തിരുവനന്തപുരം: സിഎസ്ഐ സൗത്ത് കേരള ഇടവകയുടെ ഭരണത്തെ ചൊല്ലി പാളയം സിഎസ്ഐ ദേവാലയത്തിൽ സംഘർഷം. ബിഷപ്പിന്റെ ചുമതല വഹിക്കുന്ന വൈദികനെ ഒരു വിഭാഗം ദേവാലയത്തിൽ നിന്ന് ഇറക്കി വിട്ടു.
പിരിച്ചുവിടപ്പെട്ട അഡ്മിനിസ്ട്രേറ്റീവ് സമിതി സെക്രട്ടറി ടി.ടി.പ്രവീണിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം വിശ്വാസികളാണ് ബിഷപ്പിനെ ഇറക്കിവിട്ടത്. ഫാ. മനോജ് റോയിസ് വിക്ടറിനെ ഇറക്കിവിട്ടതിനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം എത്തി. ഇതോടെ വിശ്വാസികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി.
പഴയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ പിരിച്ചുവിട്ടു പുതിയ ബിഷപ്പിന് ചുമതല നൽകിയിരുന്നു. ഇതിനെതിരെ പഴയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി സുപ്രീംകോടതിയിൽ പോയി അനുകൂല വിധി വാങ്ങി. ഈ വിധിയുമായി എത്തി വ്യാഴാഴ്ച ഓഫീസിനകത്തേക്ക് കയറാൻ ശ്രമിച്ചപ്പോഴാണ് പ്രതിഷേധം ഉണ്ടായത്. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്.
സുപ്രീംകോടതി വിധിയുമായി എത്തിയ വിഭാഗത്തെ അകത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് ബിഷപ്പിനെ അനുകൂലിക്കുന്നവർ. മുൻ ബിഷപ്പായിരുന്ന ധർമ്മരാജ് റസാലത്തിനെതിരെയും പ്രതിഷേധം കനക്കുകയാണ്.
അതേസമയം, അനുകൂല വിധി ഉണ്ടെന്ന അവകാശവുമായി പഴയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രംഗത്തെത്തി. എന്നാൽ അങ്ങനെ ഒരു വിധിയില്ലെന്ന നിലപാടിലാണ് പുതിയ ബിഷപ്പിനെ അനുകൂലിക്കുന്നവർ.
മഹായിടവകയിൽ തിരഞ്ഞെടുപ്പ് നടത്തുന്നതിനായുള്ള നടപടികൾക്ക് മാത്രമാണ് സുപ്രീംകോടതി സ്റ്റാറ്റസ്കോ പ്രഖ്യാപിച്ചതെന്നും ഭരണച്ചുമതല നിർവഹണവുമായി ബന്ധപ്പെട്ട് ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും മറുവിഭാഗം ചൂണ്ടിക്കാട്ടുന്നു. പുതിയ ബിഷപ്പിന് പിന്തുണ പ്രഖ്യാപിച്ച ഇവർ, ബിഷപ്പിനെ സ്ഥലത്തുനിന്ന് പോകാൻ അനുവദിച്ചിട്ടില്ല. സഭാ ആസ്ഥാനത്തു കടന്നുകയറി അധികാരം പിടിച്ചെടുത്ത ടി.ടി.പ്രവീൺ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. സ്ഥലത്ത് വൻ പൊലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്.