ. വിനോദ് കുമാര്‍ അറിയിച്ചു.
















