Celebrities

രണ്‍ബീറിനോടൊപ്പം ഉള്ളത് ഭ്രാന്തമായ അവസ്ഥ; അത്ഭുതപ്പെടുത്തിയത് സഞ്ജയ് ലീല ബൻസാലി : അദിതി

ബോളിവുഡിലും തെന്നിന്ത്യയിരും ഒരു പോലെ തിളങ്ങി നില്‍ക്കുന്ന നായികയാണ് അദിതി റാവു ഹൈദരി. മലയാളത്തില്‍ അഭിനയിച്ച സൂഫിയും സുജാതയും ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു. എന്നാല്‍ താരം ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറയുന്നത് നടന്‍ സിദ്ധാര്‍ത്ഥുമായി ഡേറ്റിംഗില്‍ ആയതിന് ശേഷമാണ്. അടുത്തിടെ രണ്ട് പേരുടെയും വിവാഹ നിശ്ചയം നടക്കുകയും ചെയ്തിരുന്നു.അടുത്തിടെ സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത് ഒടിടിയില്‍ റിലീസായ ഹീരാമണ്ഡി എന്ന സീരീസാണ് അദിതിയുടെ ഏറ്റവും പുതിയ വിശേഷം. വജ്രവ്യാപാരവുമായി ബന്ധപ്പെട്ട് ചെയ്ത സീരീസ് എല്ലാ സഞ്ജയ് ലീല ബന്‍സാലി ചിത്രങ്ങളിലെ സെറ്റും വസ്ത്രങ്ങളും ചര്‍ച്ച ചെയ്യുന്നതു പോലെ തന്നെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ഇപ്പോഴിതാ ഓണ്‍ സ്‌ക്രീനില്‍ രണ്‍ബീര്‍ കപൂറും രണ്‍വീര്‍ സിംഗുമായും സ്‌ക്രീന്‍ സ്‌പേസ് പങ്കുവെച്ചതിനെക്കുറിച്ച് പങ്കുവെക്കുകയാണ് അദിതിറാവു ഹൈദരി. ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇരുവര്‍ക്കൊപ്പവും അഭിനയിച്ച അനുഭവം നടി പങ്കുവെച്ചത്. മണിരത്‌നത്തിന്റെ ഒരു പ്രണയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം നേരെ ചെന്നത് സഞ്ജയ് ലീല ബന്‍സാലിയുടെ സെറ്റിലേക്കാണ്. അവിടെ എത്തിയപ്പോള്‍ അത്ഭുതപ്പെട്ടു പോയി. ഇതെന്ത് ലോകമാണ് എന്നാണ് തോന്നിയത്. അവിശ്വസനീയമായിരുന്നു സെറ്റ് എന്നും അദിതി റാവു ഹൈദരി പറഞ്ഞു.

രണ്‍വീര്‍ സിംഗിനൊപ്പമായിരുന്നു അദിതി ആദ്യം അഭിനയിച്ച സഞ്ജയ് ലീല ബന്‍സാലി ചിത്രം. പദ്മാവതിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. രണ്‍വര്‍ തന്നെ നോക്കിയിട്ട്്, അദു, നീ ഒരു സ്വപ്‌നലോകത്താണ് ഇപ്പോഴുള്ളത് എന്നത് ശരിയല്ലേ എന്നാണ് രണ്‍വീര്‍ തന്നോട് പറഞ്ഞതെന്ന് അദിതി ഓര്‍ത്തെടുക്കുന്നു.സഞ്ജയ് ലീല ബന്‍സാലിക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ തനിക്ക് ഒത്തിരി ഇഷ്ടമാണെന്നും ഇടയില്‍ അദിതി പറഞ്ഞു. ‘ എനിക്ക് സഞ്ജയ് സാറിനെ ഇഷ്ടമാണ്. അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യാന്‍ ഇഷ്ടമാണ്. നമുക്ക് വര്‍ക്ക് ചെയ്യാന്‍ അദ്ദേഹം ഉണ്ടാക്കുന്ന സെറ്റ് ശരിക്കും അവിശ്വസനീയമായ ഒന്നായിരിക്കും. അത് മാത്രമല്ല, അദ്ദേഹത്തിന്റെ നടീനടന്മാരെയും കഥാപാത്രങ്ങളെയും അദ്ദേഹത്തിന് ഒത്തിരി ഇഷ്ടമായിരിക്കും,’ അദിതി റാവു ഹൈദരി പറഞ്ഞു.

അദ്ദേഹം ചെയ്യുന്നതെല്ലാം അത്രയും പാഷന്റെ പുറത്തും സ്‌നേഹത്തിന്റെ പുറത്തുമാണ്. അത് വളരെ പ്രചോദനം തരുന്നതും കാണാന്‍ വളരെ അത്ഭുതമുള്ളതുമാണ്. എല്ലാവരും സംസാരിക്കുന്നത് എങ്ങനെയാണ് അദ്ദേഹം തന്റെ കഥാപാത്രങ്ങളെ വെല്ലുവിളിക്കുന്നത് എന്നാണ്. പക്ഷെ സിനിമയിലെ ആ ഒരു മാജിക് കിട്ടായി അദ്ദേഹം അദ്ദേഹത്തെ തന്നെയാണ് യഥാര്‍ത്ഥത്തില്‍ വെല്ലുവിളിക്കുന്നതെന്നും അദിതി പറഞ്ഞു. അഭിമുഖത്തില്‍ അദിതിയോട് രണ്‍ബീര്‍ കപൂറിനൊപ്പം അഭിനയിച്ചതിനെക്കുറിച്ചും ചോദ്യമുയര്‍ന്നിരുന്നു. രണ്‍ബീറിനൊപ്പം അഭിനയിക്കുകയെന്നാല്‍ അത് ഭ്രാന്തമായ ഒരു അനുഭവമാണെന്നാണ് അദിതി പറഞ്ഞത്. റോക്ക്‌സ്റ്റാറിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. അദ്ദേഹം അവിശ്വസനീയമാം വിധം അഭിനയിക്കുന്ന ഒരു നടനാണ്. എന്റെ ഏറ്റവും പ്രിയപ്പെട്ട അഭിനേതാക്കളില്‍ ഒരാളുമാണ് അദ്ദേഹം. അദ്ദേഹം വളരെ പ്രസന്റ് ആണ്. മാത്രമല്ല അദ്ദേഹം നിങ്ങളെ എന്തിനും കണ്‍വീന്‍സ് ചെയ്യിക്കുമെന്നും അദിതി പറഞ്ഞു.