കാൻ ഫിലിം ഫെസ്റ്റിവലിൽ പലസ്തീൻ ഐക്യദാർഢ്യവുമായി കനി കുസൃതി. പാതിമുറിച്ച തണ്ണിമത്തന്റെ രൂപത്തിലുള്ള ലുള്ള വാനിറ്റി ബാഗുമായാണ് കനി റെഡ് കാർപ്പെറ്റിലെത്തിയത്. യുദ്ധമുഖത്ത് പൊരുതുന്ന പലസ്തീൻ ജനതയ്‌ക്കൊപ്പമെന്ന് പ്രഖ്യാപിക്കാൻ ഉപയോഗിക്കുന്ന അതിശക്തമായ ചിഹ്നമാണ് തണ്ണിമത്തൻ. ഗാസയിൽ ഇസ്രായേൽ വംശഹത്യ തുടരുന്ന സാഹചര്യത്തിൽ ഒരു ആഗോള വേദിയിൽ മലയാളിയായ കനി കുസൃതി പലസ്തീന് ഐക്യദാർഢ്യവുമായി എത്തുന്നുവെന്നത് മലയാളി നായികമാർ എവിടെയെന്ന ചോദ്യത്തിനുള്ള മറുപടിയാണെന്നാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച.താൻ പ്രധാന കഥാപാത്രമായെത്തുന്ന ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ എന്ന സിനിമയുടെ പ്രദർശനത്തിന്റെ ഭാഗമായാണ് കനി കാനിലെത്തുന്നത്. 30 വർഷത്തിനുശേഷം കാൻ ചലച്ചിത്രോത്സവത്തിലെ മത്സരവിഭാഗത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ സിനിമയെന്ന പ്രത്യേകതയും ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റി’നുണ്ട്. ‘പാം ദിയോർ’ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന സിനിമയിൽ കനിക്കൊപ്പം ദിവ്യപ്രഭയും പ്രധാന വേഷത്തിലെത്തുന്നു.ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ മുബൈയിലെത്തുന്ന രണ്ട് മലയാളി നഴ്സുമാരുടെ കഥ പറയുന്ന ചിത്രമാണ്. പായൽ കപാഡിയെന്ന മികച്ച സംവിധായകയെ ലോകം തിരിച്ചറിഞ്ഞ ചിത്രം കൂടിയാണിത്.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെയായ നഴ്സ്മാരെയാണ് കനി കുസൃതിയും ദിവ്യ പ്രഭയും അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ ഛായ കദം, ഹൃധു ഹാറൂൺ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാരീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലക്സ്ബോക്സിന്റെ ബാനറിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.പായൽ കപാഡിയ ചെയ്ത ‘എ നൈറ്റ് ഓഫ് നോയിങ് നത്തിങ്’ എന്ന ഡോക്യുമെന്ററി 2021ലെ കാൻ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുകയും ‘ഗോൾഡൻ ഐ’ പുരസ്‌കാരം ലഭിക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലെ സർവകലാശാല വിദ്യാർത്ഥികളുടെ ജീവിതം അവതരിപ്പിക്കുന്ന ഡോക്യൂമെന്ററിയാണ് ‘എ നൈറ്റ് ഓഫ് നോയിങ് നത്തിങ്’.’ഡയറക്‌ടേഴ്‌സ് ഫോർട്ട്നൈറ്റ്’ എന്ന വിഭാഗത്തിലാണ് ഈ ഡോക്യുമെന്ററി പ്രദർശിപ്പിക്കപ്പെട്ടത്. ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പഠിച്ചിറങ്ങിയ പായൽ കപാഡിയയുടെ ആദ്യ സിനിമ 2014 ൽ പുറത്തിറങ്ങിയ ‘വാട്ടർ മിലൺ, ഫിഷ് ആൻഡ് ഹാഫ് ഗോസ്റ്റായിരുന്നു.